പേവിഷബാധ സൂക്ഷിക്കുക
പേവിഷബാധ ഒരു വൈറസ് രോഗമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ രക്ഷ നേടാന്‍ ബുദ്ധിമുട്ടാണ്.ഈ രോഗം നൂറു ശതമാനവും നിയന്ത്രിക്കാമെന്നിരിക്കെ ലോകത്തിലിപ്പോഴും ഓരോ പത്ത് മിനിട്ടിലും ഒരാള്‍ക്ക് വീതം പേവിഷബാധ ഏല്‍ക്കുന്നു. പ്രതിവര്‍ഷം അമ്പതിനായിരത്തോളം മനുഷ്യര്‍ ഈ രോഗം മൂലം ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെയുള്ള പ്രതിരോഗ കുത്തിവയ്‌പുകള്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു.
മനുഷ്യരില്‍ പേവിഷബാധയുമായി നായ്‌ക്കളെ ബന്ധപ്പെടുത്തി ബി സി 1930 മുതലുള്ള കാലഘട്ടത്തിലെ ചരിത്ര രേഖകളുണ്ട്. വളര്‍ത്തുനായയുടെ ഉടമസ്ഥരില്‍ ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ അയാളെ പ്രത്യേക ബന്തവസില്‍ സൂക്ഷിക്കണമെന്നും അയാളില്‍നിന്നും കടി ഏല്‍ക്കാതിരിക്കാന്‍ വേണ്ട കരുതല്‍ ചെയ്യണമെന്നും നായയുടെ കടിയേറ്റ് പേവിഷബാധ മൂലം മറ്റാരെങ്കിലും മരിക്കാനിടയായാല്‍ നായയുടെ ഉടമസ്ഥന് കഠിനമായ പിഴ ചുമത്തണമെന്നും ഈ പുരാതന രേഖകളില്‍ പറയുന്നു.
ഇന്നും പേവിഷബാധ പരത്തുന്നതില്‍ പ്രധാന കണ്ണി നായ തന്നെ. വളര്‍ത്തുനായയും തെരുവുനായയും ഈ രോഗം പരത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.
പേ രോഗം ബാധിച്ച നായ മനുഷ്യനെയോ മൃഗങ്ങളെയോ കടിക്കുന്നു. അതിന്റെ ഉമിനീരില്‍ ധാരാളമായി ഉണ്ടായിരിക്കുന്ന വൈറസ് കടിയേറ്റ മുറിവിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് മുറിവേറ്റ ഭാഗത്തുള്ള നാഡിഞരമ്പുകളില്‍ പ്രവേശിച്ച് വൈറസ് സാവധാനം കേന്ദ്ര നാഡീവ്യൂഹത്തിലും തുടര്‍ന്ന് തലച്ചോറിലും കടക്കുന്നു. സുഷുമ്‌നാ നാഡിയിലും തലച്ചോറിലും എത്തിച്ചേര്‍ന്നാല്‍ അതിവേഗം അവ പെരുകി തലച്ചോറിലെ നാഡികോശങ്ങളിലേക്ക് കാട്ടുതീ കത്തിപ്പടരുന്നതുപോലെ വ്യാപിച്ച് തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു.
കടിയേറ്റ ഭാഗത്തുനിന്നും വൈറസ് തലച്ചോറില്‍ പ്രവേശിക്കുന്നതിന് ദിവസങ്ങളോ മാസങ്ങളോ എടുക്കുന്നു എന്നതിനാല്‍ അത് ഈ രോഗത്തെ ചെറുക്കുവാനുള്ള സമയം നമുക്ക് നല്‍കുന്നു എന്നത് മാത്രമാണ് ഒരു അനുഗ്രഹം.
നായയുടെ കടിയേറ്റ മുറിവില്‍ അപ്പോള്‍ തന്നെ അലക്കു സോപ്പും ധാരാളം വെള്ളവും കൊണ്ട് കഴുകിയാല്‍ വൈറസ് അവിടെ വച്ചുതന്നെ ഒരു പരിധിവരെ നശിക്കുന്നു. മുറിവ് ഞെക്കിപിഴിയാന്‍ പാടില്ല.
രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുമ്പ് കടിയേറ്റ ആളില്‍ ഈ വൈറസ് പ്രവര്‍ത്തിക്കുന്നുവോ എന്നറിയാന്‍ മറ്റു മാര്‍ഗമില്ല. ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ മരണം നിശ്ചയമാണ്. അതിദാരുണമായ അന്ത്യം സംഭവിക്കുന്നു. രോഗം വന്ന മൃഗങ്ങളില്‍നിന്നും മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും ഈ രോഗം പകരുന്നു എങ്കിലും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരുന്നതായ രേഖകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.
ഇപ്പോള്‍ ലോകത്തുണ്ടാകുന്ന പേവിഷബാധ മരണങ്ങളില്‍ 99 ശതമാനവും ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുമാണ്. വളര്‍ത്തു നായ്‌ക്കളുടെ എണ്ണം കൂടുന്നതോടൊപ്പം അതിനുള്ള പരിചരണവും കര്‍ശനമായി നല്‍കേണ്ടതുണ്ട്. ചൈനയില്‍ ഒരു വീട്ടില്‍ ഒരു നായയില്‍ കൂടുതല്‍ വളര്‍ത്തരുതെന്ന് നിയമം വന്നുകഴിഞ്ഞു.
നമ്മു
ടെ സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവയ്‌പുകള്‍ ഉള്‍പ്പെടെ പല പരിപാടികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അവ നിശ്ചിത പ്രദേശത്ത് നിശ്ചിത സമയത്തിനുള്ളില്‍ വ്യാപകമായി നടപ്പിലാക്കാത്തതു കാരണം ഉദ്ദേശിച്ച ഫലം ഇപ്പോഴും ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
- എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പേവിഷബാധയ്‌ക്കെതിരെ സബ്‌സിഡിയോടു കൂടിയോ പൂര്‍ണ്ണ സൗജന്യമായോ വളര്‍ത്തു നായ്‌ക്കളെ കുത്തിവയ്‌പിക്കാനും ലൈസന്‍സ് അപ്പോള്‍ തന്നെ നല്‍കാനും വേണ്ട നടപടിയും ഫണ്ടും ഇന്നത്തെക്കാള്‍ കൂടുതല്‍ സൗകര്യപ്പെടുത്തുക.
- മുനിസിപ്പല്‍ നഗര പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള പഞ്ചായത്തുകളിലും വാക്‌സിനേഷന് വിപുലമായ പരിപാടികള്‍ നടപ്പിലാക്കുക.
- ഒരു പ്രദേശത്തെ 70 ശതമാനത്തിലധികം വളര്‍ത്തു നായ്‌ക്കളേയും ഒരു മാസത്തിനുള്ളില്‍ തന്നെ കുത്തിവയ്‌പിച്ചാല്‍ ആ പ്രദേശത്ത് നിശ്ചയമായും പേവിഷബാധ മൂലമുള്ള കടിയും തുടര്‍ന്നുള്ള ചികിത്സാ കുത്തിവയ്‌പും 75 ശതമാനം കുറയ്‌ക്കാനാകും. ഇതു തുടര്‍ച്ചയായി മൂന്നു വര്‍ഷം നടപ്പിലാക്കിയാല്‍ ആ പ്രദേശം പേവിഷ നിയന്ത്രിത പ്രദേശമായിത്തീരും.
- 70 ശതമാനത്തിലധികം വാക്‌സിനേഷന്‍ നടത്തിക്കഴിഞ്ഞാല്‍ ആദ്യ വര്‍ഷം മുതല്‍ തന്നെ അവിടെയുണ്ടാകുന്ന പേപ്പട്ടിയില്‍ നിന്നുള്ള കടിയും തുടര്‍ ചികിത്സയുടെയും എണ്ണം മൃഗാശുപത്രി, മെഡിക്കല്‍ ആശുപത്രി എന്നിവയില്‍നിന്നും ശേഖരിച്ചു രേഖപ്പെടുത്തുക.
- അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്‌ക്കളെ ഒരു പരിധിവരെ ഉന്മൂലനം ചെയ്യുക. അതിനുള്ള നിയമ തടസ്സങ്ങള്‍ മാറ്റിയെടുക്കുക.
- നഗരങ്ങളില്‍ തെരുവു പെണ്‍പട്ടികളെ പിടികൂടി വന്ധ്യംകരണത്തിനും വാക്‌സിനേഷനും വിധേയമാക്കുക. അവയുടെ ശസ്‌ത്രക്രിയയ്‌ക്ക് വേണ്ടുന്ന ഉപകരണങ്ങളും മരുന്നും നഗരസഭകളുടെ ചെലവില്‍ പ്രത്യേകം ഏര്‍പ്പെടുത്തുക.
- ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പേവിഷ നിയന്ത്രണത്തിന് നേതൃത്വം നല്‍കുന്നതിനും അതു വിലയിരുത്തുന്നതിനും കണ്‍ട്രോള്‍ കമ്മിറ്റികള്‍ സംഘടിപ്പിക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകള്‍, ഈ വിഷയത്തിലെ വിദഗ്‌ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി റാബീസ് കണ്‍ട്രോള്‍ കമ്മിറ്റികള്‍ നിലവില്‍ വരുത്തുകയും സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ ഇതിലേക്ക് ഫണ്ട് ഉദാരമായി നീക്കിവയ്‌ക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക.
ദാരുണമായ ഈ രോഗത്തിനെതിരെ ദയനീയമായി നോക്കിനില്‍ക്കാതെ അതിനെ കര്‍ശനമായി നിയന്ത്രിക്കാന്‍ വേണ്ട നിയമ നടപടികളും സാമൂഹ്യബോധവല്‍ക്കരണവുംനടപ്പിലാക്കാന്‍ ഇനിയും താമസിച്ചുകൂടാ.
പേവിഷബാധ: മുന്‍കരുതല്‍ വൈകിക്കരുത്
-------------------------------------------------
രോഗം ബാധിച്ചാല്‍ നൂറുശത മാനവും മരണസാധ്യതയുള്ള തെന്ന് ആരോഗ്യശാസ്ത്രം പറയുന്ന പേവിഷബാധയ്‌ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ മടികാണിക്കരുതെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. പേവിഷബാധയ്‌ക്കെ തിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വളര്‍ത്തുമൃഗങ്ങള്‍, വനത്തിലെ ജന്തുക്ക ള്‍ എന്നിവയുടെ കടിയോ ആക്രമണമോ ഏറ്റാല്‍ ഉടന്‍ പ്രതിരോധ കുത്തിവയ്പിനു തയാറാകണം.കടിയേറ്റാല്‍ ഉടന്‍ വേണ്ടത്
- മൃഗങ്ങളുടെ കടിയോ ആക്രമണമോ ഏറ്റാല്‍ ആ ഭാഗം ഉടന്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകണം. പേവിഷം പുറത്തു വരുന്നതു പ്രധാനമായും ഉമിനീര്‍വഴിയായതിനാല്‍ മുറിവു കഴുകുന്പോള്‍ 50% അണുക്കളും പുറത്തു പോകും.
- കടിച്ച മൃഗം ഏതെന്നു തിരിച്ചറിയാന്‍ ശ്രമിക്കുക.
- കടിച്ച മൃഗത്തെ നിരീക്ഷിക്കുക. പേയുള്ള മൃഗമാണെങ്കില്‍ പേബാധയേല്‍ക്കുന്പോഴാണ് ആക്രമണകാരിയാകുന്നത്. ഇത്തരം മൃഗങ്ങള്‍ 10 ദിവസങ്ങള്‍ക്കകം പേയിളകി ചാകും.
- പേബാധിച്ച പട്ടികളിലും മൃഗങ്ങളിലും രണ്ടു തരത്തിലാണു പേവിഷബാധ ലക്ഷണങ്ങള്‍ കാട്ടുന്നത്. പേബാധിച്ച മൃഗം ആഹാരം കഴിക്കാതെ കിടന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചാകും. ആക്രമണകാരിയായി കാണുന്നവ മനുഷ്യരെയും മൃഗങ്ങളെയും ഒാടിനടന്നു കടിക്കും.
- പൂച്ച, കുരങ്ങ്, കുറുക്കന്‍ തുടങ്ങിയ എല്ലാ ജീവികളിലും പേവിഷബാധ ഉണ്ടാകാം. എന്നാല്‍, എലികളില്‍ പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചികിത്സ
കഴുത്ത്, തല, മുഖം (തലചേ്ചാറിനോടു ചേര്‍ന്ന ഭാഗങ്ങള്‍, വിരലുകളുടെ അറ്റം) എന്നിവയില്‍ മുറിവുകളുണ്ടായാല്‍ ഇത് അതീവ ഗൗരവമായി കണ്ട് കുത്തിവയ്പും അനുബന്ധ ചികിത്സകളും നിര്‍ബന്ധമായി ചെയ്‌യുക. ടിടി നിര്‍ബന്ധമായും എടുക്കുക. കുത്തിവയ്പ് എടുത്തവര്‍ മദ്യപിക്കാന്‍ പാടില്ല. മറ്റു ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ല.നായ്‌ക്കളെ വളര്‍ത്താം സൂക്ഷ്‌മതയോടെ *********************************
മനുഷ്യനുമായി ഏറെ അടുത്തിടപഴകുന്ന വളര്‍ത്തുമൃഗമാണ് നായ. ഉടമയോട് ഇത്രമാത്രം സ്‌നേഹവും നന്ദിയും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന മൃഗം വേറെയില്ല. വര്‍ഷം എത്ര കഴിഞ്ഞാലും നായയ്‌ക്ക് അതിന്റെ യജമാനനെ തിരിച്ചറിയാന്‍ സാധിക്കും. മറ്റ് വളര്‍ത്തു മൃഗങ്ങളേക്കാള്‍ വീട്ടില്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് നായകള്‍ക്കാണ്. വീടിന് അകവും പുറവും അവന് ഒരുപോലെ പ്രിയപ്പെട്ടതാണ്. കുടുംബാംഗങ്ങളുമായി ചങ്ങാത്തം കൂടാനും കളിക്കാനും വലിയ ഇഷ്‌ടവുമാണ്. എന്നാല്‍ നായയെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശ്രദ്ധയോടെ വേണം.പേവിഷബാധ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മനുഷ്യനിലേക്ക് പകരാന്‍ നായകാരണമാകും. അതിനാല്‍ നായ്‌ക്കുട്ടിയെ വാങ്ങുമ്പോള്‍ മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സൂക്ഷ്‌മമായ പരിചരണം ആവശ്യമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യം കൂടി പരിഗണിച്ചുവേണം നായയെ വാങ്ങാന്‍. ആസ്‌ത്മയോ പൊടി അലര്‍ജിയോ കുടുംബത്തിലുണ്ടെങ്കില്‍ വീട്ടിനുള്ളില്‍ നായയെ കയറ്റി ശീലിപ്പിക്കരുത്. ഇവര്‍ക്ക് രോമം കുറവുള്ള നായ്‌ക്കളാവും ഉത്തമം.
നായ്‌ക്കുട്ടിയെ വാങ്ങുമ്പോള്‍
ഉന്മേഷത്തോടെ ഓടിനടക്കുന്ന ആരോഗ്യമുള്ള നായ്‌ക്കുട്ടികളെ തെരഞ്ഞെടുക്കണം. പുതിയ അന്തരീക്ഷവുമായി ഇണങ്ങാന്‍ നായ്‌ക്കുട്ടിക്ക് ഏതാനും ദിവസങ്ങള്‍ വേണ്ടിവന്നേക്കും. മൂടിതുറന്ന ചെറു പെട്ടിയില്‍ നായക്കുട്ടിയെ ആദ്യ കാലങ്ങളില്‍ സൂക്ഷിക്കാവുന്നതാണ്. വീട്ടില്‍ നായ്‌ക്കുട്ടിക്ക് സുരക്ഷിതത്വബോധം ഉണ്ടാകും വരെ കരച്ചിലും ബഹളങ്ങളും ഉണ്ടാകും. നായ്‌ക്കുട്ടിയെ വാങ്ങുമ്പോള്‍ പ്രതിരോധ കുത്തിവയ്‌പ്, വിരമരുന്ന്, ആഹാരക്രമം എന്നിവ ചോദിച്ച് മനസിലാക്കണം.സ്‌നേഹപ്രകടനങ്ങള്‍ നിയന്ത്രിക്കുക
ചെറിയ കുട്ടികള്‍ നായ്‌ക്കുട്ടിയ്‌ക്കൊപ്പം കളിക്കാന്‍ ഇഷ്‌ടപ്പെടും. എന്നാല്‍ കളിപ്പാട്ടം പോലെ നായ്‌ക്കുട്ടിയെ എടുക്കുന്നതും കളിക്കുന്നതും തടയണം. നായ്‌ക്കുട്ടികളെ ഉമ്മവയ്‌ക്കാനും കൂടെ കിടത്തി ഉറക്കാനും മറ്റും അനുവദിക്കരുത്. നായയുടെ മൂക്കില്‍ നിന്നുള്ള സ്രവവും ചെറു രോമങ്ങളും കുട്ടികളുടെ ദേഹത്തും വസ്‌ത്രത്തിലും പറ്റിപ്പിടിക്കും. ഇത് ശരീരത്തിനുള്ളില്‍ പോകാനും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.വീട്ടിലെത്തിയാല്‍ നായ്‌ക്കുട്ടിക്ക് കൊടുത്തു ശീലിപ്പിച്ച ആഹാരം തന്നെ കൊടുത്തു തുടങ്ങുക. നായ്‌ക്കുട്ടി ആഹാരം കഴിക്കുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികള്‍ ഈ സമയം നായ്‌ക്കുട്ടിലെ പിടിക്കുകയോ കളിപ്പിക്കാന്‍ ചെല്ലുകയോ അരുത്. അവരുടെ ആഹാരം തട്ടിയെടുക്കാന്‍ വന്നതാകുമോ എന്ന ചിന്ത നായ്‌ക്കുട്ടിയെ പ്രകോപിക്കാം. ആഹാരം കഴിക്കുമ്പോള്‍ തീറ്റപ്പാത്രം നീക്കുകയോ മാറ്റുകയോ ചെയ്യരുത്.
ആഹാരം കൈയിലെടുത്തുകൊടുത്ത് ശീലിപ്പിക്കരുത്.
സ്‌നേഹത്തോടെയാണെങ്കില്‍പോലും പരിചയമില്ലാത്തവര്‍ നായ്‌ക്കളുടെ തലയില്‍ തട്ടുകയോ തലോടുകയോ ചെയ്യരുത്. ദേഹത്തേക്ക് ചാടിക്കയറി കഴുത്തില്‍ കൈചുറ്റിപ്പിടിച്ചു നില്‍ക്കാന്‍ നിന്നുകൊടുക്കരുത്. നമ്മുടെ മുഖം നായയുടെ മുഖവുമായി ചേര്‍ക്കരുത്. നീട്ടിയ കൈകളില്‍ മണക്കാതെ പിന്നോട്ടു നീങ്ങുന്ന നായയെ ഒരു കാരണവശാലും തൊടാന്‍ ശ്രമിക്കരുത്. യജമാനനൊപ്പം ഇരിക്കുന്ന നായയുടെ അടുത്തേക്ക് ഓടിയോ, ഒച്ചവച്ചോ അടുക്കരുത്. യജമാനനെ ആക്രമിക്കുകയാണെന്നു കരുതി നായ പ്രതികരിച്ചെന്നിരിക്കും. കെട്ടിയിട്ടിരിക്കുന്ന നായയുടെ സമീപത്തേക്ക് ഉടമസ്‌ഥന്റെ സാന്നിധ്യമില്ലാതെ പോകുന്നത് ഒഴിവാക്കണം.
അക്രമകാരിയായ നായ അപ്രതീക്ഷിതമായി അടുത്തുവന്നാല്‍ ഓടാനോ ഒച്ചവയ്‌ക്കാനോ ശ്രമിക്കാതെ ധൈര്യം സംഭരിച്ച് അനങ്ങാതെ നില്‍ക്കുക. ഓടിയാല്‍ നായ പിന്തുടരാനും കടിക്കാനും സാധ്യതയുണ്ട്. കൈകള്‍ ശരീരത്തോടു ചേര്‍ത്തു പിടിക്കുക. ഓടിയടുക്കുന്ന നായയുടെ നേരെ കൈകള്‍ വീശുകയോ അടിക്കുന്നതുപോലെ ആംഗ്യം കാണിക്കുകയോ ചെയ്യരുത്.
കുരച്ചുകൊണ്ടു നേരെ വരുന്ന നായയുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കാതിരിക്കുക. ഇത് നായയെ കൂടുതല്‍ പ്രകോപിപ്പിക്കും. അക്രമവാസനയുള്ള നായകളെ വന്ധ്യംകരണ ശസ്‌ത്രക്രിയയിലൂടെ നിയന്ത്രിച്ചു നിര്‍ത്താം. വന്ധ്യംകരണ ശസ്‌ത്രക്രിയ ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ മാറ്റം വരികയും കടിക്കാനുള്ള പ്രവണത കുറയുകയും ചെയ്യും.
ആരോഗ്യവാർത്തകൾ
No comments:
Post a Comment