Wednesday, 12 March 2014

PLASTIC POLLUTION

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല. അതിനാലാണ് ഈ പ്രശ്നം കൂടുതല്‍ ഗുരുതരം ആകുന്നത്.

PLASTIC POLLUTION

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു.

പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

ഉദാഹരണം:


നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം.

ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

No comments:

Post a Comment