മാതാപിതാക്കള്‍ മക്കളെ സ്‌നേഹിച്ചാല്‍ പോര, സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുക.
- കുട്ടികളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക.
- കുട്ടികള്‍ സംസാരിക്കുമ്പോള്‍ ക്ഷമാപൂര്‍വം കേള്‍ക്കാന്‍ തയ്യാറാവുക.കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനും അവരെ ഉമ്മവെക്കാനും സമയം കണ്ടെത്തുക.
- കുട്ടികളുടെ ചെറിയ നേട്ടങ്ങളെ പോലും അഭിനന്ദിക്കുക.
- പറ്റില്ല, പാടില്ല, ചെയ്യരുത്, ഇല്ല തുടങ്ങിയ വാക്കുകള്‍ക്ക് പകരം അതെ, നിന്നെ ഇഷ്ടമാണ്, ഇങ്ങനെ ചെയ്യാം, ഇതല്ലേ നല്ലത് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
- തെറ്റുകള്‍ കണ്ടെത്തി തിരുത്തുന്നതിന് പകരം ശരികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക.
- ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പരിശീലിപ്പിക്കുക. നല്ല ശീലങ്ങള്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുക. ശകാരങ്ങളും ശിക്ഷകളും പരമാവധി ഒഴിവാക്കുക.
- പഠന പിന്നോക്കാവസ്ഥയാണെങ്കില്‍ കുട്ടിയെ ശകാരിക്കുന്നതിന് മുമ്പ് അധ്യാപകരുമായി ബന്ധപ്പെട്ട് ശരിയായ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക.
ക്ലാസ്സ് ടീച്ചറുമായി നിരന്തരബന്ധം പുലര്‍ത്തുക.
സ്‌കൂളിനെക്കുറിച്ചും അധ്യാപകരെ കുറിച്ചും കുട്ടികളുടെ മുമ്പില്‍ വെച്ച് മോശമായി സംസാരിക്കാതിരിക്കുക. മാതാപിതാക്കള്‍ അധ്യാപകരെ ബഹുമാനിക്കുമ്പോള്‍ മാത്രമേ കുട്ടികളും ബഹുമാനിക്കുകയുള്ളൂ.
കുട്ടികളില്‍ പരസ്പര സഹകരണവും നിസ്വാര്‍ഥതയും സഹായ മനഃസ്ഥിതിയും വളര്‍ത്തുന്നതിന് കുട്ടികളെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പ്രായത്തിനനുസരിച്ച് പങ്കാളിയാക്കുക. അവരുടെ ഭക്ഷണങ്ങള്‍ സ്‌കൂളില്‍ സുഹൃത്തുക്കള്‍ക്കും ഇല്ലാത്തവര്‍ക്കും ഷെയര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക.
വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചുലക്ഷത്തോളം കുട്ടികള്‍ പുതുതായി സ്‌കൂളിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ 50 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നവരുമ ുണ്ട്. ഓരോ വര്‍ഷവും വിവിധ മാറ്റങ്ങള്‍കൊണ്ട് സങ്കീര്‍ണമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നത് ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങള്‍.
ഏതു സിലബസ് പഠിക്കണം
കുട്ടിയെ പഠിപ്പിക്കാന്‍ ഏതു സിലബസ്സാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് എപ്പോഴും രക്ഷിതാക്കളെ കുഴക്കുന്ന പ്രശ്‌നമാണ്. സി.ബി.എസ്.ഇയാണോ ഐ.സി.എസ്.സിയാണോ അതല്ല സ്റ്റേറ്റ് സിലബസ്സാണോ നല്ലതെന്ന് പലപ്പോഴും രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്. ഏതു വിദ്യാലയമാണ് നല്ലത് എന്ന ചോദ്യത്തേക്കാള്‍ എന്താണ് നല്ല വിദ്യാഭ്യാസമെന്ന് ആദ്യം മനസ്സിലാക്കണം. പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്നല്ല, കുട്ടിയുടെ സമഗ്രവ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടിയില്‍ ഉറങ്ങിക്കിടക്കുന്ന വാസനകളെ, കഴിവുകളെ ഉണര്‍ത്തി, വളര്‍ത്തി കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന് ഉടമയാക്കുക, കുട്ടിയുടെ അഭിരുചിക്കിണങ്ങിയ മികച്ച ജോലിയിലേക്ക് അവരെ എത്തിക്കുക എന്നതാണ് പ്രധാനം. ഏത് സിലബസിന്റെയും ലക്ഷ്യം ഇതുതന്നെയാണ്. അതുകൊണ്ട് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്‌കൂളിലെ അധ്യാപകരുടെ മേന്മ തന്നെയാണ് ഏറ്റവും പ്രധാനം. മികച്ച അധ്യാപകരുള്ള സ്‌കൂളുകള്‍ ഏതു സിലബസ് പിന്തുടര്‍ന്നാലും കുട്ടിയെ ഉന്നതങ്ങളിലേക്ക് എത്തിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏതു സിലബസ് എന്നതിനേക്കാള്‍ നല്ല അധ്യാപകരും ഭൗതിക സൗകര്യവും പ്രവര്‍ത്തന മികവുമുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
പഠനവും തലച്ചോറും
ശരീര ശാസ്ത്ര പ്രകാരം തലച്ചോറാണ് പഠനത്തിന്റെ കേന്ദ്രം. തലച്ചോറിലെ കോശങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധത്തിലൂടെയാണ് പുതിയ പഠനങ്ങള്‍ നല്‍കുന്നത്. തലച്ചോറിന്റെ ഈ കഴിവാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ശീലങ്ങള്‍ ചെറുപ്പത്തിലേ കുട്ടികളില്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. തലച്ചോറിന്റെ എണ്‍പത് ശതമാനം വരെ വെള്ളമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതില്‍ വെള്ളത്തിന് പ്രധാന പങ്കുണ്ട്. വെള്ളത്തിന്റെ കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. ഏകദേശം എട്ട് മുതല്‍ പന്ത്രണ്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. സ്‌കൂളില്‍ പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുട്ടികളുടെ കൈയില്‍ കൊടുത്തുവിടുകയും ഇടവേളകളില്‍ അത് കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തുകയും വേണം. വീട്ടില്‍ പഠനമുറിയില്‍ വെള്ളം കരുതിവെക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. പഠനപ്രവര്ത്തനങ്ങള്ക്കിടയ ില് വെള്ളം കുടിക്കുന്നത് കുട്ടികളുടെ ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഭക്ഷണം
പൊതുവെ നമ്മുടെ കുട്ടികള്‍ അവഗണിക്കുന്ന ഭക്ഷണമാണ് പ്രാതല്‍. തലച്ചോറിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും പ്രധാനം പ്രാതലിനാണ്. രാവിലെ രാജാവിനെപോലെ കഴിക്കണമെന്നും രാത്രി യാചകനെപോലെ കഴിക്കണമെന്നുമുള്ള മലയാളികള്‍ക്കിടയിലുള്ള ചൊല്ലിനെ വൈദ്യശാസ്ത്രം ശരിവെക്കുന്നു. രാവിലെ നമ്മുടെ കുട്ടികള്‍ ഭക്ഷണത്തോട് താല്‍പര്യം കാണിക്കാത്തതിന് കാരണങ്ങള്‍ പലതാണ്. എഴുന്നേറ്റാല്‍ ഉടനെ ബേക്കറി സാധനങ്ങള്‍ കഴിക്കുന്ന ശീലം, വൈകി എഴുന്നേല്ക്കുന്നതുമൂലമുള് ള സമയക്കുറവ്, ക്ഷമയോടും സ്‌നേഹത്തോടെയും ഭക്ഷണം കൊടുക്കാന്‍ രക്ഷിതാക്കളുടെ തിരക്കുകള്‍ അനുവദിക്കാത്തത് എന്നിവ പ്രഭാത ഭക്ഷണം കുട്ടികള്‍ ശരിയായ രീതിയില്‍ കഴിക്കാതിരിക്കുന്നതിന് കാരണമാകുന്നു. സ്ഥിരമായി പ്രഭാത ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് പഠന നിലവാരത്തിലും സ്വഭാവത്തിലും മികച്ചവരാണെന്നുള്ള പഠനങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ഉറക്കം
തലച്ചോറ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വിശ്രമം ആവശ്യമാണ്. ഉറക്കത്തിലാണ് വേണ്ടത്ര വിശ്രമം ലഭിക്കുന്നത്. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ എട്ട്,പത്ത് മണിക്കൂറും ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഏഴ്, എട്ട് മണിക്കൂറും ഉറങ്ങേണ്ടതുണ്ട്. കുട്ടികള്‍ ശരിയായ രീതിയില്‍ ഉറങ്ങുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഉറക്കം കുറയുന്നത് പഠനപ്രവര്‍ത്തനങ്ങളെയും ഓര്‍മശക്തിയെയും ബാധിക്കും.
വെളിച്ചം
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ല വെളിച്ചം ആവശ്യമാണ്. അതിനാല്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥലത്ത് ശരിയായ രീതിയില്‍ വെളിച്ചമുണ്ടെന്ന് ഉറപ്പ് വരുത്തുക. തുടര്‍ച്ചയായി പഠിക്കുന്നതല്ല, ഇടവേളകള്‍ കൊടുത്ത് വ്യത്യസ്ത വിഷയങ്ങള്‍ ഇടകലര്‍ത്തി പഠിക്കുന്നതാണ് അഭികാമ്യം. പഠന സ്ഥലത്ത് കുട്ടിയുടെ ശ്രദ്ധ തെറ്റിക്കുന്ന ഒന്നുമില്ലാതെ സുഖകരമായ ഇരിപ്പിടങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. പഠനമുറി വായുസഞ്ചാരമുള്ളതായിരിക്കുക എന്നത് പ്രധാനമാണ്.
സ്‌നേഹവും പരിഗണനയും
കുട്ടികളുടെ വളര്‍ച്ചയില്‍ സ്‌നേഹവും പരിഗണനയും ശരിയായ രീതിയില്‍ കിട്ടേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളുണ്ടാക്കുന്ന പല വികൃതികളും സ്‌നേഹവും പരിഗണനയും ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ്. കുട്ടികളെ മാതാപിതാക്കള്‍ പരിഗണിക്കുന്നുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ക്ക് ബോധ്യമാവണം. കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്നതിലൂടെയും അവരോടൊപ്പം കളിക്കുന്നതിലൂടെയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുമൊക്കെയാ ണ് ഇത് പ്രകടമാക്കേണ്ടത്. കുട്ടികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുന്നതിലൂടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരില്‍ തെറ്റായ ശീലങ്ങള്‍ വളര്‍ത്തുന്നു. അവര്‍ക്ക് ആവശ്യമുള്ളതേ നല്‍കാവൂ. അവരുടെ വാശികള്‍ക്ക് നിന്നുകൊടുക്കാതെ എന്തു കൊണ്ട് ഇല്ല എന്നത് അവരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. വാശിപിടിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചുകൊടുക്കുന്നത് ഭാവിയില്‍ വാശിപിടിച്ചാല്‍ എന്തും നേടിയെടുക്കാം എന്നുള്ള തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാവും.
സ്വയം പര്യാപ്തരാക്കുക
സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതോട് കൂടി കാര്യങ്ങള്‍ സ്വയം ചെയ്യുന്നതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കിത്തുടങ്ങണം. പാഠപുസ്തകങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, അടുക്കും ചിട്ടയോടും സാധനങ്ങള്‍ എടുത്തുവെക്കുക, വൃത്തിയായി വസ്ത്രങ്ങള്‍ ധരിക്കുക, ബെഡ്‌റൂം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടിയെ കൊണ്ട് സ്വന്തമായി പരിശീലിപ്പിക്കേണ്ടതാണ്. ഓരോ ദിവസവും ചെയ്യേണ്ട പഠനപ്രവര്‍ത്തനങ്ങള്‍ ആ ദിവസം തന്നെ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാറ്റിവെക്കലുകള്‍ കുട്ടികളില്‍ അമിതഭാരം ഉണ്ടാക്കി പഠന പിന്നോക്കാവസ്ഥക്ക് കാരണമാവുകയും ചെയ്‌തേക്കാം.
ശരികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
എപ്പോഴും കുട്ടികളിലെ തെറ്റുകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുന്നത് ആത്മവിശ്വാസം കുറയുന്നതിനും വികല വ്യക്തിത്വ രൂപീകരണത്തിനും കാരണമാകും. ചെറിയ തെറ്റുകള്‍ക്കുപോലും മൃഗീയമായി ശിക്ഷിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ അരക്ഷിതരും കുറ്റവാസനയുള്ളവരുമാക്കിത്ത ീര്ക്കുകയാണ് ചെയ്യുന്നത്. സ്‌നേഹത്തിന്റെയും പരിഗണനയുടെയും ഭാഷയാണ് കുട്ടികളില്‍ നല്ല ശീലം വളര്‍ത്താന്‍ ഉപകരിക്കുക.
കുട്ടിയെ മനസ്സിലാക്കുക
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ കഴിവുകള്‍, പഠിച്ചെടുക്കാനുള്ള മികവ്, പഠന നിലവാരം എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു . അതുകൊണ്ട് തന്നെ ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താതമ്യപ്പെടുത്തുന്നത് വ്യര്‍ഥമാണ്. മൂത്ത കുട്ടിയെ ഇളയ കുട്ടിയുമായോ ക്ലാസിലെ മറ്റു കുട്ടികളുമായോ താരതമ്യപ്പെടുത്തുന്നത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നതിന് കാരണമാകുന്നു. ചില കുട്ടികള്‍ ജന്മനാ തന്നെ കാര്യങ്ങള്‍ വേഗം മനസ്സിലാക്കുന്നതിനും ഭാഷാനൈപുണ്യങ്ങള്‍ കരസ്ഥമാക്കുന്നതിനും കഴിവുള്ളവരാകാം. ഇത്തരം കുട്ടികളുമായി ഇതില്‍ മികവുകുറഞ്ഞ കുട്ടികളെ താരതമ്യം ചെയ്തു സംസാരിക്കുന്നത് കുട്ടികളെ അപകര്‍ഷതാ ബോധത്തിലേക്ക് തള്ളിവിട്ടേക്കാം. ഇതു പിന്നീടുള്ള ജീവിതത്തില്‍ പലതരത്തിലുമുള്ള വികല വ്യക്തിത്വത്തിനും ഇടയാക്കും. പഠനകാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ശരിയായ രീതിയില്‍ ക്ഷമയോടെ അവരെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. 20 മുതല്‍ 30 ശതമാനം കുട്ടികള്‍ക്ക് പഠനവൈകല്യങ്ങള്‍ തന്നെയുണ്ടാകാം. ചില അക്ഷരങ്ങള്‍ എഴുതാനുള്ള പ്രയാസം, വാക്കുകള്‍ ഉച്ചരിക്കാനുള്ള പ്രയാസം, ഗണിതത്തിലുള്ള പ്രയാസം എന്നിങ്ങനെ പലരൂപത്തിലുള്ള പഠന പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കണ്ടുവരാറുണ്ട്. ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. അത്തരം കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്തുന്നത് അവരോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ വിദഗ്‌ധോപദേശങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
പഠന രീതികള്‍
ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമാകാം. കുട്ടികുടെ പഠനരീതി ജന്മനാലുള്ളതാണ്. അത് മാറ്റാന്‍ ശ്രമിക്കുന്നത് പലപ്പോഴും കുട്ടികളില്‍ വിപരീത ഫലമുണ്ടാക്കും. മൂന്നുതരത്തിലുള്ള പഠിതാക്കളെ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞര്‍ പരിചയപ്പെടുത്തുന്നു. ശബ്ദത്തില്‍ പ്രാധാന്യം കൊടുക്കുന്നവര്‍ - ഇവര്‍ ഉച്ചത്തില്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാഴ്ചക്കു പ്രാധാന്യം കൊടുക്കുന്നവര്‍ - ഇവര്‍ മൗനമായി വായിക്കാന്‍ ഇഷ്ടപ്പെടുന്നവരും കൂടുതല്‍ ഇമേജിന് പ്രാധാന്യം നല്‍കുന്നവരുമാണ്. ശാരീരിക ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍- ഇവര്‍ ചലനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും അനുഭവിച്ച് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. ഇവ മൂന്നും മിശ്രിതമായിട്ടുള്ള കുട്ടികളും കാണാം. ഇവ മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ രീതി പിന്തുടരുന്നതിന് അവരെ സഹായിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
സ്‌കൂളുമായുള്ള ബന്ധം
പഠിക്കുന്ന വിദ്യാലയവുമായി രക്ഷിതാക്കള്‍ നിരന്തര ബന്ധം പുലര്‍ത്തേണ്ടതാണ്. പി.ടി.എ മീറ്റിംഗുകളില്‍ മാത്രം പങ്കെടുക്കുന്നത് കൊണ്ട് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. ക്ലാസ്ടീച്ചറിനോട് വിവരങ്ങള്‍ ആരായുകയും ഏതുതരത്തിലുള്ള പിന്തുണയാണ് കുട്ടിക്ക് വീട്ടില്‍ നിന്ന് നല്‍കേണ്ടതെന്നും രക്ഷിതാക്കള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം കുട്ടിയുടെ സുഹൃത്തുക്കളാരൊക്കെയാണെന്ന ും അവരുടെ സ്വഭാവങ്ങളെന്താണെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കിയിരിക്കണം. കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളുണ്ടാവുക എന്നതും ഏറെ പ്രധാനമാണ്.
ടി.വി, കമ്പ്യൂട്ടര്‍
സ്ഥിരമായി മണിക്കൂറുകളോളം ടി.വിയുടെ മുമ്പില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് ഏകാഗ്രതയും ഓര്‍മശക്തിയും കുറവാണെന്നത് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്ഥിരമായി ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുമ്പില്‍ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് ചലനങ്ങള്‍ കുറയുന്നതിനാല്‍ അവരുടെ വളര്‍ച്ചയെയും ബാധിക്കുന്നു.
കുട്ടികള്‍ ചെറുപ്രായത്തില്‍ മറ്റു കുട്ടികളോടൊത്ത് വിവിധതരം കളികളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. അത്തരം കളികള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നു. മണിക്കൂറുകളോളം ടി.വിയുടെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും മുമ്പില്‍ തളച്ചിടപ്പെടുന്ന കുട്ടികളില്‍ ശാരീരിക മാനസിക വൈകല്യങ്ങളും പഠന പിന്നോക്കാവസ്ഥയും ഉണ്ടാകാന്‍ ഇടയാകുന്നു. ടി.വി കമ്പ്യൂട്ടര്‍ എന്നിവ നിയന്ത്രിതമായ രീതിയില്‍ മാത്രം കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഗൃഹാന്തരീക്ഷം
കുട്ടികളുടെ വളര്‍ച്ചയില്‍ ഗൃഹാന്തരീക്ഷത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. പ്രശ്‌നക്കാരായ കുട്ടികള്‍ സ്വര്‍ഗത്തില്‍ നിന്നോ നരകത്തില്‍ നിന്നോ പൊട്ടിവീഴുന്നവരല്ല, അവരെ അവരുടെ മാതാപിതാക്കള്‍ അങ്ങനെയാക്കിത്തീര്ക്കുകയാ ണെന്ന ആലീസ് മില്ലറെന്ന പ്രശസ്ത മനഃശാസ്ത്രജ്ഞയുടെ വാക്കുകള്‍ ഏറെ ചിന്തോദ്വീപകമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, അനാവശ്യമായ ശകാരങ്ങള്‍, നിരന്തരമായ കുറ്റപ്പെടുത്തലുകള്‍, താരതമ്യപ്പെടുത്തി സംസാരിക്കല്‍ ഇതൊക്കെ കുട്ടിയുടെ വ്യക്തിത്വത്തില്‍ താളപ്പിഴ ഉണ്ടാക്കും. മാതാപിതാക്കള്‍ തമ്മില്‍ പരസ്പര വിട്ടുവീഴ്ചയും സഹകരണവുമുണ്ടാക്കി വീടെപ്പോഴും സന്തോഷഭരിതമാക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന എല്ലാ സ്വഭാവങ്ങളും സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാണിച്ചു കൊടുക്കേണ്ടതാണ്. —
ലേഖനം ഗ്രൂപ്പിൽ ചേർത്തത്
No comments:
Post a Comment