Friday, 14 March 2014

MIGRANT HEALTH PROBLEM,MALAYALAM ARTICLE

കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ട മലമ്പനിയും കൊതുക് ജന്യ രോഗങ്ങളും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ തിരിച്ചെത്തിയിരിക്കുന്നു.
ആരോഗ്യരംഗത്ത് ആശങ്കയുളവാക്കുന്ന റിപ്പോര്‍ട്ടാണിത്. രോഗങ്ങളുമായി ബംഗാള്‍, അസം, ബിഹാര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ദിനം പ്രതിയെന്നോണം കേരളത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കയാണ്. ആരൊക്കെ വരുന്നെന്നോ എത്രപേര്‍ വരുന്നെന്നോ ആര്‍ക്കും ഒരു കണക്കുമില്ല.

മെയ്യനങ്ങിയുള്ള പണിയില്‍ നിന്ന് മലയാളികള്‍ എന്നേ പിന്‍വലിഞ്ഞു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, മണല്‍ കള്ളക്കടത്ത് തുടങ്ങി മേലനങ്ങാതെ കാശുണ്ടാക്കാന്‍ കൊച്ചു കേരളത്തില്‍ കാക്കത്തൊള്ളായിരം മാര്‍ഗങ്ങളുള്ളപ്പോള്‍ പിന്നെ എന്തിനു മെയ്യനങ്ങി പണിയെടുക്കണമെന്ന് മലയാളി ചിന്തിച്ചതിനെ കുറ്റം പറയാനൊക്കുമോ? ആദ്യം നിര്‍മാണ മേഖലയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കീഴടക്കിയതെങ്കില്‍ ഇപ്പോള്‍ ഹോട്ടല്‍, ശീതള പാനീയക്കട എന്നു വേണ്ട എല്ലാ തൊഴിലിടങ്ങളിലും ബംഗാളിയെയോ ബിഹാറിയെയോ കാണാം. കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും സജീവം. നിര്‍മാണ മേഖലയിലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്കും മേസ്തരിമാര്‍ക്കും ഇപ്പോള്‍ പ്രിയം അന്യ സംസ്ഥാന തൊഴിലാളികളോട് തന്നെയാണ്. നല്ലവണ്ണം ജോലി ചെയ്യും.


650 രൂപയാണ് നിര്‍മാണ മേഖലയില്‍ ഒരു തൊഴിലാളിക്ക് വാങ്ങിക്കുക. ഇതില്‍ 150 രൂപ കോണ്‍ട്രാക്റ്ററുടെ കമ്മിഷന്‍ കിഴിച്ച് 500 രൂപയെ കിട്ടൂ. എങ്കിലും ഇതര സംസ്ഥാന തൊഴിലാളികള്‍ തികച്ചും സംതൃപ്തര്‍. നാട്ടിലെ കൂലിവച്ചുനോക്കുമ്പോള്‍ അവര്‍ക്കിവിടെ സ്വര്‍ഗമാണ്. അമ്പതും നൂറും ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് ജോലി ചെയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരുണ്ട്. കമ്മിഷന്‍ ഇനത്തില്‍ ഇവരുടെ കയ്യില്‍ ഒരു ദിവസം വന്നുപെടുന്നത് വന്‍ തുകയാണ്.

കോണ്‍ട്രാക്റ്റര്‍മാരാണ് ഇവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളോ, തകര്‍ന്ന വീടുകളോ, അല്ലെങ്കില്‍ പറമ്പുകളില്‍ താത്ക്കാലികമായി കെട്ടിയിണ്ടാക്കുന്ന ഷെഡുകളിലോ ആയിരിക്കും ഇവരെ കൂട്ടമായി പാര്‍പ്പിക്കുക. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങള്‍ ഉണ്ടാവില്ല. പറമ്പുകളിലും വെളി പ്രദേശങ്ങളിലും വിസര്‍ജ്യം നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന ഇവരെ അസുഖങ്ങള്‍ പെട്ടെന്ന് പിടികൂടുകയും ചെയ്യുന്നു. നാട്ടില്‍ പോയി വരുമ്പോള്‍ മലമ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ വഹിച്ചെത്തുന്നവര്‍ അതിവിടെ പരത്തുകയും ചെയ്യുന്നു.

സംസ്ഥാനതലത്തില്‍ ആര്‍ക്കും വിവേചനം കല്‍പ്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ല. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാഹകരായി കേരളത്തിലെത്തുന്ന മഹാമാരികള്‍ക്ക് തടയിടേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികളുടെ വിലാസവും കണക്കുമെല്ലാം കൃത്യമായി ശേഖരിക്കണം. അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയവുമാക്കണം. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശുചിത്വമുള്ള താമസ സൗകര്യങ്ങള്‍ അവര്‍ക്കായി കോണ്‍ട്രാക്റ്റര്‍മാര്‍ ഒരുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. ഇത്തരം ഉത്തരവാദിത്വങ്ങള്‍ തൊഴിലാളികളെ കൊണ്ടുവരുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ നിറവേറ്റണം. അല്ലാത്തവര്‍ക്കെതിരേ തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും ശക്തമായ നടപടികള്‍ എടുക്കണം. എല്ലാത്ത പക്ഷം പടിയിറക്കിയ മാഹാമാരികള്‍ ഇനിയും നമുക്ക് ഭീഷണിയാവും.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

No comments:

Post a Comment