Latest Post :
Home » , , , » FOOD BORN DISEASES,MALAYALAM ARTICLE

FOOD BORN DISEASES,MALAYALAM ARTICLE

{[['']]}

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നിവാരണത്തിനിറങ്ങുക എന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. ബോട്ട് മുങ്ങി നിരവധി പേര്‍ ഒറ്റയടിക്ക് മരിക്കുമ്പോള്‍ മാത്രമേ ബോട്ടുകളുടെ സുരക്ഷാ പരിശോധനക്ക് പടപ്പുറപ്പാട് നടത്താറുള്ളൂ. കുട്ടികളെ കുത്തിനിറച്ച സ്കൂള്‍ വാഹനം അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ മാത്രമേ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് പരക്കംപായുന്ന സ്കൂള്‍ വാഹനങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂ. ഒരു കാടിളക്കലിനും അന്വേഷണത്തിനും ശേഷം എല്ലാം കെട്ടടങ്ങും. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഫയലിലുറങ്ങും. ഒടുവില്‍ അടുത്ത ദുരന്തത്തിനായി നമ്മള്‍ കാത്തിരിക്കും. ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചപ്പോള്‍ മാത്രമാണ് ഭക്ഷണശാലകളുടെ വൃത്തിയെക്കുറിച്ചും അവര്‍ പാലിക്കേണ്ട ശുചിത്വ മര്യാദകളെക്കുറിച്ചും ഓര്‍ക്കാന്‍ പോലും നമ്മള്‍ തുനിഞ്ഞത്.


കേരളത്തില്‍ ഇന്ന് ഏറ്റവും വളര്‍ച്ച നേടിയ ബിസിനസാണ് ഹോട്ടല്‍ വ്യവസായം. ചെറു പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ദിനേന ഹോട്ടലുകളും റസ്റ്റാറന്‍റുകളും മുളച്ചുപൊന്തുകയാണ്. അവയിലെല്ലാം ആവശ്യക്കാരുമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകുന്ന ശീലമുള്ള മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഹോട്ടലുകളെയാണ്. അതില്‍ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആവേശത്തോടെ ആരംഭിച്ച റെയ്ഡ് ഇപ്പോള്‍ സാവധാനത്തിലായിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അതും കെട്ടടങ്ങും. ഭക്ഷണശാലകളില്‍ കൃത്യമായ പരിശോധന സമയാസമയങ്ങളില്‍ നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
വേണ്ടത്ര പരിശീലനമോ ബോധവത്കരണമോ ലഭിക്കാത്ത ജീവനക്കാരാണ് ഒട്ടുമുക്കാല്‍ ഹോട്ടലുകളിലുമുള്ളത്. ഏതൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് ഒരു ബോധവുമില്ല. സത്യത്തില്‍ ഈ അജ്ഞതയുടെ ഇരകളായി മാറുന്നത് സാധാരണ ഉപയോക്താക്കളാണ്. പലതരം അസുഖങ്ങളുമായി നിത്യേന നിരവധിപേര്‍ ആശുപത്രികളില്‍ വരുന്നുണ്ട്. ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, അമീബിയാസ് തുടങ്ങിയവയുമായി വരുന്നവരില്‍ മിക്കവരും പതിവായി ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്ന് മനസ്സിലായിട്ടുണ്ട്.

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും അവിടെ ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ നിലവാരമില്ലായ്മയും ഒക്കെയാണ് ഇതിന് ഒരു പ്രധാന കാരണം. ഹോട്ടലുകളിലെ ശുചിത്വം എന്നത് ഹോട്ടലുകളിലെ ഭൗതിക സാഹചര്യങ്ങളുടെയും അവിടത്തെ ജീവനക്കാരുടെയും ശുചിത്വം കൂടിയാണ്. പഴയ ചില സിനിമകളില്‍ ചായയില്‍ വിരലിട്ട് മേശപ്പുറത്തുകൊണ്ടു വെക്കുന്ന കോമഡി കഥാപാത്രങ്ങളെ കാണാം. പലയിടങ്ങളിലും ഇതേ രീതി ഇപ്പോഴുമുണ്ട്. വെട്ടിവെടിപ്പാക്കാത്ത നഖങ്ങളും ഫംഗസ് പോലുള്ള ത്വഗ്രോഗങ്ങളുമുള്ള ജീവനക്കാര്‍ ഭക്ഷണത്തിലും അതിന്‍െറ അണുക്കളെ വിതരണം ചെയ്യുന്നു. ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ വരെ ഹോട്ടല്‍ ജീവനക്കാരില്‍ കാണാറുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുകയും ഇടക്കിടെ വൈദ്യപരിശോധന നടത്തുകയും ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ ബാധ്യതയാണ്. ശുചിത്വവും ആരോഗ്യവും ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ജീവനക്കാരായിരിക്കാന്‍ അനുവാദം നല്‍കാന്‍ പാടില്ലാത്തതാണ്. അവര്‍ക്ക് വെടിപ്പുള്ള യൂനിഫോം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുപുറമെ ശുചിത്വ ബോധവത്കരണവും മാസംതോറും വൈദ്യപരിശോധനയും നടത്തുകയും ചെയ്താല്‍ ജീവനക്കാരുടെ ആരോഗ്യവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കാനാവും.


മാരകമായ പല രോഗങ്ങളും കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. നമ്മുടെ പല നഗരങ്ങളിലെയും ഹോട്ടലുകളില്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. ഈ ടാങ്കറുകള്‍ എവിടെനിന്നാണ് വെള്ളം ശേഖരിക്കുന്നത് എന്നറിയാനോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വെള്ളമെത്തിക്കുന്നത് എന്ന് പരിശോധിക്കാനോ ഒരു സംവിധാനവും ഇവിടെയില്ല. ഇതൊരു വന്‍ ബിസിനസായി മാറിയിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും എവിടെ നിന്നും വെള്ളമെടുത്ത് വിതരണം ചെയ്ത് പണമുണ്ടാക്കാം എന്ന നിലയിലായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതും മെഡിക്കല്‍ കോളജിലെ ഡോക്ടറടക്കം ഒട്ടേറെപേര്‍ മരിച്ചതും ഏതാനും വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. പരിസരത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്ത വെള്ളമായിരുന്നു വില്ലന്‍ എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.


ചൂടുവെള്ളത്തില്‍ അണുക്കള്‍ കാണില്ല എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതുകൊണ്ടായിരിക്കണം ഹോട്ടലുകളില്‍ കയറിയാല്‍ നമ്മള്‍ ചൂടുവെള്ളം ആവശ്യപ്പെടുന്നതും. കരിങ്ങാലി, ജീരകം, പതിമുകം തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട വെള്ളമാകുമ്പോള്‍ ധൈര്യമായി കുടിക്കുകയും ചെയ്യും. പച്ചവെള്ളത്തിലേക്ക് തിളച്ച വെള്ളം കുറച്ച് ഒഴിച്ച് കുടിക്കാന്‍ പാകത്തിലാക്കിയാണ് ഹോട്ടലുകള്‍ വിതരണം ചെയ്യുന്നത്. വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്നുള്ള വെള്ളമാണ് എന്നുറപ്പുണ്ടായാല്‍ പോലും അഞ്ചുമിനിറ്റില്‍ കുറയാതെ തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. എങ്കിലേ രോഗകാരികളായ അണുക്കള്‍ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാവൂ. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഹോട്ടലുകള്‍ നല്‍കുന്നുള്ളൂ എന്നുറപ്പുവരുത്തണം.


ശീതള പാനീയങ്ങളും ജ്യൂസ്, ഐസ്ക്രീം തുടങ്ങിയവയും ഏറ്റവും കൂടുതല്‍ ചെലവാകുന്ന സംസ്ഥാനമാണ് കേരളം. സര്‍ബത്ത്, ജ്യൂസ് എന്നിവയിലൊക്കെ ഐസ് പൊട്ടിച്ചിട്ട് നല്‍കാറുണ്ട്. സ്കൂളുകള്‍ക്ക് സമീപം ഐസ് മിഠായി പോലുള്ളവ വില്‍പന നടത്തുന്നുമുണ്ട്. ഈ ഐസ് ഏതുതരം വെള്ളത്തില്‍നിന്ന് ഉണ്ടാക്കിയതാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത്? മത്സ്യം കേടുകൂടാതിരിക്കാന്‍ ഉണ്ടാക്കുന്ന ഐസ്പോലും സര്‍ബത്തില്‍ ഉപയോഗിക്കുന്ന നിരവധി കടകള്‍ നമ്മുടെ നാട്ടിലുണ്ട്.


പൂജ്യം ഡിഗ്രി ഊഷ്മാവില്‍ താഴെ അണുക്കള്‍ നിലനില്‍ക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഐസ് വിഴുങ്ങുന്നത്. എന്നാല്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഈ തണുപ്പിലും അതിജീവിക്കുകയും അനുകൂലമായ സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നതാണ്. ശീതളപാനീയത്തിലും സര്‍ബത്തിലുമൊക്കെ ഐസിടുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം നിതാന്ത ജാഗ്രത കാണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. കാരണം, ഓരോ ദിവസവും നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന്‍െറ അളവ് വര്‍ധിച്ചുവരുകയാണ്.
ദൂരയാത്ര പോകുമ്പോഴാണ് നമ്മള്‍ മിനറല്‍ വാട്ടര്‍ എന്നറിയപ്പെടുന്ന കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. പൂര്‍ണമായി അണുവിമുക്തമാക്കിയതും മാലിന്യങ്ങള്‍ ഇല്ലാത്തതും ആവശ്യമായ ധാതു ലവണങ്ങള്‍ അടങ്ങിയതുമായ വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന് പറയുന്നത്. യഥാര്‍ഥ സ്രോതസ്സുകളായ മലനിരകള്‍ പോലുള്ള ഉദ്ഭവ സ്ഥാനത്തുനിന്ന് എടുത്തു ശുചിയാക്കിയാലേ ഈ നിലവാരമുള്ള വെള്ളം ലഭിക്കുകയുള്ളൂ.


എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് എത്ര കമ്പനികള്‍ ഇവിടെ വെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്? വമ്പന്‍ കമ്പനികള്‍ വന്‍ പരസ്യത്തിന്‍െറ അകമ്പടിയോടെ വില്‍ക്കുന്ന വെള്ളം പോലും അത്യന്തം ശുചിത്വമേറിയതല്ല. പല കമ്പനികളും ഭൂഗര്‍ഭ ജലം കുഴല്‍ക്കിണറുകള്‍ വഴി ശേഖരിച്ചാണ് കുപ്പിയിലാക്കുന്നത്. അയണ്‍, ആഴ്സനിക്, ഫ്ളൂറൈഡ് തുടങ്ങിയ ആരോഗ്യത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഖന ലോഹങ്ങളുടെ സാന്നിധ്യം ഈ വെള്ളത്തില്‍ കൂടുതലുമായിരിക്കും.


ഹോട്ടലുകളിലും ബേക്കറികളിലും ഏറ്റവും അപകടകാരി ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ എണ്ണയിലാണ് ചിപ്സും മിക്സ്ചറും മറ്റും ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും അതേ എണ്ണതന്നെ ഉപയോഗിക്കുകയും അതിലേക്ക് പുതിയ എണ്ണ ഒഴിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ സൃഷ്ടിക്കുന്ന അത്യന്തം അപകടകാരിയായി അത് മാറുന്നു. നിറത്തിനും മണത്തിനും രുചിക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മറ്റൊരു കൊടുംഭീകരന്‍. ഉദരരോഗങ്ങള്‍ക്കും കാന്‍സറിനും കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ഇവയൊക്കെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയും ബോധവത്കരണവും ആവശ്യമാണ്. അതാണ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ലക്ഷ്യംവെക്കേണ്ടത്.


വീട് നിര്‍മാണത്തില്‍ ഇന്ന് ഏറ്റവും ചെലവേറിയ ഭാഗം അടുക്കളയാണ്. പക്ഷേ, അതില്‍ പാചകം നന്നേ കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക വിപര്യയം. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഒരിടം മാത്രമായി അടുക്കളകള്‍ മാറിയിരിക്കുന്നു. അടുക്കള പൂട്ടി ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശെയായി എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇതുമൂലം രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുകയാണ് എന്ന് തിരിച്ചറിയുക. നമുക്ക് ഏറ്റവും യോജിച്ചത് ഈ ഫാസ്റ്റ് ഫുഡ് അല്ല; പരമ്പരാഗതമായി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചുവന്നിരുന്ന നമ്മുടെ തനത് രുചികള്‍തന്നെയാണ്. അത് തിരിച്ചറിയുകയാണെങ്കില്‍ ആരോഗ്യത്തോടെ കുറെക്കാലം കൂടി ജീവിക്കാന്‍ നമുക്കു കഴിയും.


ഈ പോസ്റ്റ് ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 





Share this article :

+ comments + 1 comments

8 June 2021 at 13:57

I was married at 32 and immediately tried to get pregnant. When I was unable to conceive I had blood tests for fertility and was told that I had an FSH (follicle stimulating hormone) of 54 and would not be able to have children. Even though the doctors knew that I had been diagnosed with Hashimoto’s thyroiditis since age 25, no one bothered to check my thyroid levels. my TSH was measured at .001. My Synthroid dosage was lowered. a friend advise me to contact a spiritualist who help with fertility with his medicine, i collected his contact and explain my situation to him he prepared for me a herbal medicine which i took as describe by him. became pregnant very quickly, I had a successful pregnancy. I have my baby august 2017. to get pregnant at age 35 with my 2nd child in september 2019, thank you sir , this is his email contact if you require his help babaka.wolf@gmail.com or Facebook at priest.babaka

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger