{[['']]}
ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം
ഡയറ്റിംഗിന്റെ പേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നവര്പോലും ഹോട്ടല്‍ ഭക്ഷണം കണ്ടാല്‍ സര്‍വ്വ നിയന്ത്രണങ്ങളും മറക്കും. ഫാസ്റ്റ്ഫുഡ് ശാലകളിലെ കൊതിപ്പിക്കുന്ന മണവും നിറവും നമ്മെ അവിടേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഒരു തവണ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ പാകത്തിന് രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന വിഭവങ്ങള്‍.കീശ കാലിയാകുന്നതറിയാതെ രുചിക്കു പിറകേയുള്ള പരക്കംപാച്ചില്‍. അതോടെ ഹോട്ടല്‍ വ്യവസായം വന്‍സാമ്പത്തിക ലാഭം നേടി. ചെറുതും വലുതുമായ നിരവധി ഹോട്ടലുകളാണ് ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ളത്. ഇതില്‍ അംഗീകാരം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. രാത്രിയുടെ മറവില്‍ വലിച്ചുകെട്ടിയ ടാര്പോളില് ഒതുങ്ങുന്ന തട്ടുകടകള്‍ മുതല്‍ സ്റ്റാര്‍ഹോട്ടലുകള്‍ വരെ. പഴകിയ ഭക്ഷണം പിടിച്ചെടുത്തു, മായം കലര്‍ന്ന ഭക്ഷണം കണ്ടെത്തി ഇങ്ങനെ ദിനംപ്രതി വാര്‍ത്തകള്‍ നിറഞ്ഞിട്ടും ഹോട്ടല്‍ ഭക്ഷണംതന്നെ മതിയെന്ന പിടിവാശിയിലാണ് മലയാളി. ഹോട്ടല്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കണമെന്നല്ല. ആരോഗ്യം കൈമോശം വരാതെ എങ്ങനെ ഹോട്ടല്‍ ഭക്ഷണം കഴിക്കാമെന്നതിനെക്കുറിച്ച് ഒരു ലേഖനം
മായം ചേര്‍ക്കല്‍
കൈയിലിരിക്കുന്ന പണം കൊടുത്ത് വാങ്ങി ഭക്ഷിക്കുന്നത് വിഷമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. മായം ചേര്‍ക്കല്‍ നിരോധന നിയമം നിര്‍ദേശിക്കുന്നത് സുരക്ഷിത ഭക്ഷണം മാത്രം നല്‍കണമെന്നാണ്. എന്നാല്‍ അമിത ലാഭക്കൊതി പലപ്പോഴും നിയമം കാറ്റില്‍ പറത്തുന്നു. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഗുണനിലവാരം കുറഞ്ഞ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതും അവയുടെ ഗുണമേന്മ കുറയുന്നതും നിയമലംഘനമാണ്.ചില പദാര്‍ഥങ്ങള്‍ അനുവദനീയമായ പരിധിയില്‍ ചേര്‍ക്കുന്നതിന് വിലക്കില്ല. എന്നാല്‍ അമിതമായ തോതില്‍ നിറങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ചേര്‍ത്തു തയാറാക്കിയ വിഭവങ്ങളാണ് മിക്ക ഹോട്ടലുകളിലും കണ്ടുവരുന്നത്. ഇത്തരം രാസവസ്തുക്കള്‍ അമിതമായി ശരീരത്തിലെത്തുന്നത് പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ. ഗ്യാസ്ട്രമ്പിള്‍, വന്ധ്യത, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നു.
ലാഭക്കൊതിയുടെ കച്ചവടതന്ത്രം
ലാഭക്കൊതിയാണ് മായം ചേര്‍ക്കലിനു പിന്നിലെ പ്രേരകശക്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ രാസപദാര്‍ഥം ചേര്‍ത്ത് പുതിയവയെന്ന് തോന്നുന്ന തരത്തില്‍ വില്‍ക്കാനാണ് മിക്ക ഹോട്ടലുകാരും ശ്രമിക്കുന്നത്. ഫ്രിഡ്ജ്, കോള്‍ഡ് സ്റ്റോറേജ് എന്നിവയെല്ലാം ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനുള്ളതാണ്. എന്നാല്‍ ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതിന് ചില രീതികള്‍ ഉണ്ട്.ഓരോ ഭക്ഷണസാധനത്തിനും അനുയോജ്യമായ താപനിലയില്‍ ശരിയായ അളവില്‍ വയ്ക്കണം. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. മിച്ചം വരുന്ന ഭക്ഷണം കുത്തിനിറച്ച് ദിവസങ്ങള്‍ വയ്ക്കുമ്പോള്‍ അത് ഭക്ഷ്യയോഗ്യമല്ലാതാകും. ഉപഭോക്താവ് ഇതൊന്നുമറിയാതെ നിറത്തിലും രുചിയിലും മയങ്ങി വഞ്ചിതരാകുന്നു.
ഭക്ഷ്യ സുരക്ഷാ നിയമം
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പഴയ നിയമങ്ങള്‍ മാറി പുതിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമംപ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇതനുസരിച്ച് ഹോട്ടല്‍ ഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ആന്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കി, ശേഖരണ, വിതരണ, വില്‍പ്പന മേഖല സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. സുരക്ഷിത ഭക്ഷണമെന്നു പറയുമ്പോള്‍ പാചകംചെയ്യുന്ന രീതി, അണുവിമുക്തമായ സ്ഥലമാണോ, കൈകാര്യം ചെയ്യുന്ന ആളുകളുടെ ആരോഗ്യസ്ഥിതി, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം സൂക്ഷിക്കുന്ന രീതി ഇവയൊക്കെ ഉറപ്പുവരുത്തുകയാണ്.ഗുണനിലവാരം കുറഞ്ഞതോ മായം കലര്‍ന്നതോ ആയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയാല്‍ പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളുമാണ് ഭക്ഷണത്തിന് നിറവും രുചിയും പ്രദാനം ചെയ്യുന്നത്. ചേര്‍ക്കാന്‍ അനുവദനീയമായതും അല്ലാത്തവയുമായ നിറങ്ങള്‍ ഉണ്ട്. സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, എറിത്രോസിന്, ബ്രിലന്റ് ബ്ലൂ, ഫാസ്റ്റ് ഗ്രീന്‍ എന്നിവയൊക്കെ ചേര്‍ക്കാവുന്നതാണ്. എല്ലാ ഭക്ഷ്യവസ്തുക്കളിലും ഇവ ഉപയോഗിക്കാനാവില്ല. മൈദാമാവ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളില്‍ ഒരു നിശ്ചിത അളവില്‍ മാത്രമേ നിറങ്ങള്‍ ഉപയോഗിക്കാവൂ.
അധിക അളവില്‍ പ്രസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതും നിയമവിരുദ്ധമാണ്. ബിരിയാണി രുചികരമാക്കാന്‍ ചേര്ക്കാവുന്നതിലധികം ഫ്ളേവറുകള്‍ മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ചില്ലിചിക്കന്, ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ ഫ്രൈ എന്നിങ്ങനെയുള്ള ചിക്കന്‍ വിഭവങ്ങളുടെ വായില്വെള്ളമൂറിക്കുന്ന മണത്തിനു പിന്നില്‍ പ്രസര്വേറ്റീവുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കും. ഉപ്പ്, മധുരം, വിനാഗിരി പോലുള്ള പ്രസര്‍വേറ്റീവുകള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ അജിനോമോട്ടോ, നൈട്രൈറ്റ്സ്, സള്‍ഫൈറ്റ്സ് എന്നിങ്ങനെയുള്ളവ നിശ്ചിത അളവില്‍ അധികം ചേര്‍ക്കുന്നത് ഹാനികരമാണ്.
ഫാസ്റ്റ് ഫുഡ് എന്ന വിഷം
ഏറ്റവും എളുപ്പത്തില്‍ രുചികര ഭക്ഷണമായി മലയാളി തെരഞ്ഞെടുത്ത ഫാസ്റ്റ് ഫുഡില്‍ പല രാസപദാര്‍ഥങ്ങളും ചേര്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനം അജിനോമോട്ടോയാണ്. നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് ഫാസ്റ്റ് ഫുഡിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.പഴകിയ ഭക്ഷണസാധനങ്ങള്‍ക്ക് പുതുമ തോന്നിക്കുക എന്ന ലക്ഷ്യത്തോടെയും അജിനോമോട്ടോ ഉപയോഗിക്കുന്നു. ഭക്ഷണം പഴകുന്ന ദുര്‍ഗന്ധം അകറ്റി രുചികരമാക്കുന്ന എളുപ്പവിദ്യ. മാംസഭക്ഷണത്തിലാണ് അജിനോമോട്ടോ കൂടുതലായി ചേര്‍ക്കുന്നതെന്ന ധാരണ മിക്കവര്‍ക്കും ഉണ്ട്. എന്നാല്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലെയും അവിഭാജ്യ ഘടകമാണിത്.
ഹോട്ടലിന്റെ പുറംമോടിയില്‍ മയങ്ങുന്ന ഉപഭോക്താവ് ഒരിക്കലും അടുക്കളയുടെ ശുചിത്വം അറിയുന്നില്ല. ഹോട്ടലുകളില്‍ ഭക്ഷണം വറുക്കുന്നതിനും പൊരിക്കുന്നതിനും ഒരേ എണ്ണ പല തവണ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി തയാറാക്കുന്ന വിഭവങ്ങള്‍ മാരകരോഗങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുകയായി.
ജീവനക്കാരുടെ ശുചിത്വം
വൃത്തിഹീനമായ സാഹചര്യങ്ങളാണ് മിക്ക ഫാസ്റ്റ് ഫുഡ് കടകളുടെയും പിന്നാമ്പുറങ്ങള്‍. പരമ്പരാഗതമായി പഠിച്ചുവന്ന പാചകവിദഗ്ധരായിരിക്കും മിക്ക ഇടത്തരം ഹോട്ടലുകളിലും. അവര്‍ക്ക് പ്രസര്വേറ്റീവുകളെക്കുറിച്ചും നിറങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കുകയില്ല. അവയുടെ ദോഷങ്ങളറിയാതെ രുചികൂട്ടുകളായി ഇവചേര്ക്കുന്നു. അതിനാല്‍ ഹോട്ടല്‍ ജീവനക്കാരെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാരാക്കാന് പുതിയ ഭക്ഷ്യസുരക്ഷാ നിലവാര നിയമം (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ്) അനുശാസിക്കുന്നു. കാര്യങ്ങള്‍ ബോധ്യമായതിനുശേഷവും അനുവര്‍ത്തിക്കാന്‍ തയാറായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.പരാതിപ്പെടുമ്പോള്‍
ഹോട്ടല്‍ ഭക്ഷണം പഴകിയതോ മായം ചേര്ത്തുവെന്നോ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരെയാണ് വിവരം അറിയിക്കേണ്ടത്. പരാതികള്‍ ഫോണ്‍ വിളിച്ചോ എഴുതിയോ നല്‍കാം. പരാതി ലഭിക്കുന്ന ഹോട്ടലുകളില്‍ ഉടന്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നു. പഴകിയതോ വൃത്തിഹീനമായതോ ആയ സാഹചര്യത്തില്‍ പാചകം ചെയ്യ്ത ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു.എന്തിനും ഏതിനും ഹോട്ടല്‍ ഭക്ഷണമെന്ന ചിന്താഗതിമാറി ആരോഗ്യത്തിനു പ്രാമുഖ്യം നല്കുമ്പോള് ഹോട്ടല്‍ ഭക്ഷണമെന്ന മായാവലയത്തില്‍ അകപ്പെടില്ല.
പഴകിയ ഭക്ഷണം തിരിച്ചറിയാം
ഠ ഒരു ഭക്ഷണപദാര്‍ഥം പഴകിയതാണോയെന്ന് മണത്തിലൂടെതിരിച്ചറിയാം.ഠ ഭക്ഷണത്തില്‍ വലപോലെ ഉണ്ടായാല്‍ അത് പഴകിയതാണ്.
ഠ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന രുചി വ്യത്യാസമാണ് പഴകിയ ഭക്ഷണം തിരിച്ചറിയാനുള്ള മറ്റൊരു മാര്‍ഗം.
ഠ വളരെ വിലക്കുറച്ച് ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ തേടി പോകാതിരിക്കുക.
ഠ വൃത്തിഹീനമല്ലെന്ന് ഉറപ്പുള്ളസ്ഥലങ്ങളില്നിന്നു മാത്രം ഭക്ഷണം കഴിക്കുക.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
Post a Comment