Friday, 30 May 2014

Method For Mosquito Control



രോഗങ്ങളുമായി മൂളിപ്പറക്കുന്ന കൊതുകിനെ ഓടിക്കാന്‍ കറന്റും രാസപദാര്‍ത്ഥങ്ങളുമൊക്കെയുപയോഗിച്ച് എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി തളര്‍ന്നു. എന്നിട്ടും വെറുമൊരു കൊതുകിന് മുന്നില്‍ ഇന്നും ഉറക്കം നഷ്ടപ്പെടുന്നു. വൈദ്യുതിയോ രാസപദാര്‍ത്ഥങ്ങളോ ഒന്നും വേണ്ടാതെ കൊതുകുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന യന്ത്രം കണ്ടുപിടിച്ച മലയാളിക്ക് പക്ഷേ ഇപ്പോഴും അധികൃതരുടെ അവഗണന. മുട്ടയിടാനുള്ള സാഹചര്യമൊരുക്കി കൊതുകുകളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന 'ടേക്ക് ഇറ്റ് ഈസി' യന്ത്രവുമായി ഇ. സി. തോമസാണ് കൊതുകുനശീകരണത്തിന് ഫലവത്തായ വഴി കണ്ടുപിടിച്ചത്. അധികൃതര്‍ മുന്‍കൈയെടുത്താല്‍ വ്യാപകമായി ഈ യന്ത്രം സ്ഥാപിച്ച് കൊതുകുകളെ അകറ്റാനാകുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. രാജ്യത്തെ നിരവധി ശാസ്ത്രജ്ഞരുടെ അംഗീകാരം നേടിയിട്ടും അധികൃതര്‍ താത്പര്യമെടുക്കാത്ത അവസ്ഥയാണ്.



കൊതുകുകളുടെ ഏറ്റവും പ്രധാന ' ദൗര്‍ബല്യം ' പ്രജനനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ യന്ത്രത്തെ വികസിപ്പിച്ചത്. അവയുടെ പ്രജനന ചക്രത്തില്‍ ഇടപെട്ടുകൊണ്ടാണ് നശീകരണം. നാല് തട്ടുകളുള്ള 'ടേക്ക് ഇറ്റ് ഈസി ' യന്ത്രത്തിന്റെ പ്രധാന ഘടകം വെള്ളം നിറച്ച ട്രേയാണ്. ചാണകം നിറച്ച ബാഗുകളും മറ്റും തൂക്കിയിട്ട യന്ത്രത്തിലേക്ക് മുട്ടയിടാനായി കൊതുകുകള്‍ കൂട്ടത്തോടെയെത്തും. മുട്ടയിടുന്ന ട്രേയില്‍ നിന്ന് താഴേക്ക് ഡ്രിപ്പ് വാല്‍വുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ തട്ടില്‍തന്നെ രണ്ട് ഫ്ലഷ് ടാങ്കുകളുമുണ്ടാകും. മുകളിലെ ട്രേയില്‍നിന്ന് കൊതുകു മുട്ടകള്‍ താഴെ തട്ടിലെത്തുമ്പോള്‍ ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കുകയും മുട്ടകള്‍ മൂന്നാമത്തെ തട്ടിലേക്ക് വീഴുകയും ചെയ്യും. മണലും ഉപ്പും മറ്റും നിറഞ്ഞ ഈ തട്ടിലെത്തുന്നതോടെ മുട്ടകള്‍ നശിക്കുന്നു. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന ഈ പ്രക്രിയയിലൂടെ ഒരു നിശ്ചിത പ്രദേശത്ത് പിറക്കാനിടയുള്ള കൊതുകുകളെ മുഴുവന്‍ നശിപ്പിക്കാനാകുമെന്ന് ഇ. സി. തോമസ് ഉറപ്പ് പറയുന്നു. ടേക്ക്ഇറ്റ് ഈസി യന്ത്രത്തിന് 25000-രൂപവരെ ചെലവ് വരും. ഫൈബര്‍ ഗ്ലാസ്, സ്റ്റീല്‍, സെറാമിക് എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള യന്ത്രങ്ങളിലൊന്ന് സ്ഥാപിച്ചാല്‍ ഒരു വീടിന് മുഴുവന്‍ കൊതുകില്‍നിന്ന് രക്ഷനേടാമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചതായി നിര്‍മ്മാതാവ് പറയുന്നു. ഫ്ലാറ്റ് ഉള്‍പ്പെടെയുള്ളയിടങ്ങളിലും മിനക്കേടില്ലാതെ ഇത് വിജയകരമായി സ്ഥാപിക്കാനാകും.
ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് മുന്നില്‍ പ്രവര്‍ത്തിപ്പിച്ച് പരീക്ഷണം നടത്തിയ ഈ യന്ത്രം പ്രോല്‍സാഹിപ്പിക്കാന്‍ പലരും മുന്നോട്ടുവന്നു. പക്ഷേ പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. യന്ത്രം വിതരണം ചെയ്യാനായി ടേക്ക് ഇറ്റ് ഈസിയെന്ന പേരില്‍ ഒരു കമ്പനിയും രൂപവത്കരിച്ചിരുന്നു. കോഴിക്കോട് നഗരസഭയടക്കമുള്ളവര്‍ ' ടേക്ക് ഇറ്റ് ഈസി ' യന്ത്രം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഫൈന്‍ആര്‍ട്‌സ് ഡിപ്ലോമാധാരിയും കലാപ്രവര്‍ത്തകനുമായ ഇ. സി. തോമസ് തന്റെ സാമാന്യ ശാസ്ത്രാവബോധമുപയോഗിച്ചാണ് ഇത്തരമൊരു യന്ത്രം വികസിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്റെ സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ജനപ്രിയ ടെലിസീരിയലുകളുടെയടക്കം അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹമിപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



No comments:

Post a Comment