Latest Post :
Home » , , » UNSAFE DRINKING WATER

UNSAFE DRINKING WATER

{[['']]}
മിനറല്‍ വാട്ടര്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവോ ?

ഇറ്റലിയിലുളള ബിസ്ലേരി ലിമിറ്റഡ് എന്ന കമ്പനിയാണ് “ബിസ്ലേരി” എന്ന പേരില്‍ 1965 ല്‍ ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെയില്‍ “ബോട്ടില്‍ഡ് മിനറല്‍ വാട്ടര്‍” കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയില്‍ കുടിവെളളം വില്‍ക്കുന്ന എല്ലാ കമ്പനികളും തങ്ങളുടെ ഉത്പന്നം 100 ശതമാനം സുരക്ഷിതമെന്നും രുചികരമെന്നും, ആരോഗ്യപ്രദമെന്നും, ബാക്ടീരിയ രഹിതമെന്നും അവകാശപ്പെടുന്നു.

പാര്‍ലേ ബിസ്ലേരി, കൊക്കൊകോള, പെപ്സികോ, പാര്‍ലേ ആഗ്രോ, നെസില്‍, മൌണ്ട് എവറസ്റ്റ്, കിങ്ഫിഷര്‍, മണിക്ചന്ദ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടര്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഗ്ളാസ്സിനേക്കാള്‍ ചെലവു കുറഞ്ഞതും ഭാരക്കുറവും ആയതിനാലാണ് പ്ളാസ്റിക് ബോട്ടിലുകള്‍ വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഭാരക്കുറവ് ആയതിനാല്‍ ട്രാസ്പോര്‍ട്ടേഷനുളള ചെലവ് കുറയ്ക്കാമെന്നത് നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കോടിക്കണക്കിന് രൂപയാണ് ബോട്ടിലില്‍ നിറയ്ക്കുന്ന കുടിവെളളം സുരക്ഷിതമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി പരസ്യങ്ങള്‍ക്കായി ബഹുരാഷ്ട്ര കുത്തകകള്‍ ചെലവാക്കിയത്.




ഐക്യരാഷ്ട്രസമിതി ലോകമൊട്ടാകെയുളള 122 രാജ്യങ്ങളിലെ ബോട്ടിലില്‍ നിറച്ച കുടിവെളളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പരിതാപകരമായി 120 ആയിരുന്നു. “ഡിസ്റ്റിലേഷന്‍”, “റിവേഴ്സ് ഓസ്മോസിസ്”, “ഫില്‍ട്രേഷന്‍”, “ഓസോണേഷന്‍” അഥവാ ഓസോണ്‍ വാതകം ഉപയോഗിച്ച് അണുജീവികളെ നശിപ്പിക്കല്‍ തുടങ്ങി വിവിധരീതികളിലാണ് വെളളം ശുദ്ധീകരിക്കുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍സ്റ്റാന്‍ഡേര്‍ഡ്സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനികളില്‍ 55 ശതമാനവും കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേഷനുളള 1800 മിനറല്‍ വാട്ടര്‍ കമ്പനികള്‍ മാത്രമായിരുന്നു നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 3000 ത്തിലെത്തി നില്‍ക്കുന്നു.


ബോട്ടിലിലെ രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും


ബോട്ടിലുകളില്‍ നിറച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറിന്റെ പ്രശ്നങ്ങള്‍, നിറയ്ക്കുന്ന ബോട്ടിലില്‍ തന്നെയാണ് ആരംഭിക്കുന്നത്. “പോളി എതിലിന്‍ ടെറിഫ്താലേറ്റ്” (Poly Ethylene Terephthalate) അഥവാ “PET” എന്ന പ്ളാസ്റിക് കൊണ്ടുണ്ടാക്കിയ ബോട്ടിലുകളാണ് വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. പോളിയെസ്റര്‍ തുണിത്തരങ്ങളുടെയും കാര്‍പെറ്റുകളുടെയും നിര്‍മ്മാണത്തിലുപയോഗിക്കുന്ന രാസവസ്തു ആണ് “പോളി എഥിലിന്‍ ടെറിഫ്താലേറ്റ്”. വാട്ടര്‍ ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ ആന്റിമണി ട്രൈ ഓക്സൈഡ് എന്ന രാസ ത്വരകമാണ് ഉപയോഗിക്കുന്നത്. “പെറ്റ്” ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ കെമിക്കല്‍ അഡിറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കി ബോട്ടില്‍ ആകൃതി വരുത്തുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ ബോട്ടിലില്‍ അവശേഷിക്കാന്‍ സാധ്യതയേറെയാണ്. നിര്‍മ്മാണപ്രക്രിയയുടെ അന്തിമഘട്ടത്തില്‍ പെറ്റ്ബോട്ടിലില്‍ “അസറ്റാല്‍ഡിഹൈഡ്” എന്ന രാസവസ്തുവും കയറിക്കൂടുന്നു. ബോട്ടിലുകളില്‍ നിറച്ച വെളളം കുടിക്കുമ്പോഴുണ്ടാകുന്ന ചെറിയ രുചി വ്യത്യാസം അസറ്റാല്‍ഡിഹൈഡിന്റേതാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നതിനുളള സാധ്യത വളരെയാണ്.

“പെറ്റ്” ബോട്ടിലുകളില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചറിയാന്‍ കഴിയാത്ത രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഈസ്ട്രോജന്റെയോ മറ്റ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെയോ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശേഷിയുണ്ടെന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിലെ ഇക്കോ ടോക്സിക്കോളജിസ്റും പ്രമുഖ ഗവേഷകനുമായ മാര്‍ട്ടിന്‍ വാഗ്നര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടിവെളള നിര്‍മ്മാതാക്കള്‍ വെളളം ഉപയോഗിക്കാവുന്ന അവസാനതീയതി ബോട്ടിലില്‍ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

അടുത്തയിടെ ജര്‍മനിയില്‍ നടന്ന ഒരു ശാസ്ത്രീയ പഠനത്തില്‍ പ്ളാസ്റിക് ബോട്ടിലുകളില്‍ നിന്നും മാരകമായ വിഷവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നുവെന്ന് കണ്ടെത്തി. റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളില്‍ നിന്നും രാസവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നത് കുറവായിരിക്കും. എന്നാല്‍ ഉയര്‍ന്ന ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ പ്ളാസ്റിക്കില്‍ നിന്നുളള രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലേക്ക് ഊറിയിറങ്ങാന്‍ സാധ്യത കൂടുതലായിരിക്കും.

ഓഫീസുകളിലെയും ഫാക്ടറികളിലെയും ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന കുടിവെളളം ദിവസങ്ങളോളം കാനുകളില്‍ ഇരിക്കുമ്പോള്‍ അതിന്റെ രുചിയും മണവും വ്യത്യാസപ്പെടുന്നതായി കാണാം. മിനറല്‍വാട്ടര്‍ നിര്‍മ്മാണത്തിനുവേണ്ടി ശേഖരിക്കുന്ന ജലത്തില്‍ അണുജീവികള്‍ ഉണ്ടായിരിക്കാം. അണുജീവികളെ നശിപ്പിച്ചാലും പിന്നീടും അണുജീവികളുടെ സാന്നിധ്യമുണ്ടാകാം. ആരോഗ്യവാന്മാരായ ആളുകളില്‍ ഇതുമൂലം വയറിന് ചെറിയ അസ്വസ്ഥത മാത്രമേ ഉണ്ടാകുന്നുളളൂവെങ്കില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നേരിയ തകരാറുളളവര്‍ക്ക് ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.


മഴവെളളം ശുദ്ധമായ ജലം

മെല്‍ബോണിലെ മൊണാഷ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍, മഴവെളളസംഭരണിയില്‍ ശേഖരിച്ച മഴവെളളമാണ് കുടിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ജലമെന്നാണ് പറയുന്നത്. വര്‍ഷങ്ങളായി നാം ഉപയോഗിച്ചുകൊണ്ടിരി ക്കുന്ന ജലം സുരക്ഷിതമല്ലെന്ന് ചിലര്‍ ചിന്തിക്കുമ്പോള്‍ ഒരു ആസ്ട്രേലിയന്‍ പഠനമനുസരിച്ച് മനുഷ്യാരോഗ്യത്തിന് ശുദ്ധീകരിക്കാത്ത മഴവെളളം യാതൊരു ഹാനിയും വരുത്തില്ലെന്നാണ് കണ്ടെത്തിയത്.

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍വ്വചന പ്രകാരം മിനറല്‍ വാട്ടര്‍ 250 പി.പി.എം (പാര്‍ട്സ് പെര്‍ മില്യന്‍) മിനറലുകള്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ജലമാണ്. സാങ്കേതികമായി പറഞ്ഞാല്‍ സ്വേദനപ്രക്രിയ നിര്‍വ്വഹിക്കുകയോ, രാസപ്രക്രിയയിലൂടെ മൃദുവാക്കുകയോ ചെയ്യാത്തിടത്തോളം കാലം ഭൂമിയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ജലം മിനറല്‍ വാട്ടര്‍ തന്നെയാണ്. രണ്ട് തലമുറകള്‍ക്ക് മുമ്പ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കിണറ്റിലെ ധാതുലവണങ്ങളാല്‍ സമൃദ്ധമായ കുടിവെളളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.


ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ ചെലവ്

ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിന് ചെലവാകുന്ന തുകയുടെ നൂറിരട്ടിയാണ് ഉപഭോക്താവിന്റെ കൈയില്‍ നിന്നും കമ്പനികള്‍ വാങ്ങുന്നത്. 12 രൂപ വിലയുളള ഒരു കുപ്പി മിനറല്‍ വാട്ടറിന്റെ തൊഴില്‍ ചെലവ് മാറ്റിനിറുത്തിയാല്‍ വരുന്ന വില വെറും 25 പൈസ മാത്രമാണ്. ബോട്ടിലിന്റെ പുറത്ത് മിനറല്‍ വാട്ടര്‍ എന്ന ലേബല്‍തന്നെ അര്‍ത്ഥരഹിതമാണ്. നിയമമനുസരിച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറില്‍ ധാതുലവണങ്ങളുടെ അളവ് എത്രയുണ്ടാകണമെന്ന് കൃത്യമായി പറയുന്നില്ല.


ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ വിവിധ പരിശോധനാ ഫലങ്ങള്‍

അഹമ്മദ്ബാദ് ആസ്ഥാനമായുളള സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ “കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സൊസൈറ്റി” (CERS) ഇന്ത്യയിലെ 13 ബ്രാന്‍ഡ് മിനറല്‍ വാട്ടര്‍ കമ്പനികളുടെ ഉത്പന്നങ്ങളെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. 13 ബ്രാന്‍ഡുകളില്‍ പത്തിലും അന്യവസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായി പഠനത്തിലൂടെ മനസ്സിലാക്കി.

ഇന്ത്യയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേഷനില്ലാതെ മിനറല്‍ വാട്ടര്‍ വില്പന നടത്തുന്ന കമ്പനികളെയും ഈ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ബോര്‍വെല്‍ വാട്ടര്‍ നേരിട്ടും ബോര്‍വെല്‍ വാട്ടറും മിനറല്‍ വാട്ടറും കലര്‍ത്തിയും വില്പന നടത്തുന്ന കമ്പനികളുമുണ്ട്. 

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡല്‍ഹിയില്‍ വിവിധ കമ്പനികളുടെ മിനറല്‍ വാട്ടറില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ അളവിനെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. 34 ഓളം മിനറല്‍ വാട്ടര്‍ ബ്രാന്‍ഡുകളാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. വിവിധ കമ്പനികള്‍ നിര്‍മ്മിക്കുന്ന മിനറല്‍ വാട്ടറില്‍ “ഓര്‍ഗാനോ ഫോസ്ഫറസ്, “ഓര്‍ഗാനോ ക്ളോറിന്‍” തുടങ്ങിയ കീടനാശിനികള്‍ കുറഞ്ഞതോതില്‍ കണ്ടെത്തിയിരുന്നു.



പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍

ആഗോളതലത്തില്‍ 1.5 മില്യന്‍ ടണ്‍ പ്ളാസ്റിക് മാലിന്യങ്ങളാണ് ഉപയോഗം കഴിഞ്ഞ കുടിവെളള ബോട്ടിലുകളായി വര്‍ഷംതോറും ഉണ്ടാകുന്നത്. ഇതില്‍ 20 ശതമാനം പുന:ചംക്രമണം ചെയ്യപ്പെടുന്നു. ബാക്കിവരുന്ന 80 ശതമാനം മണ്ണിനടിയിലേക്കും സമുദ്രത്തിലേക്കുമാണ് പോകുന്നത്. സമുദ്രത്തിലെ മത്സ്യ വിഭവസമ്പത്തിന് ഇത് അപകടകരമായ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.


മിനറല്‍ വാട്ടര്‍ ദിവസേന കുടിക്കേണ്ടതുണ്ടോ ?

വിറ്റാമിനുകള്‍ ദിവസേന ശരീരത്തിന് ആവശ്യമാണെങ്കിലും മിനറലുകള്‍ ശരീരത്തിന് കുടിവെളളത്തില്‍കൂടി ദിവസേന നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് സന്ദേഹമുണ്ട്. സമീകൃതമായ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങള്‍ ലഭിക്കുന്നതാണ്. പാലിലും, പച്ചക്കറികളിലും, ധാന്യങ്ങളിലും, പയര്‍വര്‍ഗ്ഗങ്ങളിലും ഒക്കെ ശരീരത്തിനാവശ്യമായ ധാതുലവണ ങ്ങള്‍ വേണ്ടുവോളം അടങ്ങിയിട്ടുണ്ട്.


ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന് പ്രിയമേറുന്നു

മണ്‍കുടങ്ങളില്‍ വെളളം നിറച്ച് ആവശ്യത്തിനുപയോഗിച്ചുകൊണ്ടിരുന്ന പഴയ ഭാരതീയ സമ്പ്രദായം ഉപേക്ഷിച്ച് പ്ളാസ്റിക് കാനുകളിലും, ഡ്രമ്മുകളിലും വെളളം നിറച്ച് വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന രീതി ഇന്ന് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. 5 ലിറ്ററിന് മുകളിലുളള പരമ്പരാഗതമല്ലാത്ത ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ വില്പന അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കു കയാണ്.

അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ മിനറല്‍ വാട്ടര്‍ ഉപഭോക്താക്കള്‍. മെക്സിക്കോ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഒരു അമേരിക്കക്കാരന്‍ പ്രതിവര്‍ഷം ശരാശരി 79 ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഉപയോഗിക്കുന്നു.

ഒരിക്കല്‍ സമ്പന്ന വര്‍ഗ്ഗക്കാര്‍ മാത്രമാണ് മിനറല്‍ വാട്ടര്‍ ഉപയോഗിച്ചിരുന്ന തെങ്കില്‍ ഇന്ന് ഏതു സാമ്പത്തികശ്രേണിയില്‍പ്പെട്ടവരും ബോട്ടിലില്‍ നിറച്ച കുടിവെളളം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഏറ്റവും ശുദ്ധമായ കുടിവെളളം എന്ന് കരുതിയാണ് ആവശ്യക്കാരന്‍ മിനറല്‍ വാട്ടറിനെ ആശ്രയിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ മിനറല്‍വാട്ടര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ റെയില്‍വേ സ്റേഷനുകളിലും, മാളുകളിലും, ബസ് സ്റേഷനുകളിലും, പ്രൊവിഷന്‍ സ്റോറുകളിലും മുറുക്കാന്‍ കടകളിലും വരെ എത്തിച്ച് കച്ചവടം തകൃതിയാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബോട്ടില്‍ഡ് വാട്ടറിന്റെ വില്‍പന ആഗോളതലത്തില്‍ വളരെയധികം ഉയര്‍ന്നിട്ടുണ്ട്.

2009 ല്‍ ലോകത്താദ്യമായി ന്യൂ സൌത്ത് വെയ്ല്സിലെ ബുന്‍ഡാനൂണില്‍ ബോട്ടിലില്‍ നിറച്ച കുടിവെളളത്തിന്റെ ഉപയോഗം നിയമംമൂലം നിരോധിക്കുക യുണ്ടായി. കൂടുതല്‍ അളവിലുളള വലിയ പാക്കിംഗ് മിനറല്‍ വാട്ടറിനെക്കാളും ചെറിയ പാക്കിംഗുകള്‍ക്കാണ് ഇന്ത്യയില്‍ പ്രിയം.

  ജീവിതശൈലിയുടെ ഭാഗമായി ബോട്ടില്‍ഡ് മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ജര്‍മ്മനിയിലെപ്പോലെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഒരു ഫാഷനായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഇറ്റലിയിലെയും ഫ്രാന്‍സിലെയും മുന്‍നിരയിലുളള മിനറല്‍വാട്ടര്‍ ബ്രാന്‍ഡുകള്‍ ഇന്ന് ലഭ്യമാണ്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger