Thursday, 13 March 2014

കുട്ടികളിലെ അമിതവണ്ണം


കുട്ടികളിലെ അമിതവണ്ണം ആഗോളതലത്തില്‍ത്തന്നെ വളരെ ഗൌരവമുള്ള വിഷയമായി പരിഗണിച്ചുവരികയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകമാതൃകയിലേക്കുയര്‍ന്ന കേരളത്തിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാല്യം മാറുംമുമ്പേ പ്രമേഹം, ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം എന്നിങ്ങനെ സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ കുട്ടികളെ ബാധിക്കുന്നതിന്റെ പിന്നില്‍ പൊണ്ണത്തടിയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



എന്തുകൊണ്ട് അമിതവണ്ണം?

രക്ഷിതാക്കളിലുണ്ടാകുന്ന ചില വികലമായ സമീപനങ്ങളുടെയും മറ്റു ഭൌതികസാഹചര്യങ്ങളുടെയും ഫലമാണ് കുട്ടികളിലെ അമിതവണ്ണം. ഉണ്ണിയായാല്‍ ഉരുണ്ടിരിക്കണമെന്നാണ് പൊതുവെ കേരളീയരുടെ ധാരണ. അതിനുവേണ്ടി എന്തു വില കൊടുക്കാനും നമ്മള്‍ തയ്യാറാണ്. വാവയുടെ വണ്ണം കൂട്ടാന്‍ എത്രയെത്ര ടിന്‍ഫുഡുകളാണ് മാറിമാറിപ്പരീക്ഷിക്കുന്നത്. ഒടുവില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരഭാരവും പേറി വാവ മുട്ടിലിഴയുന്നു. അതോടെ അറുതിയില്ലാത്ത രോഗങ്ങളുടെ ആക്രമണവും തുടങ്ങുകയായി.
കുട്ടികളിലെ ആഹാരശീലം നമ്മള്‍ ഉണ്ടാക്കുന്നതാണ്. ഉപ്പും കൊഴുപ്പും മധുരവുമടങ്ങിയ ആഹാരം ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസിലാക്കി അവ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞ് മധുരമേ കഴിക്കൂ എന്നത് നമ്മുടെ തെറ്റായ ധാരണയാണ്. ഭക്ഷണം കൂടുതല്‍ കഴിക്കാന്‍വേണ്ടി കൂടുതല്‍ മധുരം കൊടുത്തു ശീലിപ്പിച്ചാല്‍ പിന്നീടും അതു മാത്രമേ കുട്ടി ഇഷ്ടപ്പെടൂ. കുട്ടികളിലെ കൊഴുപ്പുകോശങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും.
കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന ഫാസ്റ്ഫുഡ് സംസ്കാരമാണ് പൊണ്ണത്തടിക്കു പിന്നിലെ മറ്റൊരു കാരണം. ഒരു വയസാകുന്നതോടെ എളുപ്പത്തിനുവേണ്ടി കുട്ടിയെ കൂടുതല്‍ കലോറിയടങ്ങുന്ന ഹീനഭക്ഷണങ്ങള്‍ (junk food) കഴിക്കാന്‍ ശീലിപ്പിക്കുന്നതാണ് അപകടം ചെയ്യുന്നത്. ഇതോടെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണ്ട. വാശിപിടിച്ച് കുഞ്ഞുവയറ് വിശന്നുപോയാല്‍ അച്ഛനമ്മാര്‍ക്കു ടെന്‍ഷനായി. വാശിയടക്കാന്‍ കൊടുക്കുന്ന ഈ ഭക്ഷണത്തില്‍ എത്രകണ്ട് മാരകഘടകങ്ങളുണ്ടെന്ന് ആരു ചിന്തിക്കുന്നു. രുചികൂട്ടാന്‍വേണ്ടി ചേര്‍ക്കുന്ന കൊഴുപ്പും അജ്നോമോട്ടോ പോലുള്ള രാസവസ്തുക്കളുമാണ് കുഞ്ഞുവയറ്റിലേക്ക് നാം തള്ളിവിടുന്നത്.


ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വ്യായാമത്തിന് മാര്‍ഗ്ഗമില്ല. വീടിനു ചുറ്റും മതിലുകള്‍ കെട്ടി കൂട്ടിലിട്ട കിളിയെപ്പോലെയാണ് നമ്മളിന്ന് കുട്ടികളെ വളര്‍ത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍പ്പോലും കളിസ്ഥലങ്ങളില്ലാതായി. കളിക്കോപ്പുകളും ടെലിവിഷനും വീഡിയോഡെയിമുമൊക്കെയാണ് ഇന്നത്തെ കുട്ടികളുടെ ചങ്ങാതിമാര്‍. ഫലമോ? കഴിക്കുന്ന ഭക്ഷണത്തിലെ അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. സ്റെയര്‍കേസുകള്‍ കേറാന്‍ വയ്യാതെ, പട്ടി കടിക്കാന്‍ വന്നാല്‍പോലും ഓടാനാവാതെ ബാല്യം പൊണ്ണത്തടിക്ക് കീഴ്പ്പെടുന്നു.



പൊണ്ണത്തടി കണ്ടെത്താനുള്ള മാര്‍ഗ്ഗം

ഉയരത്തെ അടിസ്ഥാനമാക്കിയാണ് ശരീരഭാരം കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.) എന്നാണ് ഈ അളവുകോലിന് പേര്. ഇനി എങ്ങനെയാണ് ബി.എം.ഐ. കണ്ടുപിടിക്കുന്നതെന്നു നോക്കാം. ശരീരഭാരം എത്ര കിലോഗ്രാമാണെന്നു നോക്കുക. ഇനി ഉയരം എത്ര മീറ്ററാണെന്നു അളന്നുനോക്കണം. ഉയരത്തെ അതേ സംഖ്യകൊണ്ട് ഗുണിച്ചേഷം ഭാരംകൊണ്ട് ഹരിക്കുമ്പോള്‍ ബി.എം.ഐ. എത്രയാണെന്ന് കിട്ടുന്നു. ഇതനുസരിച്ച് ഓരോ പ്രായത്തിലുംഒരു കുട്ടിയുടെ തൂക്കവും ഉയരവും എത്രയായിരിക്കണമെന്ന് ചുവടെയുള്ള പട്ടികയില്‍നിന്ന് മനസിലാക്കാം.



പെണ്കുട്ടി
ആണ്കുട്ടി
പ്രായം
തൂക്കം
ഉയരം
തൂക്കം
ഉയരം
ജനനം 
3.2
49.9
3.3
50.5
3 മാസം
 5.4
 60.2
 3.3 
 50.5
6 മാസം
 7.3 
 66.6
  7.8 
 67.8
9 മാസം
 8.6 
 71.1
  9.2
  72.3
1 വയസ്
 9.5
  75 
 10.2 
 76.1
2 വയസ്
 11.8 
 84.5 
 12.3 
 85.6
3 വയസ്
 14.1 
 93.9 
 14.6 
 94.9
4 വയസ്
 14.1 
 93.9
  14.6 
 94.9
5 വയസ്
 17.7 
 108.4 
 18.7 
 109.9
6 വയസ്
 19.5 
 114.6 
 20.7 
 116.1 
7 വയസ്
 21.8 
 120.6 
 22.9 
 121.7
8 വയസ്
 24.8 
 126.4 
 25.3 
 127.0
9 വയസ്
 28.5 
 132.2
  28.1 
 132.2 
10 വയസ്
 32.5 
 138.3 
 31.4 
 137.5


ഭാരം കുറയ്ക്കാന്‍ വഴികളുണ്ട്

ഉരുണ്ടിരിക്കുന്ന ഉണ്ണിയെ കാണാനുള്ള കൌതുകം പ്രീസ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അസ്ഥാനത്താവും. പൊണ്ണത്തടിയനെന്ന മുദ്ര കുത്തുന്നതോടെ നിങ്ങളുടെ കുട്ടി മറ്റുള്ളവരുടെ പരിഹാസപാത്രമായി മാറുന്നു. ഇത് കുട്ടിയുടെ മനസില്‍ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കും. മാത്രമല്ല, പൊണ്ണത്തടിയുടെ ഫലമായുണ്ടാകുന്ന കിതപ്പ്, ശ്വാസംമുട്ടല്‍, അലസത, ഉറക്കംതൂങ്ങല്‍, മന്ദത, അമിതമായ വിശപ്പ്, രോഗങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് വലിയ തലവേദനകളായി മാറും. അപ്പോഴാണ് വണ്ണം എങ്ങനെ കുറയ്ക്കാമെന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങുക.


ഗര്‍ഭിണിയാകുമ്പോഴേ ശ്രദ്ധ തുടങ്ങണം

പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതോടെ വയറുകാണല്‍ എന്ന ചടങ്ങിനും തുടക്കമായി. ബന്ധുവീടുകളില്‍നിന്നെത്തുന്ന പലഹാരപ്പൊതിയാണ് ഇവിടെ വില്ലനാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനിക്കുന്ന കുട്ടക്കണക്കിന് പലഹാരം കേടാവാതെയും കളയാതെയും തിന്നുതീര്‍ക്കേണ്ട ചുമതലയും ഭതൃവീട്ടില്‍ കഴിയുന്ന ഗര്‍ഭിണിയുടേതാവുമ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളാവുന്നത്. പച്ചക്കറികളും തവിടും പഴവര്‍ഗ്ഗങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ട സമയത്താണ് ഗര്‍ഭിണി എണ്ണയും മധുരവും അകത്താക്കുന്നത്. നിരപരാധിയായ ഗര്‍ഭസ്ഥശിശു അമ്മ കഴിക്കുന്ന ആഹാരം ഷെയര്‍ ചെയ്യുമ്പോള്‍ തൂക്കംകൂടിയ കുഞ്ഞായി ജനിക്കാന്‍ വിധിക്കപ്പെടുന്നു. പലഹാരപ്പൊതികള്‍ക്കു പകരം ഗര്‍ഭിണിക്ക് പഴങ്ങള്‍ സമ്മാനിക്കാന്‍ പൊതുജനബോധവല്‍ക്കരണം വേണ്ടിവരും.


മധുരവും കൊഴുപ്പും കുറയ്ക്കാം

അമിതാഹാരവും വ്യായാമക്കുറവുമാണ് പ്രായപൂര്‍ത്തിയായവരിലെ അമിതവണ്ണത്തിനുള്ള കാരണമെങ്കില്‍ കുട്ടികളിലെ പൊണ്ണത്തടിക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ത്തന്നെയാണ്. മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ചൊട്ടയിലേ ശീലിപ്പിക്കാന്‍ ശ്രദ്ധിക്കണം. പാലിന്റെ സ്വാഭാവികമധുരം മാത്രം മതിയാവും കുട്ടിക്ക്. പഞ്ചസാര ചേര്‍ത്ത് ശീലിപ്പിക്കാതിരുന്നാല്‍ മധുരത്തെക്കുറിച്ച് കുട്ടി സ്വയം അറിയുന്ന കാലംവരെയെങ്കിലും നിയന്ത്രിക്കാം. കൂവരകു കുറുക്കില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ നേരിയ മധുരമേ ആകാവൂ. കുറുക്കിന് അമിതമധുരമുണ്ടെന്നു കണ്ടാല്‍ മധുരം കുറഞ്ഞ പാല്‍ കുട്ടി നിരസിക്കും.


ബ്രേക്ക്ഫാസ്റ് രാജകീയമാകണം

കുട്ടികളുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രഭാതഭക്ഷണത്തിനാണ്. പ്രത്യേകിച്ചും സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍. രാത്രി മുഴുവന്‍ ഫാസ്റിങ്ങിലായ കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കാനാവില്ല. സ്കൂളില്‍ ഉറക്കം തുങ്ങിയിരിക്കുന്ന കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നാണ് ബ്രേക്ക്ഫാസ്റിന്റെ പ്രാധാന്യം മനസിലായത്. നന്നായി ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ പഠനത്തില്‍ മികവു കാണിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് കുട്ടിയെ കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കുന്ന അതേ ശ്രദ്ധയും ഉല്‍സാഹവും ഭക്ഷണം കഴിപ്പിക്കുന്നതിലും മാതാപിതാക്കള്‍ കാണിക്കണം.


കായികക്ഷമതയുടെ അനിവാര്യത

കാറില്‍നിന്നും സ്കൂളില്‍ വന്നിറങ്ങി തിരിച്ച് കാറില്‍ കയറി വീട്ടില്‍പോകുന്ന കുട്ടിക്ക് ഓടാനറിയില്ലെങ്കില്‍ അവനെ കുറ്റം പറയേണ്ട. കുട്ടിയെ സൈക്കിള്‍ ചവിട്ടാന്‍ അനുവദിക്കുകയും അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കുട്ടി ടിവിയുടെ മുന്നില്‍ ചടഞ്ഞുകൂടും. തടിയനങ്ങാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം എനര്‍ജറ്റിക്കാവണം. അതിനും കായികക്ഷമത അത്യാവശ്യമാണ്.


ബേക്കറിസാധനങ്ങള്‍ കൈയ്യെത്താദൂരത്ത്

വിരുന്നുകാരെ കരുതി ബേക്കറിസാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ കുട്ടി കാണാത്തിടത്തോ കൈയ്യെത്താത്തിടത്തോ സൂക്ഷിക്കണം. കഴിയുന്നതും അപ്പപ്പോഴത്തെ ആവശ്യത്തിനു മാത്രം ബേക്കറി വാങ്ങുന്നതാണ് നല്ലത്. മധുരമിഠായികള്‍ക്കു പകരം കടലമിഠായി വാങ്ങിക്കൊടുക്കാം. ഐസ്ക്രീമിനു വാശിപിടിച്ചാല്‍ പകരം ഒരു ഔട്ടിങ് വാഗ്ദാനം ചെയ്യാം.


ബിഹേവിയര്‍ തെറാപ്പി

വിദേശികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കുന്ന ചില ടേബിള്‍മാനേഴ്സുകളുണ്ട്. എത്ര നല്ല ഭക്ഷണം മുന്നില്‍ കണ്ടാലും ആര്‍ത്തിപിടിക്കുന്ന രീതി അവര്‍ക്കില്ല. നിശ്ചിത സമയമെടുത്ത് ശാന്തമായിരുന്ന് ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ചില്ലറയല്ല. ഉദാ-ലെപ്റ്റിന്‍ എന്ന ഹോര്‍മോണാണ് ഭക്ഷണം മതി എന്ന സന്ദേശം തലച്ചോറിലെത്തിക്കുന്നത്. ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മിനിട്ടെടുക്കും. നമ്മുടെ ഭക്ഷണരീതിയനുസരിച്ച് 15 മിനിട്ടിനകം ആഹാരം അകത്താക്കിക്കഴിയുമല്ലോ. സന്ദേശം ചെല്ലാത്തതിന്റെ പേരില്‍ വയറുനിറയുന്നതായി തോന്നുകയില്ല. അങ്ങനെ ശരീരത്തിനാവശ്യമുള്ളതിനേക്കാള്‍ ഭക്ഷണം അകത്താകുന്നു. ബിഹേവിയര്‍ തെറാപ്പിയിലൂടെ നമ്മുടെ ആഹാരശൈലി മാറ്റിയെടുത്താല്‍ കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാം.

ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 


No comments:

Post a Comment