Thursday, 20 March 2014

SUNBURN - സൂര്യാഘാതം:ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


സൂര്യാഘാതം:ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അത്യുഷ്ണമേഖലയില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സൂര്യാഘാതം (Sunburn) കേരളത്തില്‍ വേനല്‍ക്കാലമായാല്‍ നേരിടുന്ന പുതിയ പ്രതിഭാസമാണ്.കടുത്ത സൂര്യ കിരണങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന തൊഴിലിലേര്‍പ്പെടുന്നവര്‍ക്കാണ് ഇത് അധികവും കണ്ടുവരുന്നത്. ഉച്ചവെയിലിലും മറ്റും തൊഴിലെടുക്കുന്നവരാണ് ഇതിന്റെ ഇരകള്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ (ചെറിയ തോതില്‍) എല്ലാവര്‍ക്കും സൂര്യതാപം മൂലം തൊലിപൊള്ളുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്.ചുരുക്കം പറഞ്ഞാല്‍ ബീച്ചിലോ ,ഉദ്യാനങ്ങളിലോ പോയി കുറെ നേരം വെയില്‍ കൊള്ളാന്‍ ഇടയാകുമ്പോള്‍ കരുവാളിക്കുന്നത് സൂര്യതാപമേല്‍ക്കുന്നതിനാലാണ്. ഇതൊന്നും മാരകമാകുന്നില്ല. എന്നാല്‍, ചിലപ്പോള്‍ സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുക വഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. ആഗോള കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി, കേരളീയ കാലാവസ്ഥയില്‍ വന്ന വ്യതിയാനം, വേനല്‍കാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

വളരെ അപൂര്‍വ്വമായിട്ടുമാത്രം മാരകമാകാവുന്ന സൂര്യതാപം മൂലമുള്ള തൊലിപൊള്ളല്‍ വേനലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ നല്‍കും. നിരന്തരം സൂര്യാഘാതത്തിന് വിധേയരാവുന്നവര്‍ക്ക് ത്വക്ക് അര്‍ബ്ബുദം (Skin Cancer) ഉണ്ടാകാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതുകൊണ്ട് തന്നെ കടുത്ത വെയിലേറ്റുണ്ടാകുന്ന തൊലിപൊള്ളലും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്.


സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ അടങ്ങിയ അള്‍ട്രാവൈലറ്റ് (Ultraviolet) വികിരണങ്ങള്‍ ഏല്‍ക്കാനിടവരുന്നവരുടെ തൊലി കരുവാളിക്കുകയോ, പൊള്ളുകയോ ചെയ്യുന്നു. കടുത്ത സൂര്യകിരണങ്ങള്‍ ഏറ്റ് അരമണിക്കൂറിനുള്ളില്‍ തന്നെ ഇത് ഉണ്ടാകുന്നു. മാര്‍ദ്ദവമേറിയ തൊലിയുള്ളവരില്‍ സൂര്യതാപം പെട്ടെന്ന് പൊള്ളിക്കും. എന്നാല്‍, ചെറിയ തോതിലുള്ള വെയില്‍കായല്‍ വിറ്റാമിന്‍ ‘ഡി’ ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളംവെയിലും സന്ധ്യക്കു മുമ്പുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴിവെക്കുകയില്ല.

സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂറിനുള്ളിലായിരിക്കും അറിയാനാകുക. പൊള്ളലേറ്റ ഭാഗത്ത് എരിച്ചിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെടുന്നു. 12 മുതല്‍ 24 മണിക്കൂറിനുള്ളില്‍ സൂര്യതാപമുള്ള പൊള്ളല്‍ ഉണ്ടാകാറുണ്ട്. ഇതിനകം ഉണ്ടായില്ലെങ്കില്‍ സൂര്യതാപമേറ്റിട്ടില്ലെന്ന് ഉറപ്പിക്കാം.കടുത്ത വെയില്‍ കൊള്ളുന്നവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂര്യതാപമേറ്റിട്ടുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ കാണാമെന്ന് പറഞ്ഞുവല്ലൊ. തൊലി ചുമന്നിരിക്കുന്നതൊടൊപ്പം വേദനയും അനുഭവപ്പെടുന്നു.



സൂര്യാഘാത ലക്ഷണങ്ങള്‍

സൂര്യതാപമേറ്റവരുടെ തൊലിക്ക് ചുവപ്പു നിറവും അല്‍പ്പം വേദനയും അനുഭവപ്പെടുന്നു. രണ്ടു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും ഇത് കാണുക. ഇത് മൂര്‍ദ്ദന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലാണ്.സൂര്യതാപമേറ്റ് സാരമായ പരുക്കുകള്‍ ഉണ്ടാകുക അപൂര്‍വ്വമാണ്. തൊലി പൊല്ലുകയും അടര്‍ന്ന് പോകുകയും സാധാരണയാണ്. സൂര്യതാപമേറ്റ് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു. കടുത്ത സൂര്യാഘാതമേറ്റവര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

സാരമായേല്‍ക്കുന്ന സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്‍കാതിരുന്നാല്‍ രക്തചക്രംമണം ഇല്ലാതാകുകയും അവയവങ്ങള്‍ക്കോ, ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുണ്ട്.പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നു. സൂര്യാഘാതമേറ്റതിന് നാലു മുതല്‍ ഏഴു ദിവസത്തിനകം തൊലി പൊളിഞ്ഞുപോകുന്നു. സൂര്യതാപം ഏല്‍ക്കുന്നവര്‍ക്ക് തൊലി എരിച്ചില്‍, നീറ്റല്‍ തുടങ്ങിയവയും കണ്ടു വരുന്നുണ്ട്.
സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുകന്ന് തടിച്ചുകാണുന്നെങ്കില്‍ ഇത് ‘സണ്‍ബേണ്‍’ ആകാനാണ് സാധ്യത.



ചികിത്സയും മുന്‍കരുതലുകളും

സൂര്യാഘാതം ഗുരുതരമാണെന്ന് തോന്നുന്നപക്ഷം ചികിത്സ തേടേണ്ടതുണ്ട്. ചികിത്സകനോട് മറ്റെന്തെങ്കിലും രോഗമുണ്ടെങ്കിലും ഇതിനുള്ള ചികിത്സകള്‍ ഉണ്ടെങ്കിലും പറയേണ്ടതുണ്ട്. നിസ്സാരമാണ് ആഘാതമെങ്കില്‍ പ്രാഥമിക ചികിത്സകള്‍ തന്ന് ബാക്കി വീട്ടില്‍ നടത്താന്‍ ഉപദേശിക്കാറാണ് പതിവ്. എന്നാല്‍, ഗുരുതരാവസ്ഥയിലാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നു.

ഗുരുതരമായ മറ്റേതെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ സൂര്യാഘാത ചികിത്സക്ക് തിരഞ്ഞെടുക്കുന്ന മരുന്നുകളും മറ്റും ഉപദ്രവകാരികളാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.


സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുന്നതാണ്; അതും ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം. സൂര്യന്‍ കുത്തനെ ശരീരത്തില്‍ കിരണങ്ങള്‍ ചൊരിയുന്ന അവസ്ഥയുണ്ടാകരുത്. നട്ടുച്ച സമയത്തും മറ്റും വളരെ ശ്രദ്ധവേണം പുറത്തിറങ്ങുമ്പോള്‍. കുട ചൂടി പോകുന്നത് നന്ന്.വേനലില്‍ ധാരാളം ജലപാനം സൂര്യാഘാതത്തെ ഒരു പരിധിവരെ തടയാന്‍ സഹായിയ്ക്കുന്നു. സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും വെയിലിലേക്ക് പോകരുത്; ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ.

കറ്റാര്‍
വാഴയില്‍ നിന്നുള്ള ചില ലായിനികള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണ് - ഇതിന്റെ ഉപയോഗം സൂര്യതാപം തടയാനായി സഹായിക്കുന്നുണ്ട്. അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക കുളിക്കുമ്പോഴോ, കുളികഴിഞ്ഞീട്ടോ എണ്ണയോ, ഉപ്പ് ചേര്‍ന്ന ലായിനികളോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, പെര്‍ഫ്യൂമുകളോ, ഇതിനുവേണ്ടിയുള്ള സ്പ്രേകളോ ഉപയോഗിക്കുന്നത് അപകടകരമാണ്. കുളിയ്ക്കുമ്പോള്‍, പരുക്കനായ വസ്തുക്കളെകൊണ്ട് ശരീരം തേക്കരുത് .തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യതാപമേറ്റ തൊലി പരുക്കനായ തോര്‍ത്തുമുണ്ടിനോടൊപ്പം ഉരിഞ്ഞുചേരാനുള്ള സാധ്യതകളുണ്ട്. ആവുന്നതും വിവിധയിനം ലായിനികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഡോക്ടര്‍ തൊലിയില്‍ പുരട്ടാനായി ലേപനമോ, ഓയില്‍മെന്റോ തരുന്നു. ധാരാളം വെള്ളം കുടിയ്ക്കാനും നിര്‍ദ്ദേശിക്കും. ആസ്പിരിന്‍ അല്ലെങ്കില്‍ സ്റിറോയിഡ് ഇല്ലാത്ത തൊലിപൊള്ളല്‍ നിവാരണ മരുന്നുകളാണ് ഡോക്ടര്‍ തരുന്നത്.
കടുത്തവെയിലില്‍ സഞ്ചാരം ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെയെങ്കിലും.

തൊപ്പി ധരിക്കുക; വെയിലില്‍ ഇറങ്ങുമ്പോള്‍. അതുപോലെ തന്നെ നീണ്ടകൈയ്യുള്ള ഷര്‍ട്ടുകള്‍ വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളെ സൂര്യാഘാതത്തില്‍ നിന്നും മോചിപ്പിക്കുന്നു.
അള്‍ട്രാവയലറ്റ് രശ്മികള്‍ തടുക്കാന്‍ പര്യാപ്തമായ കണ്ണടകള്‍ ധരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടതു.


സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതകളൂള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ പ്രത്യേകിച്ച് മദ്യപിക്കാതിരിക്കുക. സൂര്യതാപമേറ്റവര്‍ മദ്യപിച്ചാല്‍ ചികിത്സകള്‍ സങ്കീര്‍ണ്ണമായി മാറുന്നു. നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് അത്യുഷ്ണകാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നത് അധികവും.


കാലാവസ്ഥ മാറ്റത്തിന്റെ പ്രതിഫലനമെന്നോണം കേരളത്തിലും സൂര്യഘാതങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട് - വേനല്‍ കാലമായാല്‍. കടുത്ത വെയിലില്‍ പ്രത്യേകിച്ച് ഉച്ച സമയത്തെ കാല്‍നടയാത്ര ഒഴിവാക്കുകയാണ് നല്ലത്; പ്രത്യേകിച്ച് സത്രീകള്‍. അഥവാ നിര്‍ബന്ധമാണ് കാല്‍നട യാത്രയെങ്കില്‍ ഒരു കുട ഉപയോഗിക്കാന്‍ മറക്കരുത്.

കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ

No comments:

Post a Comment