Latest Post :
Home » , » BENEFITS OF WALKING -- ആരോഗ്യത്തിലേക്ക് നടക്കാം

BENEFITS OF WALKING -- ആരോഗ്യത്തിലേക്ക് നടക്കാം

{[['']]}

ആരോഗ്യത്തിലേക്ക് നടക്കാം

നടത്തം അന്യമാക്കപ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. ചെറിയ ദൂരത്തേക്കുപോലും വാഹനത്തെ ആശ്രയിക്കുന്നു. മൈലുകളോളം നടന്നായിരുന്നു നമ്മുടെപൂര്‍വികര്‍ അവരുടെ ജീവിതവൃത്തി നിര്‍വഹിച്ചിരുന്നത്‌. നടത്തം അവര്‍ക്ക്‌ വ്യായാമത്തിനപ്പുറം ജീവിതത്തിന്റെ ആവശ്യം കൂടിയായിരുന്നു. ഇന്നത്തെപ്പോലുള്ള രോഗങ്ങളൊന്നും പഴയ തലമുറയെ അലട്ടിയിരുന്നില്ല.

സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വ്യഗ്രത ജീവിതരീതികളില്‍ വരുത്തിവെയ്‌ക്കുന്ന സമൂലപരിവര്‍ത്തനങ്ങളും മാറിവരുന്ന ഭക്ഷണക്രമങ്ങളും നിരവധി രോഗങ്ങള്‍ക്ക്‌ കാരണാമവുന്നു. അതോടൊപ്പം നടത്തമുള്‍പ്പെടെയുള്ള വ്യായാമമുറ ഉപേക്ഷിച്ചതും. ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. നടത്തത്തിലൂടെ ഒരു പരിധിവരെ അസുഖങ്ങളെ പടിക്കുപുറത്തു നിര്‍ത്താം.


നടത്തം നല്ല വ്യായാമം

നടത്തം നല്ലൊരു വ്യായാമമാണ്‌. ആര്‍ക്കും എളുപ്പം ശീലിക്കാവുന്ന ഒരു വ്യായമം കൂടിയാണിത്‌. ഹൃദ്രോഗം, പ്രമേഹം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ നിത്യവുംകൃത്യമായി നടക്കുന്നത്‌ ശരീരത്തിന്‌ ഗുണം ചെയ്യും. അതോടൊപ്പം രോഗാവസ്ഥയെ പ്രതിരോധിക്കാനും ഇത്‌ സഹായകമാണ്‌.


 രോഗങ്ങളോട്‌ 'ബൈ' പറയാം

ഇന്ന്‌ മനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച്‌ ജോലി ചെയ്യാതിരിക്കലുമാണ്‌ ഇതിന്‌ കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്‌, കാല്‍മുട്ട്‌ വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്‌. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്‌. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന്‌ കൂടുതല്‍ പ്രാണവായു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്‌.നടക്കുന്ന സമയത്ത്‌ ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു. ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്‌. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന്‌ കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത്‌ ഏറെ ആരോഗ്യദായകമാണ്‌.

നടത്തം ചെലവില്ലാത്ത വ്യായാമം

നടത്തം ചെലവില്ലാത്ത വ്യായാമമാണ്‌. മൂന്നുമുതല്‍ നാല്‌ കിലോമീറ്റര്‍ വരെ നടക്കുന്നത്‌ ഏറ്റവും ഗുണകരമാണ്‌. എന്നാല്‍ അലസ നടത്തം ശരീരത്തിന്‌ ഒരിക്കലും ഗുണകരമാവില്ല. പ്രമേഹരോഗികള്‍ നടക്കുമ്പോള്‍ ചെരിപ്പ്‌ ധരിക്കണം. കാരണം ചെറിയ പോറല്‍പോലും വ്രണമായി മാറാന്‍ ഇടവരും. ഹൃദ്രോഗബാധയുള്ളവര്‍ പള്‍സ്‌ പരിശോധിച്ചതിനുശേഷമേ വ്യായാമത്തില്‍ ഏര്‍പ്പെടാവൂ.

എപ്പോള്‍ നടക്കണം

നടത്തത്തിനും ചില ക്രമീകരണം ആവശ്യമാണ്‌. സൂര്യോദയത്തിന്‌ മുമ്പ്‌ എഴുന്നേല്‍ക്കണം. ശരീരശുദ്ധിക്കുശേഷം നടത്തം തുടങ്ങണമെന്നാണ്‌ അയൂര്‍വേദം പറയുന്നത്‌. എല്ലാ ദിവസവും കൃത്യസമയത്ത്‌ നടക്കുന്നതാണ്‌ ശരീരത്തിന്‌ നല്ലത്‌. നടക്കുമ്പോള്‍ കൈ വീശി നടക്കണം. രോഗികള്‍ നടപ്പില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍ മുതലായവര്‍ ശരീരം വിയര്‍ക്കുന്നതുവരെ മാത്രമേ നടക്കാവൂ. നടത്തത്തില്‍ പ്രയാസം നേരിടുമ്പോള്‍ അല്‍പം വിശ്രമിച്ച്‌ നടത്തമാവാം. കൂടാതെ ചികിത്സകരുടെ നിര്‍ദേശം അനുസരിക്കുന്നതും നല്ലതാണ്‌.

എവിടെ നടക്കണം

നടത്തം എവിടെയുമാകാം. വീട്ടുമുറ്റത്തോ റോഡിലോ, സ്ഥലമില്ലാത്തവര്‍ വീട്ടുവരാന്തയിലോ നടക്കാം. എന്നാല്‍ റോഡിലിറങ്ങി നടക്കുന്നതാണ്‌ ഉചിതം. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ്‌ പരിഹരിക്കും. പുതിയ കാഴ്‌ചകള്‍ കണ്ട്‌ നടക്കുന്നത്‌ മനസ്സിന്‌ സുഖംതരും. കഴിവതും മാലിന്യം നിറഞ്ഞ വഴികളിലൂടെയുള്ള നടത്തം ഒഴിവാക്കണം.

എത്രവേഗത്തില്‍ നടക്കാം

ഓരോ പ്രായക്കാരും വ്യത്യസ്‌ത വേഗതയില്‍ നടക്കണം. നാഡിമിടിപ്പ്‌ പരിശോധിച്ചതിനുശേഷമാണ്‌ നടക്കേണ്ടത്‌. നാഡിമിടിപ്പ്‌ വര്‍ധിക്കണം. എങ്കിലേ നടത്തംകൊണ്ട്‌ പ്രയോജനമുണ്ടാകൂ.

കുട്ടികളെയും കൂട്ടാം

ചെറുപ്പം മുതല്‍ നടത്തം അന്യമാക്കപ്പെടുന്ന സാഹചര്യത്തിലാണ്‌ ഇന്നത്തെ കുട്ടികള്‍ വളരുന്നത്‌. ചെറിയ ദൂരത്തേക്കുപോ ലും സ്‌കൂള്‍ വാഹനത്തിലും മറ്റു കുത്തിത്തിരുകുന്ന കുട്ടികള്‍ നടത്തത്തില്‍ നിന്ന്‌ അകന്നുപോകുന്നു. നടത്തത്തിന്റെ സുഖം ചെറുപ്പത്തിലേ അറിയണം. അത്‌ കുട്ടികളില്‍ പ്രസരിപ്പ്‌ വര്‍ധിപ്പിക്കും. ഭക്ഷണത്തിലും ജീവിത സൗകര്യങ്ങളിലും മറ്റും പുലര്‍ത്തേണ്ടുന്ന ക്രമീകരണത്തോടൊപ്പം കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള നടത്തവും രോഗാവസ്ഥയെ തടഞ്ഞുനിര്‍ത്താന്‍ സഹായകമാകും. അത്‌ മനസ്സിനും ശരീരത്തിനും ഗുണകരമാണ്‌.


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger