{[['']]}
അസിഡിറ്റിയും ആഹാരശീലവും
ഡോ. സൂരജ് രാജന്മറുനാട്ടില് ഒരാഴ്ചത്തെ ബിസിനസ് സന്ദര്‍ശനത്തിന് എത്തുന്ന മലയാളിയായാലും എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് എവിടെ ഉണ്ടെന്നാണ്. ഉള്ളിത്തീയലും മോരുകറീം പരിപ്പും പൂളക്കിഴങ്ങും കഴിക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍കഴിയാത്ത മലയാളിയുടെ ഈ രുചിവാശിതന്നെയാണ് അവര്‍ക്കിടയിലെ ഏറുന്ന അസിഡിറ്റിയുടെ മുഖ്യകാരണം. മരുന്നു കഴിച്ചോ ആഹാരം നിയന്ത്രിച്ചോ നേരിടേണ്ട രോഗാവസ്ഥ തന്നെയാണ് അസിഡിറ്റി.
ശല്യം എത്ര തീവ്രമാണെന്നതനുസരിച്ചാണ് അസിഡിറ്റി മരുന്നില്ലാതെ നിയന്ത്രിക്കാന്‍പറ്റുമോ എന്നത്. എരിവ്, പുളി എന്നീ രുചികളുണ്ടാക്കുന്ന ആഹാരഘടകങ്ങള്‍ നന്നേ കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത് മലയാളിയെ സംബന്ധിച്ചേടത്തോളം ആത്മഹത്യ ചെയ്യാന്‍ പറയുന്നതുപോലെയാണ് എന്നതാണ് അനുഭവം.
1) സാമ്പാര്‍, രസം/മുളകൂഷ്യം, തീയല്‍, കൂട്ടുകറി, ഒഴിച്ചുകൂട്ടാന്‍, പുളിശേരി തുടങ്ങിയവയും തേങ്ങയിട്ടു വറുത്തരച്ച മീന്‍കറികള്‍, ചമ്മന്തി, ഉപ്പിലിട്ടത്, സകലമാന അച്ചാറുകള്‍ (ഇഞ്ചി, മാങ്ങ, നാരങ്ങ) എന്നിവയും പാടേ ഉപേക്ഷിക്കുകയോ മുളക്/കുരുമുളക്/പുളി/വിനാഗിരി എന്നിവ ഇല്ലാതെ ഇവയുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ആദ്യപടി. പുളിപ്പിച്ച മോരും തൈരും ഒക്കെ ഇതില്‍ പെടും. ഇതോടെതന്നെ അസിഡിറ്റി പകുതിയാകും.
2) ഒരുനേരത്തെ ആഹാരത്തിന്റെ മൊത്തം അളവ് കുറച്ച് അതിനെ പല ചെറുഭാഗങ്ങളാക്കി ദിവസം അഞ്ചോ ആറോ നേരത്തേക്ക് ആക്കുക. അതായത്, വയറൊഴിഞ്ഞ് ആസിഡും ദഹനരസവും ഉണ്ടാകാനുള്ള സമയം കുറയ്ക്കാന്‍ ശ്രമിക്കുക എന്നര്‍ഥം. ഇടനേരങ്ങളില്‍ ടീറസ്കോ, ബിസ്കറ്റോ പുളിയില്ലാത്ത പഴവര്‍ഗങ്ങളോ ഒക്കെ ആകാം. പക്ഷേ ഇതു കേട്ട് ദിവസം 3000 കലോറിയുടെ ഭക്ഷണംകഴിക്കുന്ന അവസ്ഥയാവരുതു താനും.
3) കിടക്കയിലേക്ക് ചരിയുന്നതിനോ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്നതിനോ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും മുമ്പ് ആഹാരം കഴിച്ചിരിക്കണം. അഥവാ, ആഹാരം കഴിഞ്ഞുടനെ കിടക്കരുത്, അത് തികട്ടിവരും. ആഹാരം കഴിഞ്ഞു കിടക്കുന്നതുകൊണ്ടല്ല തികട്ടിവരുന്നത്. മറിച്ച്, അസിഡിറ്റിശല്യമുള്ള മിക്കവരിലും കാണുന്ന ആഹാരക്കുഴലും വയറും ചേരുന്നേടത്തെ മുറുക്കക്കുറവുമൂലമാണിത്. ഈ ഭാഗത്തെ ഒരു സ്ഫിങ്റ്റര്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ വയറ്റില്‍ (ആമാശയം) ചെന്ന ആഹാരം തികട്ടി ആഹാരക്കുഴലിലൂടെ (അന്നനാളം) പൊങ്ങാന്‍പാടില്ലാത്തതാണ്. എന്നാല്‍, ആമാശയാന്നനാള തികട്ടല്‍ ഉള്ളവരില്‍ ഈ സ്ഫിങ്റ്റര്‍ ശരിക്കു മുറുകുകയില്ല. അങ്ങനെ ദഹനരസവും ആസിഡും മുകളിലേക്കു തികട്ടിയൊഴുകും. ഇത് അസിഡിറ്റിയുള്ളവരിലെ പ്രധാന പ്രശ്നമാണ്. ഇതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നത്. ഗുരുത്വാകര്‍ഷണംവഴി ആഹാരത്തെ ആമാശയത്തില്‍തന്നെ (തികട്ടി പൊങ്ങാതെ) നിര്‍ത്താനുള്ള സാധ്യത സ്ഫിങ്റ്റര്‍ പ്രശ്നമുള്ള രോഗി ആഹാരംകഴിഞ്ഞ് ഉടനെ കിടക്കുമ്പോള്‍ ഇല്ലാതാകുന്നു.
4) പുകയിലയ്ക്ക് അസിഡിറ്റി കൂട്ടാനാവും. പുകവലി അല്ലെങ്കില്‍തന്നെ ക്യാന്‍സര്‍കാരിയാണ്. അത് കുറച്ചുകൊണ്ടുവരിക, സാവധാനം ഉപേക്ഷിക്കുക. അസിഡിറ്റിയുള്ളവര്‍ മദ്യം നന്നേ കുറയ്ക്കുക. കഴിക്കുന്നെങ്കില്‍ അത് ആഹാരത്തിനോടൊപ്പം മാത്രം. സാവധാനം അതും ഒഴിവാക്കുക. ഇത്രയുംകൊണ്ട് ചെറിയ നിലയിലുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും നിയന്ത്രിക്കാന്‍ പറ്റും. എന്നാല്‍, അധികം ആളുകള്‍ക്കും പഥ്യം എന്നത് തുടരാനാവില്ലാത്തതുകൊണ്ടുതന്നെ കാലക്രമേണ മരുന്നിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രധാനം: അന്നനാളത്തിലും ആമാശയത്തിലും വരുന്ന ക്യാന്‍സറുമായി അസിഡിറ്റി എന്ന രോഗലക്ഷണത്തിനു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘകാല അസിഡിറ്റികള്‍, വിശേഷിച്ച് ആറ് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നവ, നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ട അവസ്ഥയാണ്. അസിഡിറ്റിക്കെതിരെയുള്ള മരുന്നുകള്‍ കൃത്യമായ നിര്‍ദേശത്തോടെ കഴിച്ചിട്ടും അത് കുറയുന്നില്ലെങ്കില്‍ കുഴല്‍ പരിശോധന (എന്‍ഡോസ്കോപ്പി) പോലുള്ളവ ചെയ്ത് അസിഡിറ്റിയുടെ കാരണവും അതുമൂലം വയറിനുണ്ടായ പരിക്ക് എത്രയെന്ന് അളക്കലും ആവശ്യമാണ്. വര്‍ഷങ്ങളോളം അസിഡിറ്റിശല്യംകൊണ്ട് നടക്കുന്നവര്‍, 50 വയസ്സിനുമേല്‍ പ്രായമായിട്ട് അസിഡിറ്റിശല്യം വരുന്നവര്‍, സ്ഥിരം പുകവലിക്കാര്‍ തുടങ്ങിയവരാണ് ആമാശയ ക്യാന്‍സറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും സഹായം തേടേണ്ടതും.
അവലംബം-ദേശാഭിമാനി കിളിവാതിൽ
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
Post a Comment