Wednesday, 19 March 2014

PREVENTION OF CANCER

അര്‍ബുദം അഥവാ കാന്‍സര്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഭയമാണ്. പക്ഷേ പണ്ടു ഭയപ്പെട്ടതു പോലെ കാന്‍സര്‍ ഭയാനകമല്ല ഇന്ന്. ശാസ്ത്രപുരോഗതിക്കനുസരിച്ച് രോഗനിര്‍ണയത്തിനുള്ള പുതിയ ഉപകരണങ്ങളും രീതികളും ഇന്നുണ്ട്. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ വരാതിരിക്കുന്നതിനും മുന്‍കൂട്ടി കണ്ടുപിടിക്കാനും ഉള്ള പരിശോധനകളെക്കുറിച്ചും അറിഞ്ഞിരിക്കണം.

ശ്വാസകോശം, വായ, തൊണ്ട, ആമാശയം, അന്നനാളം കുടല്‍, പിത്തസഞ്ചി, കരള്‍, പാന്‍ക്രിയാസ്, തലച്ചോറ്, തൈറോയിഡ് ഗ്രന്ഥി എന്നിങ്ങനെ വിവിധ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലുമുണ്ടാവാം. അതുപോലെ രക്താര്‍ബുദം (ലുക്കീമിയ), ത്വക്കിലെ അര്‍ബുദം, ലസിക ഗ്രന്ഥികളിലെ അര്‍ബുദമായ ലിംഫോമ, എല്ലിനെ ബാധിക്കുന്നത് എന്നിങ്ങനെയുള്ള കാന്‍സറുകളും സ്ത്രീകള്‍ക്കും പുരുഷനും ഒരുപോലെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സ്ത്രീ ജനനേന്ദ്രിയ വ്യവസ്ഥയിലെ വിവിധ അവയവങ്ങളില്‍ ഉണ്ടാവുന്ന അര്‍ബുദങ്ങളും.


സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. അത് കഴിഞ്ഞാല്‍ ഗര്‍ഭാശയ ഗള കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ കൂടുതലായി കാണപ്പെടുന്നു.


കാരണങ്ങള്‍


ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കും കാരണമാകുന്നത്. ഭക്ഷണരീതി, ജീവിത ശൈലി, പുകവലി, മദ്യപാനം, പുകയിലയുടെ ഉപയോഗം എന്നിവയിലെല്ലാമുള്ള തകരാറുകളും ക്രമക്കേടുകളും കാന്‍സറിന് കാരണമാകുന്നു. ശുചിത്വമില്ലായ്മ, പൊണ്ണത്തടി, വ്യായാമരഹിതമായ ജീവിതം, പരിസര മലിനീകരണം, കീടനാശിനികള്‍, റേഡിയേഷനുകള്‍, ചിലതരം വൈറസുകള്‍, മലിനജലം, കരിച്ചുവറുത്ത ആഹാരം, എണ്ണയും കൊഴുപ്പും അന്നജവും അമിതമായി ഉപയോഗിക്കല്‍, കൃത്രിമ ആഹാരങ്ങള്‍, ഉപ്പ് കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, മാംസാഹാരം, പ്രതിരോധ ശക്തിയുടെ കുറവ് എന്നിങ്ങനെ കാന്‍സറുണ്ടാക്കുന്ന കാരണങ്ങള്‍ അനവധിയാണ്.



എങ്ങനെ തടയാം

കാന്‍സര്‍ വരാതിരിക്കാന്‍ നാം ചെയ്യേണ്ടത് നല്ല ജിവിത ശൈലിയും ശരിയായ ഭക്ഷണ രീതിയും സ്വീകരിക്കുക എന്നതാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി ഇടക്കിടെ വൈദ്യപരിശോധനകള്‍ നടത്തുകയും വേണം. കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഇത്തരം പരിശോധനകള്‍ കൊണ്ട് സാധിക്കും. കാന്‍സറിന്റെ ആദ്യഘട്ടമാണെങ്കില്‍ ചികിത്സിച്ചു ഭേദമാക്കാനും കഴിയും.



കാന്‍സര്‍ വരാതിരിക്കാന്‍

  1. എണ്ണയില്‍ വറുത്തുപൊരിച്ചതും പുകച്ചതും കരിച്ചു പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ വേവിച്ചു കഴിക്കുന്നതാണ് ഉത്തമം. ഗ്രില്‍ഡ് ചിക്കനേക്കാള്‍ നല്ലത് വേവിച്ച കോഴിക്കറിയാണ്.
  2. മൃഗക്കൊഴുപ്പ് ഒഴിവാക്കുക. പന്നി, ആട്, പശു, കാള, പോത്ത് തുടങ്ങിയ ചുവന്ന മാംസം കഴിക്കാതിരിക്കുക. ഇവ സ്തനത്തിലും കുടലിലും അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
  3. ഭക്ഷണത്തില്‍ അമിതമായ ഉപ്പ്, കൊഴുപ്പ്, എണ്ണ, മധുരം എന്നിവ ഒഴിവാക്കുക.
  4. അമിതമായി ഉപ്പിട്ടുണക്കി സൂക്ഷിക്കുന്ന ഭക്ഷണവും (ഉണക്കമീന്‍) അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയും അധികം ഉപയോഗിക്കരുത്.
  5. കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ടിന്നിലടച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക.
  6. കൃത്രിമ നിറവും മണവും രുചിയും കലര്‍ത്തപ്പെട്ട ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഒഴിവാക്കുക.
  7. വെണ്ണ, നെയ്യ്, പാല്‍കട്ടി എന്നിവയുടെ ഉപയോഗം കുറക്കുക.
  8. പൂപ്പല്‍ പിടിച്ച ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ കഴിക്കരുത്. ഇവ കരളിലെ കാന്‍സറുണ്ടാക്കാന്‍ ഇടയുണ്ട്.

ശീലിക്കേണ്ട ഭക്ഷണരീതി

  1. സസ്യാഹാരമാണ് മാംസാഹാരത്തേക്കാള്‍ ശരീരത്തിന് നല്ലത്. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
  2. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, നിലക്കടല, ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവ ഇതില്‍പെടുന്നു. വെളുത്ത അരിയേക്കാള്‍ നല്ലത് പുഴുങ്ങിയ അരിയാണ്.
  3. നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ ബീറ്റാകരോളിനും ആന്റിഓക്‌സിഡന്റുകളും കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചീര, കാരറ്റ്, മുരിങ്ങയില, പപ്പായ, കാബേജ്, തക്കാളി, തണ്ണിമത്തന്‍, കോളിഫ്‌ളവര്‍ എന്നിവ നല്ലതാണ്.
  4. നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയും ശരീരത്തിന് നല്ലതാണ്.
  5. അമിതമായി ചായയും കാപ്പിയും കുടിക്കാതിരിക്കുക. ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയ ആന്റി ആസിഡുകളും ചില വിറ്റാമിനുകളും കാന്‍സറിനെ തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  6. മഞ്ഞള്‍, മല്ലി, ഉലുവ, വെളുത്തുള്ളി, കുരുമുളക് എന്നിവ പലതരം അര്‍ബുദങ്ങളും വരാതെ തടയാന്‍ സഹായിക്കുന്നു.
  7. സന്തുലിത ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്. പോഷകക്കുറവ് കൂടുതലാണെങ്കില്‍ അത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാം.
  8. സോയാബീന്‍ പരിപ്പും സോയാബീന്‍ ഉല്‍പന്നങ്ങളും കഴിക്കുന്നതും നല്ലതാണ്. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ ദിവസേന സോയാബീന്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് സ്തനാര്‍ബുദം തടയാന്‍ സഹായിക്കും. അതുപോലെ കുടല്‍, വായ, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്, എന്നീ അവയവങ്ങളിലെ കാന്‍സറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സറും തടയാന്‍ സോയാബീന്‍ ഫലപ്രദമാണ്.

അര്‍ബുദം പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാം. അതുപോലെ പ്രധാനമാണ് ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധവച്ചാല്‍ അര്‍ബുദത്തെ അകറ്റിനിര്‍ത്താം എന്ന കാര്യവും. നാം കഴിക്കുന്ന ആഹാരത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളും അതുപോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്. ക്യാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ കാര്‍സിനോജിന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഭൂരിഭാഗം കാര്‍സിനോജനുകളും പച്ചക്കറിയില്‍ തളിക്കുന്ന കീടനാശിനികളാണ്. ആഹാരസാധനങ്ങളില്‍ വളരുന്ന പൂപ്പലുകളും പലപ്പോഴും ക്യാന്‍സറിനു കാരണമായേക്കും. അതുപോലെ ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികളും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ക്യാന്‍സറിനു കാരണമാവുന്ന മറ്റു പ്രശ്നങ്ങള്‍ അമിതവണ്ണം, വ്യായാമക്കുറവ്, അമിതമായ കൊഴുപ്പിന്റെ ഉപയോഗം എന്നിവയാണ്. ഭക്ഷണശീലത്തില്‍ വരുത്തുന്ന മാറ്റത്തിലൂടെ ഈ അപകടസാധ്യതകളും കുറയ്ക്കാം. 

ചെറുപ്പംമുതലേ സോയാബീന്‍ ആഹാരത്തില്‍ ശീലിക്കുന്നത് ബ്രസ്റ്റ്ക്യാന്‍സറില്‍നിന്ന് സംരക്ഷണം നല്‍കുന്നു. കോളന്‍ ക്യാന്‍സറില്‍നിന്നു സംരക്ഷണം നല്‍കാന്‍ ആഹാരത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. പച്ചക്കറികള്‍ , ഇലക്കറികള്‍ , പഴവര്‍ഗങ്ങള്‍ , തവിടുകളയാത്ത ധാന്യങ്ങള്‍ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നാരുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. വായ, കുടല്‍ , കിഡ്നി, ഓവറി, യൂറിനറി ബ്ലാഡര്‍ എന്നിവിടങ്ങളിലെ ക്യാന്‍സര്‍ കുറയ്ക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഫൈറ്റോ കെമിക്കലുകളും ആന്റി ഓക്സിഡന്റുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമുണ്ട്. ഇവ ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സൈസോപിന്‍ പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കും. ശ്വാസകോശം, അന്നനാളം, വയര്‍ , വായ, കുടല്‍ എന്നിവിടങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്. ഇവയിലുള്ള നാരുകളും ഫോളിക് ആസിഡ്, സെലിനിയം, വിറ്റാമിന്‍ ഇ, ഫൈറ്റോകെമിക്കല്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ദിവസേന ആഹാരത്തില്‍ 500 ഗ്രാം പഴങ്ങളും പച്ചക്കറികളുമെങ്കിലും ഉള്‍പ്പെടുത്തണം. 

ചുരുക്കിപ്പറഞ്ഞാല്‍ ധാരാളം സസ്യാഹാരം കഴിക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും. വ്യായാമം മുടങ്ങാതെ ചെയ്ത് ശരീരഭാരം നിയന്ത്രിക്കണം. കൊഴുപ്പും ഉപ്പും കുറവുള്ള ആഹാരസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം. ആരോഗ്യകരമായ പാചകരീതികള്‍ ഉപയോഗിക്കുക, ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ  ചെയ്തത്                                                        

ആരോഗ്യവാർത്തകൾ

No comments:

Post a Comment