Latest Post :
Home » , , » PUBLIC HEALTH

PUBLIC HEALTH

{[['']]}
PUBLIC HEALTH - MALAYALAM ARTICLE

പൊതുജനാരോഗ്യം: WHO പഠനങ്ങള്‍


ലോകജനതയുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലോകാരോഗ്യ സംഘടന ചിലവ് കുറഞ്ഞതും ലളിതവുമായ മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്
. ഇവയെ ചോയ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്നു.


ലോകത്തെ ആരോഗ്യനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 14 മേഖലകളാക്കി തിരിച്ച് ഓരോ പ്രദേശത്തിന്റെയും പ്രമുഖ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ട മാര്‍ഗങ്ങളാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്
. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും പ്രസക്തമായതും അതേ സമയം പ്രതിരോധിക്കാന്‍ കഴിയുന്നതുമായ 25 രോഗകാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കുട്ടികളുടെയും അമ്മമാരുടെയും തൂക്കകുറവ്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തസമ്മര്‍ദ്ദം, പുകവലി, മദ്യപാനം, ശുതിത്വമില്ലായ്മ, മലിനജലം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഖര ഇന്ധനങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക പുക, വിളര്‍ച്ച, അമിതഭാരം എന്നിവയാണ് രോഗാതുരതയ്ക്കും മരണത്തിനും പ്രമുഖകാരണങ്ങളായ ആരോഗ്യപ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.



ലോകത്ത് വര്‍ഷം തോറും സംഭവിക്കുന്ന 5.6 കോടി മരണങ്ങളില്‍ 40 ശതമാനത്തിനും കാരണം ഈ പറഞ്ഞ പത്ത് പ്രശ്നങ്ങളാണ്. ആരോഗ്യകരമായ ജീവിതചര്യയിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനാറിലധികവും വികസിത രാജ്യങ്ങളില്‍ അഞ്ചിലധികവും വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന പ്രവചിക്കുന്നു.

തൂക്കക്കുറവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവുമാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രശ്നമെങ്കില്‍ പുകവലിയും രക്തസമ്മര്‍ദ്ദവുമാണ് അമേരിക്കയിലെയും യൂറോപ്പിലെയും വെല്ലുവിളികള്‍.


വികസ്വര രാജ്യങ്ങളിലെ 17 കോടി കുട്ടികളാണ് പോഷണക്കുറവ് മൂലം തൂക്കം കുറഞ്ഞവരായി കാണപ്പെടുന്നത്. വര്‍ഷം തോറും 34 ലക്ഷം കുട്ടികളാണ് മരണമടയുന്നത്. ദാരിദ്യ്രനിര്‍മാര്‍ജനത്തിനു പുറമെ മുലയൂട്ടാന്‍ പ്രേരിപ്പിച്ചും വയറിളക്കവും ശ്വാസകോശരോഗാണുബാധയും ചികില്‍സിച്ചു വേണം ഈ ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍..
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച്ച്. ഐ. വി/ എയ്ഡ്സ് പകരുന്നതാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇപ്പോഴത്തെ ഭീഷണി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇപ്പോഴത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 47 വയസ്സു മാത്രമാണ്. ഇത് 62 വയസ്സാക്കി ഉയര്‍ത്താന്‍ എയ്ഡ്സിന്റെ നിയന്ത്രണത്തിലൂടെ മാത്രം കഴിയും. എയ്ഡ്സ് നിയന്ത്രണത്തിനായി വ്യക്തി തലത്തിലും സാമൂഹിക തലത്തിലും ചെയ്യേണ്ട പ്രതിരോധ നടപടികള്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.


രക്തസമ്മര്‍ദ്ദം മൂലം 71 ലക്ഷം പേരാണ് വര്‍ഷം തോറും മരണമടയുന്നത്. മൊത്തം മരണസംഖ്യയുടെ 13 ശതമാനമാണ് ഇത്.രക്തസമ്മര്‍ദ്ദം, തലച്ചോറ്,ഹൃദയം, വൃക്കകള്‍ എന്നീ അവയവങ്ങളിലേക്കുള്ള രക്തവാര്‍ച്ചയിലേക്കും മരണത്തിലേക്കും ഇത് നയിക്കുന്നു. രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. ആഹാരത്തിലെ അമിതമായ ഉപ്പും കൊഴുപ്പും കുറയ്ക്കുക, പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും കഴിക്കുക. പതിവായി വ്യായാമം ചെയ്യുക എന്നീ ജീവിതചര്യകള്‍ വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും. ഈ രോഗപ്രതിരോധ നടപടികളോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളുമുള്ളവര്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ചിലവു കുറഞ്ഞ മരുന്നും കഴിക്കേണ്ടതാണ്. പുകവലിക്കും മരണസംഖ്യ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ഏകദേശം അരക്കോടിയോളം പേരുടെ ജീവനാണ് പുകവലി മൂലം പ്രതിവര്‍ഷം നഷ്ടപ്പെടുന്നത്. പുകവലിയുടെ പരസ്യം നിരോധിക്കുക, സിഗരറ്റ് പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് അച്ചടിക്കുക, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുക, പുക വലിക്കുന്നവര്‍ക്കിടയില്‍ അത് നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങള്‍ സംഘടിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടേത്. 10 ശതമാനം വിലവര്‍ധന വരുത്തിയാല്‍ അത് ഇവയുടെ വില്‍പനയില്‍ 2-10 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിക്കോട്ടിനു പകരമുള്ള വസ്തുക്കളുടെ പ്രചാരം ചിലവേറിയതാണെങ്കിലും വികസിത രാജ്യങ്ങളില്‍ ഇത് പുകവലി കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. നിക്കോട്ടിന്‍, ചൂയിംഗം, നേസല്‍ സ്പ്രേ, ഇന്‍ഹേലേഴ്സ് എന്നീ മാര്‍ഗങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
പരിസര ശുതിത്വ സംവിധാനങ്ങളുടെ അഭാവവും ശുദ്ധജലദൌര്‍ലഭ്യവും മൂലം 17 ലക്ഷം പേരാണ് മരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന ശുദ്ധജലദൌര്‍ലഭ്യം 2015-ാമാണ്ടോടെ പകുതിയായി കുറയ്ക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. കുടിവെള്ളം ഉപയോഗിക്കുന്നിടത്ത് രോഗാണുവിമുക്തമാക്കുന്ന രീതി നടപ്പിലാക്കുന്നതാണ് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ആഹാരത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലം 25 കോടി ജനങ്ങളെയാണ് വിളര്‍ച്ച ബാധിക്കുന്നത്. മാതൃ-നവജാത ശിശുമരണങ്ങള്‍ക്ക് ഇത് പ്രധാന കാരണമാണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിനും വിളര്‍ച്ച കാരണമാകുന്നുണ്ട്. ഇരുമ്പും ഫോളിക്കാസിഡും പ്രത്യേകമായോ ആഹാരത്തില്‍ ചേര്‍ത്തോ നല്‍കണം.


ലോ
കാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിട്ടുള്ള രോഗകാരണങ്ങളില്‍ മിക്കവയും ഉയര്‍ന്ന ആരോഗ്യനിലവാരമുണ്ടെങ്കിലും കേരളത്തിലും കാണപ്പെടുന്നുണ്ട്. മരണനിരക്ക് കുറവാണെങ്കിലും കേരളത്തിലും രോഗാതുരത കൂടുതലാണല്ലോ. വര്‍ഷം തോറും പല പകര്‍ച്ച വ്യാധികള്‍ കേരളത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരളവും ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
 
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger