Wednesday, 12 March 2014

GERMS

ടോയ്‌ലറ്റില്‍ തുടങ്ങി പല്ലിനിടയില്‍ വരെ ഒളിച്ചിരിക്കുന്ന കീടാണുക്കളെ (Germs) തുരത്താനുള്ള തരാതരം ഉത്പ്പന്നങ്ങളുടെ പരസ്യം കാണാതെ, ടി.വി. കാണുന്ന ഒരാള്‍ക്ക് ഒരുദിനം കിടന്നുറങ്ങാനാവില്ല. പരസ്യങ്ങളില്‍ കാണുന്നതിനപ്പുറം, ദിവസവും ഇടപഴകുന്ന പലയിടങ്ങളിലും മാരകമായ രോഗാണുക്കളുണ്ടെന്ന് വന്നാലോ? ആരോഗ്യത്തിലും ശുചിത്വത്തിലും ശ്രദ്ധിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങളില്‍ ഒന്നു പരിഗണിക്കുക. നിങ്ങളുടെ വീട്ടില്‍ കീടാണുക്കളുടെ ഇഷ്ടസ്ഥാനങ്ങളാണ് അവ.


അടുക്കളകുളിമുറിയിലെക്കാള്‍ ബാക്ടീരിയകളും രോഗാണുക്കളും വളരുന്നിടമാണ് അടുക്കള. അടുക്കളയില്‍ അണുക്കളുടെ ഇഷ്ടതാവളങ്ങള്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളും സ്‌ക്രബ്ബുകളും സിങ്കും പാത്രങ്ങളും തുടയ്ക്കാനുപയോഗിക്കുന്ന തുണികളുമാണ്. യു.എസിലെ നാഷണല്‍ സാനിറ്റേഷന്‍ ഫൗണ്ടേഷന്‍ അടുത്തിടെ അവിടത്തെ വീടുകളില്‍ നടത്തിയ കണക്കെടുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയ, പൂപ്പല്‍, വയറിളക്കവും ഛര്‍ദ്ദിയുമുണ്ടാക്കുന്ന സ്റ്റെഫാലോകോക്കസ് ബാക്ടീരിയ എന്നിവ അടുക്കളയിലെ നനഞ്ഞ സ്‌പോഞ്ചിലും തുണികളിലും സസുഖം പാര്‍ക്കുന്നുവെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് ഇവയെല്ലാം ദിവസവും വൃത്തിയാക്കുന്നതിലും അണുവിമുക്തമാക്കുന്നതിലും ശ്രദ്ധവെക്കണം.


സിങ്കും ഓവും

സിങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞു കിടക്കാന്‍ അനുവദിക്കരുത്. പച്ചകറി കഴുകാനുള്ള അറകൂടിയുള്ള സിങ്കാണെങ്കില്‍ പ്രത്യേകിച്ചും. അമേരിക്കയിലെ അടുക്കളകളിലെ സര്‍വേ സിങ്കില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. അമേരിക്കയിലല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട കാര്യമല്ല ഇത്. എപ്പോഴും നനവ് തങ്ങിനില്‍ക്കുന്ന സിങ്കുകളുടെയെല്ലാം കാര്യമാണിത്. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മൊണെല്ല, ലിസ്‌റ്റെറിയ ബാക്ടീരിയകളും വൃത്തിയില്ലാത്ത സിങ്കിലുണ്ടാകും. കൃത്യമായ ഇടവേളകളില്‍ സിങ്ക് വൃത്തിയാക്കാനും ബ്ലീച്ച് ചെയ്യാനും ശ്രദ്ധിക്കണം.

കട്ടിങ് ബോഡ്


തടികൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള കട്ടിങ് ബോഡ് ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ മനസ്സിലാക്കൂ, അവയുടെ വിടവുകള്‍ ബാക്ടീരിയകളുടെ കോളനികളാകും. ഉപയോഗിച്ച് പഴകിയതോ വലിയ വിള്ളലോ പൊട്ടലോ ഉള്ള ബോഡുകളാണെങ്കില്‍ അവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. കഴുകിയ ബോഡുകള്‍ ഉണക്കി സൂക്ഷിക്കണം.

കോഫീ മേക്കര്‍

കാപ്പിയുണ്ടാക്കി, കാപ്പിയുണ്ടാക്കി കാപ്പി നിറമായിപ്പോയ കോഫീ മേക്കറിലും കാണും അണുക്കള്‍ അനവധി. ഈ ഇരുണ്ട ഈര്‍പ്പമുള്ള ഇടം അവയ്ക്ക് പെരുകാന്‍ അനുകൂലമായ സാഹചര്യമാണ്. മാസത്തിലൊരിക്കലെങ്കലും കോഫീ മേക്കര്‍ നന്നായി തേച്ച് കഴുകണം. നാല് കപ്പ് വിനാഗിരി ഒഴിച്ച് അരമണിക്കൂര്‍ വെച്ച ശേഷം രണ്ട് മൂന്ന് തവണ ശുദ്ധജലത്തില്‍ കഴുകിയെടുക്കുന്നത് നന്നായിരിക്കും.

സ്റ്റവ് നോബുകള്‍

സ്റ്റവ് ഓണാക്കാനും ഓഫാക്കാനും തിരിക്കുന്ന നോബുകള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ അത്ര ശ്രദ്ധകൊടുക്കാറില്ല പലപ്പോഴും. പ്രത്യക്ഷത്തില്‍ അഴുക്കൊന്നും കാണില്ലെങ്കിലും വീട്ടിലെ അണുക്കള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളിടമാണ് അവ. സോപ്പുവെള്ളമുപയോഗിച്ച് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കിയാല്‍ അണുക്കള്‍ പെരുകുന്നത് തടയാം.

ടൂത്ത്ബ്രഷ് ഹോള്‍ഡര്‍

കുടുംബാംഗങ്ങളുടെ ബ്രഷുകള്‍ മുഴുവന്‍ കാണും ഒരു ടൂത്തബ്രഷ് ഹോള്‍ഡറില്‍. അവയുടെ നനഞ്ഞ ബ്രിസിലുകള്‍ പരസ്പരം ആലിംഗനം ചെയ്ത് ബാക്ടീരിയകളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറും. അതുകൊണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ ഹോള്‍ഡര്‍ കഴുകി തുടച്ച് വൃത്തിയാക്കണം.
മെയ്ക്കപ്പ് സാധനങ്ങള്‍
ഭക്ഷണ സാധനങ്ങള്‍ക്കെന്ന പോലെ മെയ്ക്കപ്പ് വസ്തുക്കള്‍ക്കും കാലാവധിയുണ്ടെന്ന കാര്യം ഓര്‍മിക്കുക. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ കണ്ണിലും ത്വക്കിലും മറ്റും അണുബാധയ്ക്ക് കാരണമാകും. മെയ്ക്കപ്പിടാന്‍ ഉപയോഗിക്കുന്ന ബ്രഷുകളും അതുപോലുള്ള വസ്തുക്കളും തീവ്രത കുറഞ്ഞ സോപ്പോ ഷാമ്പൂവോ ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.

ചവിട്ടി (മാറ്റ്)

ഷൂസോ ചെരിപ്പോ ഊരി മാറ്റി ഉമ്മറത്തെ ചവിട്ടിയില്‍ കാല് അമര്‍ത്തിയുരച്ച് അകത്തുകടക്കലാണ് മലയാളിയുടെ പൊതുരീതി. വിയര്‍പ്പ് പിടിച്ച കാലുകളില്‍ അണുക്കളുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയുടെ പഠനമനുസരിച്ച് മൂന്ന് മാസം ധരിക്കുന്ന 90 ശതമാനം ഷൂസിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണും. അതുകൊണ്ട് ചവിട്ടികള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. ചവിട്ടികള്‍ നിര്‍മിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് കേടുവരാതെ അവ വൃത്തിയാക്കാന്‍ കഴിയുന്ന സ്‌പ്രേകള്‍ ലഭ്യമാണ്.

ബാഗുകളും ബ്രീഫ്‌കെയ്‌സുകളും

പേഴ്‌സുകളുടെയും യാത്രാവേളകളില്‍ ഉപയോഗിക്കുന്ന ബാഗുകളുടെയും ബ്രീഫ്‌കെയ്‌സുകളുടെയും അകവും പുറവും അണുക്കളാല്‍ സമ്പന്നമായിരിക്കും. യാത്രാവേളകളില്‍ പൊതുവിശ്രമമുറികളുടെ നിലത്തും ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും തറയിലും വെക്കുന്ന ബാഗുകളുടെയും ബ്രീഫ്‌കെയ്‌സുകളുടെയും അടിയില്‍ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കളുണ്ടാകുമെന്ന് മൈക്രോബയോളജിസ്റ്റുകള്‍ പറയുന്നു. ഇവ പടിക്കുപുറത്ത് വെച്ച് വീടിനുള്ളല്‍ കയറുക സാധ്യമല്ലാത്തതിനാല്‍ പതിവായി ഇവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കഴുകാനും തുടയ്ക്കാനും കഴിയുന്നവയാണെങ്കില്‍ സോപ്പ്കലര്‍ത്തിയ ചെറുചൂടുവെള്ളമുപയോഗിച്ച് തുടയ്ക്കുന്നത് നന്നായിരിക്കും.

കിടക്കയും കിടക്കവിരികളും

മുമ്പ് പറഞ്ഞ എല്ലാ അണുക്കളെയും അഭിമുഖീകരിച്ച് ഒടുവില്‍ രാത്രി ബെഡ്ഡിലേക്ക് ചുരുണ്ടുകൂടും. വിയര്‍പ്പും ത്വക്കിലെ മൃതകോശങ്ങളും ബാക്ടീരിയയും എല്ലാം ചേര്‍ന്ന് കിടക്കവിരിയും കിടക്കയും അലര്‍ജിയും ആസ്ത്മയും ഉണ്ടാക്കുന്ന രോഗാണുക്കളുടെ പ്രിയതാവളമായി മാറും. അതുകൊണ്ട് ആഴ്ച്ചയിലൊരിക്കല്‍ കിടക്കവിരി കഴുകുക. ബെഡ് വെയിലില്‍ ചൂടാക്കുകയോ അതിന് കഴിയാത്തവര്‍ വേണ്ടവിധം അണുവിമുക്തമാക്കുകയോ ചെയ്യുക.

വാക്വം ക്ലീനര്‍ ബ്രഷുകള്‍

വാക്വം ക്ലീനര്‍ ബ്രഷുകളിലും ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നു അരിസോണ സര്‍വകലാശാല നടത്തിയ പഠനം. വാക്വം ക്ലീനറിന്റെ റിസപ്റ്റക്കിളില്‍ ഇവ യഥേഷ്ടം പെരുകുന്നു. അതുകൊണ്ട് ഓരോതവണത്തെയും ഉപയോഗം കഴിയുമ്പോള്‍ അണുവിമുക്തമാക്കാനുള്ള സ്‌പ്രേ ചെയ്യണം. ആഴ്ച്ചയിലൊരിക്കല്‍ സോപ്പ് വെള്ളത്തില്‍ കഴുകണം.

നനഞ്ഞ തുണികള്‍, വാഷിങ് മഷീന്‍

നനഞ്ഞ തുണികള്‍ ഉണക്കുന്നതിനുവേണ്ടി മാറ്റിയിടുമ്പോള്‍ ഓര്‍ക്കുക, അവയില്‍ അണുക്കളുടെ അംശം ഇനിയുമുണ്ടാകും. അവസാനം സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ മറക്കേണ്ട. അടിവസ്ത്രങ്ങളിലാണെങ്കില്‍ വിസര്‍ജ്യത്തിന്റെ ചെറിയ അംശവും ഉണ്ടാകും. സാധാരണ അലക്കുയന്ത്രത്തിനുള്ളില്‍ 10 കോടി ഇ-കോളി ബാക്ടീരിയ ഉണ്ടാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ചൂടുവെള്ളം ഉപയോഗിച്ചോ, ബ്ലീച്ച് ചെയ്‌തോ അണുവിമുക്തമാക്കണം. അടിവസ്ത്രങ്ങളും വളരെ അഴുക്കുപുരണ്ട വസ്ത്രങ്ങളും പ്രത്യേകം കഴുകുക.

ഷവര്‍ കര്‍ട്ടനുകളും ബാത്ത്ടബ് ബേസിനും

ബാത്ത് ടബ്ബും ഷവര്‍ കര്‍ട്ടനുകളും സാധാരണക്കാര്‍ക്ക് പരിചിതമല്ലായിരിക്കാം. എന്നാല്‍, കുളിമുറികള്‍ ആഡംബരത്തിന്റെ കൂടി പ്രതീകങ്ങളായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇവയിലെ അണുക്കളുടെ സാന്നിദ്ധ്യവും മനസ്സിലാക്കണം. ബാത്ത്ടബ്ബിലെ സോപ്പ് പതയില്‍ അണുബാധയ്ക്ക് കാരണമാകുന്ന മിഥൈലോബാക്ടീരിയയുടെ വരെ സാന്നിദ്ധ്യമുണ്ടാകാം. അതിനാല്‍, ടബ്ബുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. തുണികൊണ്ടുള്ള ഷവര്‍ കര്‍ട്ടനുകള്‍ പതിവായി കരുതണം. വിനൈല്‍ കര്‍ട്ടനുകളാണെങ്കില്‍ തുടയ്ക്കുകയോ പതിവായി മാറ്റുകയോ ചെയ്യണം.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ

No comments:

Post a Comment