Latest Post :
Recent Post
Showing posts with label MALAYALAM ARTICLE. Show all posts
Showing posts with label MALAYALAM ARTICLE. Show all posts

Acidity and Food Habit


അസിഡിറ്റിയും ആഹാരശീലവും

ഡോ. സൂരജ് രാജന്‍

മറുനാട്ടില്‍ ഒരാഴ്ചത്തെ ബിസിനസ് സന്ദര്‍ശനത്തിന് എത്തുന്ന മലയാളിയായാലും എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് എവിടെ ഉണ്ടെന്നാണ്. ഉള്ളിത്തീയലും മോരുകറീം പരിപ്പും പൂളക്കിഴങ്ങും കഴിക്കാതെ ഒരു രാത്രിപോലും ഉറങ്ങാന്‍കഴിയാത്ത മലയാളിയുടെ ഈ രുചിവാശിതന്നെയാണ് അവര്‍ക്കിടയിലെ ഏറുന്ന അസിഡിറ്റിയുടെ മുഖ്യകാരണം. മരുന്നു കഴിച്ചോ ആഹാരം നിയന്ത്രിച്ചോ നേരിടേണ്ട രോഗാവസ്ഥ തന്നെയാണ് അസിഡിറ്റി.

ശല്യം എത്ര തീവ്രമാണെന്നതനുസരിച്ചാണ് അസിഡിറ്റി മരുന്നില്ലാതെ നിയന്ത്രിക്കാന്‍പറ്റുമോ എന്നത്. എരിവ്, പുളി എന്നീ രുചികളുണ്ടാക്കുന്ന ആഹാരഘടകങ്ങള്‍ നന്നേ കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത് മലയാളിയെ സംബന്ധിച്ചേടത്തോളം ആത്മഹത്യ ചെയ്യാന്‍ പറയുന്നതുപോലെയാണ് എന്നതാണ് അനുഭവം.

1) സാമ്പാര്‍, രസം/മുളകൂഷ്യം, തീയല്‍, കൂട്ടുകറി, ഒഴിച്ചുകൂട്ടാന്‍, പുളിശേരി തുടങ്ങിയവയും തേങ്ങയിട്ടു വറുത്തരച്ച മീന്‍കറികള്‍, ചമ്മന്തി, ഉപ്പിലിട്ടത്, സകലമാന അച്ചാറുകള്‍ (ഇഞ്ചി, മാങ്ങ, നാരങ്ങ) എന്നിവയും പാടേ ഉപേക്ഷിക്കുകയോ മുളക്/കുരുമുളക്/പുളി/വിനാഗിരി എന്നിവ ഇല്ലാതെ ഇവയുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതാണ് ആദ്യപടി. പുളിപ്പിച്ച മോരും തൈരും ഒക്കെ ഇതില്‍ പെടും. ഇതോടെതന്നെ അസിഡിറ്റി പകുതിയാകും.

2) ഒരുനേരത്തെ ആഹാരത്തിന്റെ മൊത്തം അളവ് കുറച്ച് അതിനെ പല ചെറുഭാഗങ്ങളാക്കി ദിവസം അഞ്ചോ ആറോ നേരത്തേക്ക് ആക്കുക. അതായത്, വയറൊഴിഞ്ഞ് ആസിഡും ദഹനരസവും ഉണ്ടാകാനുള്ള സമയം കുറയ്ക്കാന്‍ ശ്രമിക്കുക എന്നര്‍ഥം. ഇടനേരങ്ങളില്‍ ടീറസ്കോ, ബിസ്കറ്റോ പുളിയില്ലാത്ത പഴവര്‍ഗങ്ങളോ ഒക്കെ ആകാം. പക്ഷേ ഇതു കേട്ട് ദിവസം 3000 കലോറിയുടെ ഭക്ഷണംകഴിക്കുന്ന അവസ്ഥയാവരുതു താനും.






3) കിടക്കയിലേക്ക് ചരിയുന്നതിനോ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്നതിനോ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും മുമ്പ് ആഹാരം കഴിച്ചിരിക്കണം. അഥവാ, ആഹാരം കഴിഞ്ഞുടനെ കിടക്കരുത്, അത് തികട്ടിവരും. ആഹാരം കഴിഞ്ഞു കിടക്കുന്നതുകൊണ്ടല്ല തികട്ടിവരുന്നത്. മറിച്ച്, അസിഡിറ്റിശല്യമുള്ള മിക്കവരിലും കാണുന്ന ആഹാരക്കുഴലും വയറും ചേരുന്നേടത്തെ മുറുക്കക്കുറവുമൂലമാണിത്. ഈ ഭാഗത്തെ ഒരു സ്ഫിങ്റ്റര്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ വയറ്റില്‍ (ആമാശയം) ചെന്ന ആഹാരം തികട്ടി ആഹാരക്കുഴലിലൂടെ (അന്നനാളം) പൊങ്ങാന്‍പാടില്ലാത്തതാണ്. എന്നാല്‍, ആമാശയാന്നനാള തികട്ടല്‍ ഉള്ളവരില്‍ ഈ സ്ഫിങ്റ്റര്‍ ശരിക്കു മുറുകുകയില്ല. അങ്ങനെ ദഹനരസവും ആസിഡും മുകളിലേക്കു തികട്ടിയൊഴുകും. ഇത് അസിഡിറ്റിയുള്ളവരിലെ പ്രധാന പ്രശ്നമാണ്. ഇതാണ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നത്. ഗുരുത്വാകര്‍ഷണംവഴി ആഹാരത്തെ ആമാശയത്തില്‍തന്നെ (തികട്ടി പൊങ്ങാതെ) നിര്‍ത്താനുള്ള സാധ്യത സ്ഫിങ്റ്റര്‍ പ്രശ്നമുള്ള രോഗി ആഹാരംകഴിഞ്ഞ് ഉടനെ കിടക്കുമ്പോള്‍ ഇല്ലാതാകുന്നു.

4) പുകയിലയ്ക്ക് അസിഡിറ്റി കൂട്ടാനാവും. പുകവലി അല്ലെങ്കില്‍തന്നെ ക്യാന്‍സര്‍കാരിയാണ്. അത് കുറച്ചുകൊണ്ടുവരിക, സാവധാനം ഉപേക്ഷിക്കുക. അസിഡിറ്റിയുള്ളവര്‍ മദ്യം നന്നേ കുറയ്ക്കുക. കഴിക്കുന്നെങ്കില്‍ അത് ആഹാരത്തിനോടൊപ്പം മാത്രം. സാവധാനം അതും ഒഴിവാക്കുക. ഇത്രയുംകൊണ്ട് ചെറിയ നിലയിലുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും നിയന്ത്രിക്കാന്‍ പറ്റും. എന്നാല്‍, അധികം ആളുകള്‍ക്കും പഥ്യം എന്നത് തുടരാനാവില്ലാത്തതുകൊണ്ടുതന്നെ കാലക്രമേണ മരുന്നിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാനം: അന്നനാളത്തിലും ആമാശയത്തിലും വരുന്ന ക്യാന്‍സറുമായി അസിഡിറ്റി എന്ന രോഗലക്ഷണത്തിനു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘകാല അസിഡിറ്റികള്‍, വിശേഷിച്ച് ആറ് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നവ, നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ട അവസ്ഥയാണ്. അസിഡിറ്റിക്കെതിരെയുള്ള മരുന്നുകള്‍ കൃത്യമായ നിര്‍ദേശത്തോടെ കഴിച്ചിട്ടും അത് കുറയുന്നില്ലെങ്കില്‍ കുഴല്‍ പരിശോധന (എന്‍ഡോസ്കോപ്പി) പോലുള്ളവ ചെയ്ത് അസിഡിറ്റിയുടെ കാരണവും അതുമൂലം വയറിനുണ്ടായ പരിക്ക് എത്രയെന്ന് അളക്കലും ആവശ്യമാണ്. വര്‍ഷങ്ങളോളം അസിഡിറ്റിശല്യംകൊണ്ട് നടക്കുന്നവര്‍, 50 വയസ്സിനുമേല്‍ പ്രായമായിട്ട് അസിഡിറ്റിശല്യം വരുന്നവര്‍, സ്ഥിരം പുകവലിക്കാര്‍ തുടങ്ങിയവരാണ് ആമാശയ ക്യാന്‍സറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും സഹായം തേടേണ്ടതും.
അവലംബം-ദേശാഭിമാനി കിളിവാതിൽ


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



{[['']]}

Method For Mosquito Control



രോഗങ്ങളുമായി മൂളിപ്പറക്കുന്ന കൊതുകിനെ ഓടിക്കാന്‍ കറന്റും രാസപദാര്‍ത്ഥങ്ങളുമൊക്കെയുപയോഗിച്ച് എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി തളര്‍ന്നു. എന്നിട്ടും വെറുമൊരു കൊതുകിന് മുന്നില്‍ ഇന്നും ഉറക്കം നഷ്ടപ്പെടുന്നു. വൈദ്യുതിയോ രാസപദാര്‍ത്ഥങ്ങളോ ഒന്നും വേണ്ടാതെ കൊതുകുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന യന്ത്രം കണ്ടുപിടിച്ച മലയാളിക്ക് പക്ഷേ ഇപ്പോഴും അധികൃതരുടെ അവഗണന. മുട്ടയിടാനുള്ള സാഹചര്യമൊരുക്കി കൊതുകുകളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന 'ടേക്ക് ഇറ്റ് ഈസി' യന്ത്രവുമായി ഇ. സി. തോമസാണ് കൊതുകുനശീകരണത്തിന് ഫലവത്തായ വഴി കണ്ടുപിടിച്ചത്. അധികൃതര്‍ മുന്‍കൈയെടുത്താല്‍ വ്യാപകമായി ഈ യന്ത്രം സ്ഥാപിച്ച് കൊതുകുകളെ അകറ്റാനാകുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. രാജ്യത്തെ നിരവധി ശാസ്ത്രജ്ഞരുടെ അംഗീകാരം നേടിയിട്ടും അധികൃതര്‍ താത്പര്യമെടുക്കാത്ത അവസ്ഥയാണ്.



കൊതുകുകളുടെ ഏറ്റവും പ്രധാന ' ദൗര്‍ബല്യം ' പ്രജനനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ യന്ത്രത്തെ വികസിപ്പിച്ചത്. അവയുടെ പ്രജനന ചക്രത്തില്‍ ഇടപെട്ടുകൊണ്ടാണ് നശീകരണം. നാല് തട്ടുകളുള്ള 'ടേക്ക് ഇറ്റ് ഈസി ' യന്ത്രത്തിന്റെ പ്രധാന ഘടകം വെള്ളം നിറച്ച ട്രേയാണ്. ചാണകം നിറച്ച ബാഗുകളും മറ്റും തൂക്കിയിട്ട യന്ത്രത്തിലേക്ക് മുട്ടയിടാനായി കൊതുകുകള്‍ കൂട്ടത്തോടെയെത്തും. മുട്ടയിടുന്ന ട്രേയില്‍ നിന്ന് താഴേക്ക് ഡ്രിപ്പ് വാല്‍വുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ തട്ടില്‍തന്നെ രണ്ട് ഫ്ലഷ് ടാങ്കുകളുമുണ്ടാകും. മുകളിലെ ട്രേയില്‍നിന്ന് കൊതുകു മുട്ടകള്‍ താഴെ തട്ടിലെത്തുമ്പോള്‍ ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കുകയും മുട്ടകള്‍ മൂന്നാമത്തെ തട്ടിലേക്ക് വീഴുകയും ചെയ്യും. മണലും ഉപ്പും മറ്റും നിറഞ്ഞ ഈ തട്ടിലെത്തുന്നതോടെ മുട്ടകള്‍ നശിക്കുന്നു. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന ഈ പ്രക്രിയയിലൂടെ ഒരു നിശ്ചിത പ്രദേശത്ത് പിറക്കാനിടയുള്ള കൊതുകുകളെ മുഴുവന്‍ നശിപ്പിക്കാനാകുമെന്ന് ഇ. സി. തോമസ് ഉറപ്പ് പറയുന്നു. ടേക്ക്ഇറ്റ് ഈസി യന്ത്രത്തിന് 25000-രൂപവരെ ചെലവ് വരും. ഫൈബര്‍ ഗ്ലാസ്, സ്റ്റീല്‍, സെറാമിക് എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള യന്ത്രങ്ങളിലൊന്ന് സ്ഥാപിച്ചാല്‍ ഒരു വീടിന് മുഴുവന്‍ കൊതുകില്‍നിന്ന് രക്ഷനേടാമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചതായി നിര്‍മ്മാതാവ് പറയുന്നു. ഫ്ലാറ്റ് ഉള്‍പ്പെടെയുള്ളയിടങ്ങളിലും മിനക്കേടില്ലാതെ ഇത് വിജയകരമായി സ്ഥാപിക്കാനാകും.
ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് മുന്നില്‍ പ്രവര്‍ത്തിപ്പിച്ച് പരീക്ഷണം നടത്തിയ ഈ യന്ത്രം പ്രോല്‍സാഹിപ്പിക്കാന്‍ പലരും മുന്നോട്ടുവന്നു. പക്ഷേ പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. യന്ത്രം വിതരണം ചെയ്യാനായി ടേക്ക് ഇറ്റ് ഈസിയെന്ന പേരില്‍ ഒരു കമ്പനിയും രൂപവത്കരിച്ചിരുന്നു. കോഴിക്കോട് നഗരസഭയടക്കമുള്ളവര്‍ ' ടേക്ക് ഇറ്റ് ഈസി ' യന്ത്രം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഫൈന്‍ആര്‍ട്‌സ് ഡിപ്ലോമാധാരിയും കലാപ്രവര്‍ത്തകനുമായ ഇ. സി. തോമസ് തന്റെ സാമാന്യ ശാസ്ത്രാവബോധമുപയോഗിച്ചാണ് ഇത്തരമൊരു യന്ത്രം വികസിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്റെ സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ജനപ്രിയ ടെലിസീരിയലുകളുടെയടക്കം അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹമിപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



{[['']]}

Healthy Food And Fridge Use

മലയാളിയുടെ മാറിയ ഭക്ഷണ ശീലത്തിന്‍റെ ഭാഗമാണ് ഫ്രിഡ്ജ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍ ഫ്രിഡ്ജിനെ ഒഴിവാക്കാനാകില്ല. 20 വര്‍ഷത്തിലേറെയായി ഫ്രിഡ്ജുകള്‍ മലയാളിയുടെ അടുക്കളയില്‍ ഇടം നേടിയിട്ട്. അടുക്കള ജോലികള്‍ എളുപ്പത്തിലാക്കുന്നതു കൊണ്ട് വീട്ടമ്മമാരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഈ ഉപകരണം. ഒരാഴ്ചത്തേക്കും വേണമെങ്കില്‍ ഒരു മാസത്തേക്കു വേണമെങ്കിലും ആഹാരമുണ്ടാക്കി അത്യാവശ്യം വീട്ടമ്മമാര്‍ക്ക് എളുപ്പപ്പണി ഒപ്പിക്കാന്‍ ഫ്രിഡ്ജ് വീട്ടമ്മമാരെ ഒത്തിരി സഹായിക്കുന്നുണ്ട്. എന്നാലിതാ വീട്ടമ്മമാരെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുതിയ ഗവേഷണങ്ങൾ വഴി പുറത്ത് വരുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ഗവേഷകര്‍ ‍. 10 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചാല്‍ വളരെയധികം ഹാനികരമാണ്. പഴകുംതോറും ഇറച്ചിയിലെ പ്രോട്ടീന്‍റെ അംശം കുറഞ്ഞുവരികയും അതില്‍ വിഷാംശം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആമാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം ഇറച്ചി കഴിക്കുന്നതു കരളിനേയും വൃക്കയേയും ബാധിക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 





ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. മൂന്നു മണിക്കൂറിലധികം വച്ചാല്‍ വിഷാംശം ഉണ്ടാകും. ഇറച്ചി മാത്രമല്ല പച്ചക്കറികളും മത്സ്യവും അത്യാവശ്യം നിശ്ചിത അളവില്‍ നിശ്ചിത കാലയളവില്‍ മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. ഇലക്കറികള്‍ , മഷ്റൂം എന്നിവ ഫ്രിഡ്ജില്‍ അധികസമയം ഇരിക്കില്ല. പെട്ടെന്ന് ചീത്തയാകും. എന്നാല്‍ കാരറ്റ്, ബീന്‍സ് തുടങ്ങി ജലാംശം കുറഞ്ഞ പച്ചക്കറികള്‍ 5 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഉള്ളി പോലെ ജലാംശം കൂടുതലുള്ള പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ചീത്തയാകും. എന്നാല് ഉള്ളി തൊലി പൊളിച്ചു വച്ചാല്‍ കുഴപ്പമില്ല. കവര്‍പാല്‍ ഒരാഴ്ച വരെ ഫ്രീസിംഗ് പോയിന്‍റില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 24 മണിക്കൂര്‍ വെളിയിലിരുന്ന കവര്‍പാല്‍ പിന്നീട് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്നത് ആശാസ്യമല്ല. പാകം ചെയ്ത് ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷണം തിരിച്ച് അന്തരീക്ഷ ഊഷ്മാവില്‍ വന്നതിന് ശേഷമേ ചൂടാക്കി ഉപയോഗിക്കാന്‍ പാടുള്ളു. പഴങ്ങളും പച്ചക്കറികളും മത്സ്യവുമൊക്ക പ്രത്യേകം പ്രത്യേകം ട്രേകളില്‍ വേര്‍തിരിച്ചു വയ്ക്കുക. പ്രകൃതി ദത്തമായ ഭക്ഷണസാധനങ്ങള്‍ മൂന്നുമണിക്കുറിനകം പാകം ചെയ്തു കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
 



{[['']]}

BENEFITS OF WALKING -- ആരോഗ്യത്തിലേക്ക് നടക്കാം

ആരോഗ്യത്തിലേക്ക് നടക്കാം

നടത്തം അന്യമാക്കപ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. ചെറിയ ദൂരത്തേക്കുപോലും വാഹനത്തെ ആശ്രയിക്കുന്നു. മൈലുകളോളം നടന്നായിരുന്നു നമ്മുടെപൂര്‍വികര്‍ അവരുടെ ജീവിതവൃത്തി നിര്‍വഹിച്ചിരുന്നത്‌. നടത്തം അവര്‍ക്ക്‌ വ്യായാമത്തിനപ്പുറം ജീവിതത്തിന്റെ ആവശ്യം കൂടിയായിരുന്നു. ഇന്നത്തെപ്പോലുള്ള രോഗങ്ങളൊന്നും പഴയ തലമുറയെ അലട്ടിയിരുന്നില്ല.

സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വ്യഗ്രത ജീവിതരീതികളില്‍ വരുത്തിവെയ്‌ക്കുന്ന സമൂലപരിവര്‍ത്തനങ്ങളും മാറിവരുന്ന ഭക്ഷണക്രമങ്ങളും നിരവധി രോഗങ്ങള്‍ക്ക്‌ കാരണാമവുന്നു. അതോടൊപ്പം നടത്തമുള്‍പ്പെടെയുള്ള വ്യായാമമുറ ഉപേക്ഷിച്ചതും. ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. നടത്തത്തിലൂടെ ഒരു പരിധിവരെ അസുഖങ്ങളെ പടിക്കുപുറത്തു നിര്‍ത്താം.


നടത്തം നല്ല വ്യായാമം

നടത്തം നല്ലൊരു വ്യായാമമാണ്‌. ആര്‍ക്കും എളുപ്പം ശീലിക്കാവുന്ന ഒരു വ്യായമം കൂടിയാണിത്‌. ഹൃദ്രോഗം, പ്രമേഹം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ നിത്യവുംകൃത്യമായി നടക്കുന്നത്‌ ശരീരത്തിന്‌ ഗുണം ചെയ്യും. അതോടൊപ്പം രോഗാവസ്ഥയെ പ്രതിരോധിക്കാനും ഇത്‌ സഹായകമാണ്‌.


 രോഗങ്ങളോട്‌ 'ബൈ' പറയാം

ഇന്ന്‌ മനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ അമിതവണ്ണം. കൃത്യമായി ഭക്ഷണം കഴിക്കുകയും അതിന്നനുസരിച്ച്‌ ജോലി ചെയ്യാതിരിക്കലുമാണ്‌ ഇതിന്‌ കാരണം. പ്രമേഹം, രക്തസമ്മര്‍ദം, അധികകൊഴുപ്പം, പിത്താശയക്കല്ല്‌, കാല്‍മുട്ട്‌ വീക്കം, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഭാരക്കൂടുതല്‍ കാരണമാകുന്നുണ്ട്‌. നിത്യവും നടത്തം ശീലമാക്കിയാല്‍ അമിതവണ്ണത്തെ തടയാന്‍ സാധിക്കും.ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടത്തം ഉത്തമ മാര്‍ഗമാണ്‌. നടക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കൂടും. അതുവഴി ഹൃദയത്തിന്‌ കൂടുതല്‍ പ്രാണവായു ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു ഹൃദയത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നടത്തം നല്ലതാണ്‌.നടക്കുന്ന സമയത്ത്‌ ശ്വാസകോശങ്ങളിലേക്കുള്ള രക്തസഞ്ചാരവും പ്രാണവായുവിന്റെ ഒഴുക്കും വര്‍ധിക്കും. മാത്രമല്ല, ശരീരത്തില്‍ സംഭവിക്കുന്ന ചില രാസപ്രക്രിയയുടെ ഫലമായി മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും പുറന്തള്ളപ്പെടുന്നു. ഇതുമൂലം ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും ഒരുപോലെ ഉണരും. ശരീരം ചൂടാവുകയും മാംസപേശികളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കുകയും ചെയ്യും.പേശികളുടെ പ്രവര്‍ത്തനവും ചലനവും അനായാസമാക്കാന്‍ നടത്തം ഉപകരിക്കും. അകാരണ ക്ഷീണത്തിനും നടത്തം നല്ലൊരു ഔഷധമാണ്‌. പക്ഷാഘാതം, വാതരോഗം എന്നിവ അകറ്റാനും നടത്തത്തിന്‌ കഴിയും. ദിവസവും കായിക ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ രാവിലെയും വൈകുന്നേരവും കുറച്ചുനേരം നടക്കുന്നത്‌ ഏറെ ആരോഗ്യദായകമാണ്‌.

നടത്തം ചെലവില്ലാത്ത വ്യായാമം

നടത്തം ചെലവില്ലാത്ത വ്യായാമമാണ്‌. മൂന്നുമുതല്‍ നാല്‌ കിലോമീറ്റര്‍ വരെ നടക്കുന്നത്‌ ഏറ്റവും ഗുണകരമാണ്‌. എന്നാല്‍ അലസ നടത്തം ശരീരത്തിന്‌ ഒരിക്കലും ഗുണകരമാവില്ല. പ്രമേഹരോഗികള്‍ നടക്കുമ്പോള്‍ ചെരിപ്പ്‌ ധരിക്കണം. കാരണം ചെറിയ പോറല്‍പോലും വ്രണമായി മാറാന്‍ ഇടവരും. ഹൃദ്രോഗബാധയുള്ളവര്‍ പള്‍സ്‌ പരിശോധിച്ചതിനുശേഷമേ വ്യായാമത്തില്‍ ഏര്‍പ്പെടാവൂ.

എപ്പോള്‍ നടക്കണം

നടത്തത്തിനും ചില ക്രമീകരണം ആവശ്യമാണ്‌. സൂര്യോദയത്തിന്‌ മുമ്പ്‌ എഴുന്നേല്‍ക്കണം. ശരീരശുദ്ധിക്കുശേഷം നടത്തം തുടങ്ങണമെന്നാണ്‌ അയൂര്‍വേദം പറയുന്നത്‌. എല്ലാ ദിവസവും കൃത്യസമയത്ത്‌ നടക്കുന്നതാണ്‌ ശരീരത്തിന്‌ നല്ലത്‌. നടക്കുമ്പോള്‍ കൈ വീശി നടക്കണം. രോഗികള്‍ നടപ്പില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍ മുതലായവര്‍ ശരീരം വിയര്‍ക്കുന്നതുവരെ മാത്രമേ നടക്കാവൂ. നടത്തത്തില്‍ പ്രയാസം നേരിടുമ്പോള്‍ അല്‍പം വിശ്രമിച്ച്‌ നടത്തമാവാം. കൂടാതെ ചികിത്സകരുടെ നിര്‍ദേശം അനുസരിക്കുന്നതും നല്ലതാണ്‌.

എവിടെ നടക്കണം

നടത്തം എവിടെയുമാകാം. വീട്ടുമുറ്റത്തോ റോഡിലോ, സ്ഥലമില്ലാത്തവര്‍ വീട്ടുവരാന്തയിലോ നടക്കാം. എന്നാല്‍ റോഡിലിറങ്ങി നടക്കുന്നതാണ്‌ ഉചിതം. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ്‌ പരിഹരിക്കും. പുതിയ കാഴ്‌ചകള്‍ കണ്ട്‌ നടക്കുന്നത്‌ മനസ്സിന്‌ സുഖംതരും. കഴിവതും മാലിന്യം നിറഞ്ഞ വഴികളിലൂടെയുള്ള നടത്തം ഒഴിവാക്കണം.

എത്രവേഗത്തില്‍ നടക്കാം

ഓരോ പ്രായക്കാരും വ്യത്യസ്‌ത വേഗതയില്‍ നടക്കണം. നാഡിമിടിപ്പ്‌ പരിശോധിച്ചതിനുശേഷമാണ്‌ നടക്കേണ്ടത്‌. നാഡിമിടിപ്പ്‌ വര്‍ധിക്കണം. എങ്കിലേ നടത്തംകൊണ്ട്‌ പ്രയോജനമുണ്ടാകൂ.

കുട്ടികളെയും കൂട്ടാം

ചെറുപ്പം മുതല്‍ നടത്തം അന്യമാക്കപ്പെടുന്ന സാഹചര്യത്തിലാണ്‌ ഇന്നത്തെ കുട്ടികള്‍ വളരുന്നത്‌. ചെറിയ ദൂരത്തേക്കുപോ ലും സ്‌കൂള്‍ വാഹനത്തിലും മറ്റു കുത്തിത്തിരുകുന്ന കുട്ടികള്‍ നടത്തത്തില്‍ നിന്ന്‌ അകന്നുപോകുന്നു. നടത്തത്തിന്റെ സുഖം ചെറുപ്പത്തിലേ അറിയണം. അത്‌ കുട്ടികളില്‍ പ്രസരിപ്പ്‌ വര്‍ധിപ്പിക്കും. ഭക്ഷണത്തിലും ജീവിത സൗകര്യങ്ങളിലും മറ്റും പുലര്‍ത്തേണ്ടുന്ന ക്രമീകരണത്തോടൊപ്പം കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള നടത്തവും രോഗാവസ്ഥയെ തടഞ്ഞുനിര്‍ത്താന്‍ സഹായകമാകും. അത്‌ മനസ്സിനും ശരീരത്തിനും ഗുണകരമാണ്‌.


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

HEALTH EDUCATION GUIDELINES - ആരോഗ്യ പ്രഭാഷണം ആകര്‍ഷകമാക്കാന്‍

ആരോഗ്യ പ്രഭാഷണം ആകര്‍ഷകമാക്കാന്‍

പ്രഭാഷണ കലയുടെ സ്വാധീനവും ശക്തിയും സുവിദിതമാണ്. അത് എങ്ങനെയെല്ലാം ആകര്‍ഷകമാക്കാമെന്ന് നോക്കാം.

പ്രഭാഷകന്‍ ലക്ഷ്യം വെച്ച കാര്യങ്ങള്‍ ശ്രോതാക്കള്‍ ഉള്‍ക്കൊള്ളാനും ആവശ്യമായ സമയം അവരെ പിടിച്ചിരുത്താനും പ്രസംഗം ആകര്‍ഷകമായിരിക്കണം. ഇരുപത് മിനിറ്റിലേറെ ഒരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാന്‍ സാധാരണ കഴിയില്ലെന്നാണ് മനഃശാസ്ത്രപക്ഷം. അതിനാല്‍ പ്രഭാഷണം ഭംഗിയാക്കി ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ കഴിയണം.


പ്രഭാഷകന്റെ വേഷം, ശബ്ദം, മുഖഭാവം, നോട്ടം, ആംഗ്യങ്ങള്‍, ഭാഷ, അക്ഷരസ്ഫുടത, അവതരണശൈലി തുടങ്ങിയവയെല്ലാം പ്രഭാഷണം ഹൃദ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഇവയെല്ലാം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുമ്പോഴാണ് പ്രഭാഷണം ആകര്‍ഷകമാവുക. അത്തരമൊരു ആശയവിനിമയം എത്ര സമയം ആസ്വദിക്കാനും ശ്രോതാക്കള്‍ തയ്യാറാവും.



പ്രസംഗം ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഇവയാണ്.

ശബ്ദക്രമീകരണം



ശക്തിയേറിയ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചാണല്ലോ ഇന്നത്തെ പ്രഭാഷണം. ഇതു വിസ്മരിച്ച് അമിത ശബ്ദമുണ്ടാക്കുന്ന പ്രഭാഷകര്‍ സ്വശരീരത്തെയും മറ്റുള്ളവരെയും ഒരേസമയം ശല്യപ്പെടുത്തുകയാണ്. പ്രഭാഷകന്റെ ഹാര്‍ട്ടും തൊണ്ടയും തകരുന്നതോടൊപ്പം ശ്രോതാക്കളുടെ ശ്രവണപുടവും തകരാറിലാവും. ഘോരശബ്ദത്തില്‍ ചിലര്‍ തരിച്ചിരിക്കുമെന്നല്ലാതെ പ്രഭാഷകന്റെ ആശയങ്ങള്‍ അവര്‍ ഗ്രഹിക്കാന്‍ സാധ്യത കുറവാണ്.

ഒട്ടും ശബ്ദമുയര്‍ത്തരുതെന്ന് ഇതിനര്‍ത്ഥമില്ല. വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കണം.

ശരീരഭാഷ



വാക്കുകളെ പോലെത്തന്നെ ആശയം പ്രതിഫലിപ്പിക്കുന്നതില്‍ ശരീരഭാഷക്ക് വലിയ പങ്കുണ്ട്. കൈ, കണ്ണ്, മുഖഭാവം ഇവയുടെ ചലനങ്ങളാണ് ശരീരഭാഷയില്‍ പ്രധാനം. പറയുന്ന വിഷയത്തോട് യോജിച്ച രീതിയിലാവണം ആംഗ്യം. ഉദാഹരണത്തിന്, വലിയ വസ്തു എന്നു പറയുകയും കൈകൊണ്ട് സൂചിപ്പിക്കുന്നത് ചെറിയ വസ്തു ആകുകയും ചെയ്യുന്നത് അരോചകമാണ്. ചില പ്രഭാഷകര്‍ അസ്ഥാനത്തായിരിക്കും വിരല്‍ ചൂണ്ടുന്നത്. മറ്റു ചിലര്‍ സന്ദര്‍ഭോചിതമല്ലാതെ കൈകള്‍ കൊണ്ട് കസര്‍ത്ത് കാണിക്കും. പ്രഭാഷണം ഗ്രഹിക്കുന്നതിനു പകരം ഈ ചേഷ്ഠകള്‍ മാത്രം ശ്രദ്ധിക്കാന്‍ കാരണമാകും ഇതെല്ലാം. ചുരുക്കത്തില്‍ അംഗവിക്ഷേപങ്ങള്‍ സൃഷ്ടിക്കേണ്ട ഒന്നല്ല, വാക്കിനും ആശയത്തിനുമനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

സമയക്രമീകരണം

ഇത് പ്രഭാഷണ വിജയത്തിന് ഏറെ പ്രധാനമാണ്. പത്തുമിനിറ്റ് പ്രസംഗിക്കാന്‍ ഒരു മണിക്കൂര്‍ ഒരുങ്ങണം. എന്നാല്‍ ഒരു മണിക്കൂര്‍ പ്രഭാഷണം നടത്താന്‍ പത്തുമിനിറ്റ് നേരത്തെ മുന്നൊരുക്കം മതി. ഉദ്ദേശിച്ച പോയിന്‍റുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞു ഫലിപ്പിക്കണമെങ്കില്‍ നന്നായി ചിട്ടപ്പെടുത്തേണ്ടതുകൊണ്ടാണിത്. രണ്ടു മണിക്കൂറെങ്കിലുമില്ലാതെ എന്തെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ലെന്നു ചിലര്‍ പറയാറുണ്ട്. അര മണിക്കൂറോളം ആമുഖം നീട്ടുന്നവരും സമയം ബാക്കിയാവുമോ എന്നു കരുതി വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് കാടുകയറുന്നവരും സത്യത്തില്‍ ശ്രോതാക്കളുടെ ക്ഷമ പരിശോധിക്കുകയാണ്.

വിഷയാധിഷ്ഠിതമാവുക

ശ്രോതാക്കളുടെ വിശപ്പടങ്ങണമെങ്കില്‍ പ്രഭാഷണം വിഷയാധിഷ്ഠിതമാവണം. വിഷയം നേരത്തേ പരസ്യപ്പെടുത്തിയതാണെങ്കില്‍ അതുതന്നെ കൈകാര്യം ചെയ്യണം. പ്രഭാഷകന്‍ സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ പലരും വന്ന് പ്രസംഗത്തില്‍ പരാമര്‍ശിക്കേണ്ട വിഷയങ്ങള്‍ സൂചിപ്പിക്കും. ചിലത് അവരുടെ കുടുംബ പ്രശ്നമായിരിക്കും, മറ്റു ചിലത് അവരുടെ എതിരാളികളെ ലക്ഷ്യം വെച്ചായിരിക്കും. പ്രഭാഷകന്‍ ഒരിക്കലും ഇത്തരക്കാര്‍ക്കു വേണ്ടി നേരത്തെ നിശ്ചയിച്ച വിഷയത്തില്‍ നിന്നും മാറി സംസാരിക്കരുത്. ഗുണത്തിലേറെ ദോഷമേ അതു വരുത്തിവെക്കൂ.

നല്ല ഭാഷ

ഉച്ചാരണ ശുദ്ധി, കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍, എല്ലാവര്‍ക്കും ഗ്രാഹ്യമായ പദങ്ങള്‍ എന്നിവയുണ്ടായാല്‍ നല്ല ഭാഷയായി. ചിരപരിചിതമല്ലാത്ത പദങ്ങള്‍ പ്രയോഗിച്ചാല്‍ ഉടനെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന പര്യായപദവും പറയണം. അപരിചിത പദങ്ങളും പ്രയോഗങ്ങളും തെരഞ്ഞുപിടിച്ച് പ്രയോഗിക്കുന്നത് ശ്രോതാക്കളെ കുഴക്കാന്‍ മാത്രമേ ഉപകരിക്കൂ.

തുടക്കം നന്നാക്കുക

ആദ്യത്തെ ഇരുപത് മിനിറ്റ് വളരെ പ്രധാനമാണ്. അത്രയും സമയം ആരും സഹിച്ചിരിക്കും. അതിനു ശേഷം സദസ്സിനെ പിടിച്ചിരുത്താന്‍ കഴിയണമെങ്കില്‍ തുടക്കം നന്നായിരിക്കണം. അതിന് ചില തന്ത്രങ്ങള്‍ സ്വീകരിക്കാം.

1: ജിജ്ഞാസയുണ്ടാക്കുന്ന ഒരു ശീര്‍ഷകം മുന്നില്‍ വെച്ച് തുടങ്ങുക.
2: സദസ്സിനെ അലട്ടുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം തന്റെ പക്കലുണ്ടെന്ന് ധ്വനിപ്പിക്കുക.
3: തൊട്ടുമുമ്പ് നടന്ന ഒരു പ്രതിഭാസത്തെ പരാമര്‍ശിച്ച് പ്രസംഗം ആരംഭിക്കുക.
4: ആ പ്രദേശത്തിന്റെ പാരമ്പര്യമോ അടുത്തിടെ അവിടെ മരണപ്പെട്ട ഒരു പൊതു സമ്മതനെ അനുസ്മരിച്ചോ തുടങ്ങുക.
5: തനിക്കുണ്ടായ വേദനാജനകമോ സന്തുഷ്ടകരമോ ആയ ഒരനുഭവം പരാമര്‍ശിച്ച് ആരംഭിക്കുക.
6: മുന്‍ പ്രസംഗകനെയോ സംഘാടകരെയോ പുകഴ്ത്തി സമയം കളയാതെ വിഷയത്തിലേക്ക് കടക്കുക.

ഉപമകള്‍ ഉപയോഗിക്കുക

കാര്യങ്ങള്‍ എളുപ്പത്തില്‍ ധരിപ്പിക്കാന്‍ ഉപമകള്‍ സഹായകമാണ്. ശ്രോതാക്കളെ ചിന്തിപ്പിക്കാനും ഉണര്‍ത്താനും വേണ്ടിയുള്ളതാവണം ഉപമകള്‍, ചിരിപ്പിക്കാന്‍ മാത്രമാവരുത്. ഉപമകള്‍ മാന്യവുമാവണം. പ്രഭാഷകന്റെ നിലവാരമിടിക്കുന്ന പ്രയോഗങ്ങളാവരുത്. ആരോഗ്യ പ്രഭാഷണങ്ങളുടെ അവസാന ഭാഗം ചിരിപ്പിക്കുന്നതാവരുത്. ചിന്തിപ്പിക്കുന്നതാവണം.
എല്ലാ ചേരുവകളും മേളിച്ചതാവുമ്പോഴാണ് പ്രഭാഷണം വിഭവസമൃദ്ധമാവുക. നിശ്ചിത വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്നതോടൊപ്പം ഇടയില്‍ ചില ഈരടികൾ, ജീവിതാനുഭവം, ആവശ്യത്തിന് ഉപമകള്‍, ചരിത്രം, സദസ്സിലെ എല്ലാ വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന അവതരണ രീതി എന്നിവയെല്ലാം പരിഗണിച്ചാല്‍ പ്രഭാഷണം ഹൃദ്യമായിരിക്കും, വിഭവസമൃദ്ധവും. പാണ്ഡിത്യം വിളമ്പുന്നതും ചരിത്രത്തില്‍ നിന്നും ചരിത്രത്തിലേക്ക് എന്ന രീതിയും സദസ്സിനെ അലോസരപ്പെടുത്തും. കഥകള്‍ പറഞ്ഞാല്‍ വിഷയവുമായി അതിനെ ബന്ധിപ്പിക്കുകയും ഗുണപാഠമെന്താണെന്ന് പരാമര്‍ശിക്കുകയും വേണം. ഇതെല്ലാം ആരോഗ്യപ്രഭാഷണം സുന്ദരവും ആകര്‍ഷകവുമാക്കാന്‍ സ്വീകരിക്കാവുന്ന കാര്യങ്ങളാണ്.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

അമ്മ..മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി -- ADOLESCENT GIRL CARE

അമ്മ..മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി
-----------------------------------------------

കൌമാരകാലം ജീവിതത്തിലെ വളരെയേറെ പ്രതിസന്ധികള്‍ ഉള്ള കാലമാണ്.ഇന്നത്തെ കൌമാരക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല.കെട്ടുറപ്പുള്ള കുടുംബങ്ങളില്ലാത്തതാണ് മുഖ്യകാരണം.സാനിട്ടറി നാപ്കിൻ ഉപയോഗിക്കാം.അതില്ലെങ്കിൽ വൃത്തിയുള്ള വെള്ളത്തുണിയാണ് ഏറ്റവും നല്ലത്.മൂന്നോ നാലോ ഇത്തരം നാപ്കിനുകള്‍ (തുണിക്കഷണങ്ങള്‍) ഉണ്ടെങ്കില്‍ അത് ഒരു ആര്‍ത്തവ കാലത്തേക്ക് ധാരാളമാണ്.ഓരോ ദിവസവും ഉപയോഗിച്ചവ വൃത്തിയായി കഴുകി വെയിലത്ത്‌ ഉണക്കി ഇസ്തിരിയിട്ടു സൂക്ഷിച്ചാല്‍ മതിയാകും.സ്റ്റെറി ലൈസു ചെയ്യാനാണ് ഇസ്തിരിയിടുന്നത്.ഇതത്ര രഹസ്യമാക്കി ചെയ്യേണ്ട കാര്യമല്ല.വീട്ടിലുള്ള പുരുഷന്മാരും ഇതൊക്കെ അറിയണം.കുമാരന്മാരും അറിയണം.ഭാവിയില്‍ അവര്‍ക്ക് ഉണ്ടാകുന്ന പങ്കാളിക്ക് ആര്‍ത്തവം ഉണ്ടാവുമെന്നും ആനാളുകളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശ്രദ്ധിക്കണമെന്നും ആണ്‍മക്കളെ മാതാപിതാക്കള്‍ പഠിപ്പിക്കണം.ആര്‍ത്തവ കാലത്ത്‌ ചില സ്ത്രീകള്‍ ചില മൂശേട്ടത്തരങ്ങള്‍ കാട്ടുമെന്നും അത് അവരുടെ കുഴപ്പമല്ലെന്നും ഹോര്‍മോണ്‍ പ്രശ്നമാണെന്നും,അത് താല്ക്കാലികം മാത്രമാണെന്നും മറ്റും ആണ്‍ മക്കളെ പഠിപ്പിക്കാനും ഇത് നല്ല സമയമാണ്.നല്ല ഒരു ദാമ്പത്യ ജീവിതത്തിനു ഇത്തരം ഒട്ടേറെ പാഠങ്ങള്‍ നമ്മുടെ കൌമാരക്കാരെ പഠിപ്പിക്കേണ്ടതുണ്ട്.


ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍ നിന്നു കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടിയില്‍ ഭീതി വളര്‍ത്താം. ആരോഗ്യ ക്ളാസില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ അമ്മ തന്നെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി മകള്‍ക്കു പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. അമ്മയ്ക്ക് ഇതിനു കഴിവില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ അധ്യാപികമാരോ ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് അറിവു നല്‍കണം

  • ശാരീരിക മാറ്റങ്ങളെക്കുറിച്ച് എപ്പോള്‍ പറഞ്ഞു തുടങ്ങാം?


ഒമ്പത്-10 വയസെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ പ്രായത്തില്‍ സ്തന വളര്‍ച്ചയുണ്ടാകും. ഒപ്പം കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മോള്‍ അമ്മയെപ്പോലെ വലുതാവുകയാണെന്നു പറഞ്ഞു മനസിലാക്കുക.

സാധാരണയായി കക്ഷത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആറു മാസത്തിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടാകും. ഒന്‍പത് വയസാകുമ്പോഴേക്കും കുട്ടിക്ക് ആര്‍ത്തവത്തെക്കുറിച്ച് അറിവ് നല്‍കാം. ഇതു കഴിവതും ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക. മോള്‍ക്കു ചെറിയ വയറ്വേദനയുണ്ടാകും. പിന്നീട് പാന്റീസില്‍ രക്തം കണ്ടാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഇതു മോള്‍ വലിയ ആളാകുന്നതിന്റെ തെളിവാണ്. ഇതിന് ആര്‍ത്തവമെന്നാ പറയുക. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകും. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ചാല്‍ മോള്‍ക്കു സാധാരണ പോലെ സ്കൂളില്‍ പോകാനും കളിക്കാനും കഴിയുമെന്നും കുട്ടിയോടു പറയുക.

  • എന്താണ് ആര്‍ത്തവം?



ഗര്‍ഭം ധരിക്കാനുള്ള വളര്‍ച്ചയിലേക്കു ശരീരമെത്തിയതിന്റെ അടയാളമാണ് ആര്‍ത്തവം. കൌമാരമെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തുന്നു. ഇതോടെ മാസത്തിലൊരിക്കല്‍ ഒരു അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്ത് എന്‍ഡോമെട്രിയം എന്ന ഒരു പാടയുണ്ട്. കൌമാരമെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ഈ പാട തടിക്കുകയും ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു തയാറാവുകയും ചെയ്യും. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഇത് പൊഴിഞ്ഞു യോനിയില്‍ കൂടി രക്തത്തോടൊപ്പം പോകും. ഈ രക്തമാണ് ആര്‍ത്തവരക്തം. 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. ഹോര്‍മോണിന്റെ വ്യതിയാനമനുസരിച്ച് ഒരാഴ്ച മുന്നോട്ടോ പിന്നോട്ടോ ഇതു മാറാം.


  • ആദ്യ ആര്‍ത്തവത്തിനു വേണ്ട തയാറെടുപ്പുകള്‍?


ശþരീരിക മാറ്റം കണ്ടു തുടങ്ങിയാല്‍ കുട്ടിക്കു സ്കൂളില്‍ വച്ചോ യാത്രയ്ക്കിടയിലോ ഏതു സമയത്തു വേണമെങ്കിലും ആദ്യ ആര്‍ത്തവമുണ്ടാകാമെന്നോര്‍ക്കുക. വയറു വേദനയനുഭവപ്പെട്ടാല്‍ അമ്മയോടു പറയണമെന്നോര്‍മിപ്പിക്കുക. പാഡോ തുണിയോ ഉപയോഗിക്കേണ്ട വിധം മകള്‍ക്കു പറഞ്ഞു കൊടുക്കണം. സ്കൂളില്‍ വച്ച് ആദ്യ ആര്‍ത്തവമുണ്ടായാലും പേടിക്കേണ്ട കാര്യമില്ലെന്നും പാഡ് ഉപയോഗിച്ചാല്‍ മതിയെന്നും പറയുക. ഈ വിവരം ടീച്ചറെ അറിയിക്കാനും പറയുക. ദീര്‍ഘ യാത്ര പോകുമ്പോള്‍ പാഡോ, തുണിയോ കൈയില്‍ കരുതാന്‍ മകളെ ഓര്‍മിപ്പിക്കുക.

  • എട്ട് വയസുള്ള കുട്ടിയില്‍ ശാരീരിക മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇത്രയും നേരത്തേ ആര്‍ത്തവമുണ്ടാകുമോ?


ആഹാര രീതിയും ശരീരഘടനയും നേരത്തെ ആര്‍ത്തവമുണ്ടാകുന്നതിനു കാരണമാകും. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും അമിതവണ്ണവും പെണ്‍കുട്ടികളില്‍ 10 വയസിലോ അതിനു മുമ്പോ ആര്‍ത്തവം ഉണ്ടþകാനിടയാക്കും. പാരമ്പര്യവും ഒരു ഘടകമാണ്. അമ്മയ്ക്ക് ആദ്യ ആര്‍ത്തവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ മകള്‍ക്കും അതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.

  • സമപ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ആര്‍ത്തവമുണ്ടാകാന്‍ വൈകുന്നു. ഇതില്‍ പേടിക്കേണ്ടതുണ്ടോ?


പെണ്‍കുട്ടികളില്‍ പതിനാലു വയസിനുള്ളില്‍ ശാരീരികമായ മാറ്റങ്ങളൊന്നും കണ്ടു തുടങ്ങിയില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. പതിനാറു വയസിനുള്ളില്‍ ആര്‍ത്തവമുണ്ടായില്ലെങ്കിലും തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണണം.
ചിലരില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ട് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ആദ്യ ആര്‍ത്തവമുണ്ടാകില്ല. ഇത്തരം അവസ്ഥയില്‍ മകളെ ഗൈനക്കോളജിസ്റ്റിനെ കാണിക്കുക.

  • ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍?


വയറുവേദന, കാല്‍കഴപ്പ്, നടുവുവേദന എന്നിവയാണു പൊതുവെ ആര്‍ത്തവത്തോടനുബന്ധിച്ചു കണ്ടുവരുന്ന അസ്വസ്ഥതകള്‍. ചിലരില്‍ ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വയറുവേദന സ്വാഭാവികമാണ്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊതുവെ കടുത്ത വേദനയുണ്ടാകുക. ആര്‍ത്തവ രക്തത്തെ പുറംതള്ളുന്ന ഗര്‍ഭാശഭിത്തികള്‍ സങ്കോചിക്കുന്നതാണു വയറുവേദനയ്ക്കു കാരണം. ചൂടുവെള്ളം നിറച്ച പാത്രമോ ഹോട്ട് ബാഗോ അടിവയറ്റിനു മുകളില്‍ പിടിക്കുന്നതു വയറുവേദനയകറ്റാന്‍ നല്ലതാണ്. ആര്‍ത്തവസമയത്തു രക്തം കാണുന്നതിന് 24 മണിക്കൂര്‍ മുമ്പും 24 മണിക്കൂര്‍ ശേഷവും വയറുവേദന നീണ്ടു നിന്നാല്‍ ചികിത്സ തേടണം.

  • ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതെങ്ങനെ?


ആര്‍ത്തകാലത്തു ശരീര ഭാഗങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു കൊടുക്കണം. ആര്‍ത്തവമടുക്കുന്ന ദിവസങ്ങളില്‍ യോനീഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇളം ചൂടുവെള്ളമുപയോഗിച്ച് ഇടയ്ക്കിടെ യോനീഭാഗം വൃത്തിയായി കഴുകുക. ജലാംശം തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപയോഗശേഷം സോപ്പിട്ടു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാ ക്കണം. ഇതു വെയിലത്തിട്ട് ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കുന്നതാണു നല്ലത്. ഇളംചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം പകരും.

  • സാനിറ്ററി നാപ്കിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ?


ഓരോരുത്തരുടെയും സൌകര്യമനുസരിച്ചു പാഡോ തുണിയോ ഉപയോഗിക്കാം. സാനിറ്ററി നാപ്കിന്റെ ഉപയോഗം പൊതുവെ ദൂഷ്യഫലമൊന്നുമുണ്ടാക്കില്ല. എന്നാല്‍, ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുനന്ത് ആരോഗ്യകരമല്ല. കൂടുതല്‍ നേരമുള്ള ഉപയോഗം ഇന്‍ഫെക്ഷനു കാരണമാകും. അധികം രക്തം പോകുന്നില്ലെങ്കില്‍ പോലും ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ദിവസം നാല് തവണ വരെ പാഡ് മാറ്റാം. നനഞ്ഞ പാഡ് ഉപയോഗിക്കാന്‍ പാടില്ല. വൃത്തിയായി കഴുകി ജലാംശം ഒപ്പിയെടുത്ത ശേഷം പാഡ് വയ്ക്കുക. ചര്‍മത്തിന്റെ പ്രത്യേകത യനുസരിച്ചു ചിലതരം പാഡുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടായാല്‍ ആ ബ്രാന്‍ഡിന്റെ ഉപയോഗം നിര്‍ത്തുക.

  • ആര്‍ത്തവത്തിലെ അമിത ര്കതസ്രാവം എങ്ങനെ തിരിച്ചറിയാം?


പൊതുവെ 80 മില്ലി ലീറ്റര്‍ രക്തമാണ് ഒരു ദിവസം നഷ്ടപ്പെടുക. ദിവസം നാലു പാഡ് വരെ മാറ്റാം. ആറു മണിക്കൂറിനുള്ളില്‍ മാറ്റിയിട്ടും വസ്ത്രങ്ങളില്‍ രക്തമാവുന്നുണ്ടെങ്കില്‍ അമിത രക്തസ്രാവമാണെ ന്നു കണക്കാക്കണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും ഏഴു ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവമുണ്ടായാലും ചികിത്സ തേടണം.

തലച്ചോറിലെ ഹോര്‍മോണുകളുടെ വ്യതിയാനമാണ് അമിത രക്തസ്രാവത്തിനു കാരണം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ അയണ്‍ ടാബ്ലറ്റ് കഴിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദം, സിസ്റ്റ്, ഗര്‍ഭപാത്രത്തിന്റെ വൈകല്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അമിത രക്തസ്രാവം ഉണ്ടാകും. അമിത രക്തസ്രാവമുണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.

  • രക്തസ്രാവം കുറയുന്നത് ആരോഗ്യത്തിലെ തകരാറു മൂലമാണോ?


ഓരോരുത്തരുടെയും ശരീരഘടനയനുസരിച്ച് ആര്‍ത്തവകാലത്തെ രക്തസ്രാവത്തില്‍ വ്യത്യാസമുണ്ടാകും. പൊതുവെ അഞ്ച് ദിവസമാണ് ആര്‍ത്തവ രക്തം പോകുക. ഇതു രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങിയാല്‍ പേടിക്കേണ്ടതില്ല. അതേ സമയം രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രക്തസ്രാവമുള്ളൂ എന്നതിനൊപ്പം പ്രത്യേക ശാരീരിക മാറ്റങ്ങളും കണ്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം അമിതമായി കൂടുക, കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കാണുക, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം അവസ്ഥയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രദ്ധിക്കുക.


  • ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്നതു കാര്യമായി എടുക്കേണ്ടതുണ്ടോ?


ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പോ ആര്‍ത്തവദിവസങ്ങളിലോ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഇതു സ്തനാര്‍ബുദമോ മറ്റു രോഗങ്ങള്‍ മൂലമോ ആണെന്നു ഭയപ്പെടേണ്ടതില്ല. അസഹനീയമായ വേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാം.

  • ആര്‍ത്തവം ക്രമം തെറ്റുന്ന അവസ്ഥയില്‍ എപ്പോള്‍ ചികിത്സ തേടണം?


ആര്‍ത്തവമുണ്ടായി ആദ്യ രണ്ട് വര്‍ഷം ഇരുപത്തെട്ട് ദിവസം എന്ന കണക്കില്‍ ആര്‍ത്തവം വരണമെന്നില്ല. ചെറിയ വ്യത്യാസങ്ങളൊക്കെ സാധാരണമാണ്. 35 ദിവസം വരെ ഇടവേളയുണ്ടാകാം. എന്നാല്‍, ഇതില്‍ കൂടിയ ഇടവേളയുണ്ടായാല്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.

  • രക്തം പോകുന്നതു വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുമോ?


നല്ല ആരോഗ്യവും ആവശ്യത്തിനു ഹീമോഗോബിനുമുള്ള ഒരു കുട്ടിക്കു സാധാരണ നിലയിലുള്ള ആര്‍ത്തവം പ്രശ്നമൊന്നുമുണ്ടാക്കില്ല. അതേ സമയം അനീമിയയുള്ള കുട്ടികളില്‍ രക്തനഷ്ടം വിളര്‍ച്ച കൂട്ടുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് അനീമിയയുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും അനീമിയ ഉണ്ടാകും.

  • ആര്‍ത്തവകാലത്തു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?


വളരുന്ന പ്രായമായതുകൊണ്ട് ആദ്യ ആര്‍ത്തവമുണ്ടാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പേ തന്നെ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ പോഷകാഹാരം ആവശ്യമായി വരാം. കൂടുതല്‍ പ്രോട്ടീനും ഇരുമ്പും കിട്ടുന്നതിനായി പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ കൂടുതലായി നല്‍കാം. രക്തത്തില്‍ ഹീമോഗോബിന്റെ കുറവുള്ളവരും വിളര്‍ച്ചയുള്ളവരും ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. മാംസാഹാരം ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്.
ആര്‍ത്തവകാലത്തു ലഘുവും പോഷകഗുണമുള്ളതുമായ ആഹാരം വേണം മകള്‍ക്കു നല്‍കാന്‍. രക്തനഷ്ടം പരിഹരിക്കുന്നിനും ഊര്‍ജം ലഭിക്കുന്നതിനുമായി ബീറ്റ്റൂട്ട്, മുന്തിരി, കാരറ്റ്, മാതളനാരങ്ങ എന്നിവയുടെ നീര് കുടിക്കുന്നതു നല്ലതാണ്.

  • ആര്‍ത്തവം ഉണ്ടാകാത്തതിനുള്ള കാരണങ്ങള്‍?


പതിനാറ് വയസിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടായില്ലെങ്കില്‍ ശാരീരികമായ തകരാറുകളാകും കാരണം. രണ്ട് തരത്തിലുള്ള അവസ്ഥയുണ്ട്. ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ക്കു പന്ത്രണ്ട്- പതിമൂന്ന് വയസെത്തുമ്പോഴും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ ഉണ്ടാവില്ല. ഇവര്‍ 15-16 വയസെത്തുമ്പോഴും ആര്‍ത്തവമുണ്ടാവില്ല.

ചിലരില്‍ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുണ്ടാവും. ഇവര്‍ക്ക് എല്ലാ മാസവും വയറുവേദനയുണ്ടാകും. ഈ കുട്ടികളില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകുന്നുണ്ട്. എന്നാല്‍, പുറത്തേക്കു പോകാനാവാതെ ആര്‍ത്തവരക്തം കെട്ടിക്കിടക്കുന്നതാവും കാരണം. ക്രിപ്റ്റോമെനോറിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ മടിക്കരുത്. അള്‍ട്രാ സൌണ്ട് പരിശോധന വഴിയും ക്രിപ്റ്റോമെനോറിയ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപാത്രമുണ്ടാവില്ല. ഇവരില്‍ ഒരിക്കലും ആര്‍ത്തവമുണ്ടാകുകയില്ല. അണ്ഡാശയമുള്ളതുകൊണ്ടു ദാമ്പത്യ ജീവിതം നയിക്കാനാവും. എന്നാല്‍ ഗര്‍ഭപാത്രമില്ലാത്തതു കൊണ്ടു ഗര്‍ഭം ധരിക്കാന്‍ കഴിയില്ല.

  • ആര്‍ത്തവത്തിനു ശേഷം വണ്ണം കൂടുന്നത് ആരോഗ്യ തകരാറ് മൂലമാണോ?


ആര്‍ത്തവമുണ്ടായതിനു ശേഷം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തു വിശപ്പ് കൂടുതലായിരിക്കും. ബേക്കറി ഭക്ഷണ പദാര്‍ഥങ്ങളും ജങ്ക് ഫുഡും കൂടുതല്‍ കഴിക്കുന്നത് ഭാരം കൂട്ടാനിടയാക്കും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മധുരപദാര്‍ഥ ങ്ങള്‍ എന്നിവയ്ക്കു പകരം ഫൈബര്‍ അടങ്ങിയ സാലഡ്സ് പോലുള്ള ഭക്ഷണം അവര്‍ക്കു നല്‍കുക.


  • ആര്‍ത്തവം മാറ്റിവയ്ക്കുന്നതിനായി ഗുളിക കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാകുമോ?


അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറിയ കാലയളവിലേക്കു വേണ്ടി മാത്രമായി ആര്‍ത്തവം മാറ്റി വയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശാനു സരണം ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല.

  • ആര്‍ത്തവകാലത്തു ദേഷ്യം കൂടുതലായി കാണുന്നു?


ആര്‍ത്തവത്തിനു മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവ ദിവസങ്ങളിലും വിഷാദവും ദേഷ്യവും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യമില്ല. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളിലുള്ള വ്യതിയാനം മൂലമാണിത്.

  • അമ്മയില്ലാത്ത കുട്ടികളെ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞു മനസിലാക്കുക?


മകളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അച്ഛന്മാര്‍ക്കു മടിയുണ്ടാവുക സ്വഭാവികം. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെയാരെങ്കിലും ഈ ചുമതലയേല്‍പ്പി ക്കുക. എന്തും തുറന്നു പറയാനുള്ള അടുപ്പം ചെറുപ്പം മുതല്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്മാര്‍ ശ്രമിക്കണം.

  • ആര്‍ത്തവമുണ്ടായിക്കഴിഞ്ഞു മകള്‍ക്കു നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടോ?


ഇനി മുതല്‍ കളിക്കാനും പുറത്തു പോകാനുമൊന്നും പാടില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ശാരീരികമായ മാറ്റങ്ങള്‍ വന്നതുകൊണ്ടു നിയന്ത്രണമേര്‍പ്പെടുത്തുന്നതു കൌമാര ക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ സ്ത്രീയും കടന്നു പോകുന്ന ശാരീരികമായ ഒരു അവസ്ഥ മാത്രമാണിതെന്ന ബോധ്യമാണു കുട്ടികളില്‍ സൃഷ്ടിക്കേണ്ടത്.

ആര്‍ത്തവമായാല്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൊടുക്കുകയല്ല വേണ്ടത്. പകരം, അവര്‍ നേരിടേണ്ടി വരാവുന്ന ലൈംഗിക ചൂഷണങ്ങ ളെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇത്തരം പത്രവാര്‍ത്തകളും മറ്റും ചര്‍ച്ച ചെയ്യുക. ഇത്തരം ദുരവസ്ഥകളില്‍ അകപ്പെടാതിരിക്കാനവരെ ജാഗരൂകരാക്കുക.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

SUNBURN - സൂര്യാഘാതം:ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


സൂര്യാഘാതം:ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അത്യുഷ്ണമേഖലയില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സൂര്യാഘാതം (Sunburn) കേരളത്തില്‍ വേനല്‍ക്കാലമായാല്‍ നേരിടുന്ന പുതിയ പ്രതിഭാസമാണ്.കടുത്ത സൂര്യ കിരണങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന തൊഴിലിലേര്‍പ്പെടുന്നവര്‍ക്കാണ് ഇത് അധികവും കണ്ടുവരുന്നത്. ഉച്ചവെയിലിലും മറ്റും തൊഴിലെടുക്കുന്നവരാണ് ഇതിന്റെ ഇരകള്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ (ചെറിയ തോതില്‍) എല്ലാവര്‍ക്കും സൂര്യതാപം മൂലം തൊലിപൊള്ളുന്ന സ്ഥിതിയുണ്ടാകുന്നുണ്ട്.ചുരുക്കം പറഞ്ഞാല്‍ ബീച്ചിലോ ,ഉദ്യാനങ്ങളിലോ പോയി കുറെ നേരം വെയില്‍ കൊള്ളാന്‍ ഇടയാകുമ്പോള്‍ കരുവാളിക്കുന്നത് സൂര്യതാപമേല്‍ക്കുന്നതിനാലാണ്. ഇതൊന്നും മാരകമാകുന്നില്ല. എന്നാല്‍, ചിലപ്പോള്‍ സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുക വഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. ആഗോള കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി, കേരളീയ കാലാവസ്ഥയില്‍ വന്ന വ്യതിയാനം, വേനല്‍കാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

വളരെ അപൂര്‍വ്വമായിട്ടുമാത്രം മാരകമാകാവുന്ന സൂര്യതാപം മൂലമുള്ള തൊലിപൊള്ളല്‍ വേനലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ നല്‍കും. നിരന്തരം സൂര്യാഘാതത്തിന് വിധേയരാവുന്നവര്‍ക്ക് ത്വക്ക് അര്‍ബ്ബുദം (Skin Cancer) ഉണ്ടാകാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതുകൊണ്ട് തന്നെ കടുത്ത വെയിലേറ്റുണ്ടാകുന്ന തൊലിപൊള്ളലും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്.


സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ അടങ്ങിയ അള്‍ട്രാവൈലറ്റ് (Ultraviolet) വികിരണങ്ങള്‍ ഏല്‍ക്കാനിടവരുന്നവരുടെ തൊലി കരുവാളിക്കുകയോ, പൊള്ളുകയോ ചെയ്യുന്നു. കടുത്ത സൂര്യകിരണങ്ങള്‍ ഏറ്റ് അരമണിക്കൂറിനുള്ളില്‍ തന്നെ ഇത് ഉണ്ടാകുന്നു. മാര്‍ദ്ദവമേറിയ തൊലിയുള്ളവരില്‍ സൂര്യതാപം പെട്ടെന്ന് പൊള്ളിക്കും. എന്നാല്‍, ചെറിയ തോതിലുള്ള വെയില്‍കായല്‍ വിറ്റാമിന്‍ ‘ഡി’ ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളംവെയിലും സന്ധ്യക്കു മുമ്പുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴിവെക്കുകയില്ല.

സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂറിനുള്ളിലായിരിക്കും അറിയാനാകുക. പൊള്ളലേറ്റ ഭാഗത്ത് എരിച്ചിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെടുന്നു. 12 മുതല്‍ 24 മണിക്കൂറിനുള്ളില്‍ സൂര്യതാപമുള്ള പൊള്ളല്‍ ഉണ്ടാകാറുണ്ട്. ഇതിനകം ഉണ്ടായില്ലെങ്കില്‍ സൂര്യതാപമേറ്റിട്ടില്ലെന്ന് ഉറപ്പിക്കാം.കടുത്ത വെയില്‍ കൊള്ളുന്നവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂര്യതാപമേറ്റിട്ടുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ കാണാമെന്ന് പറഞ്ഞുവല്ലൊ. തൊലി ചുമന്നിരിക്കുന്നതൊടൊപ്പം വേദനയും അനുഭവപ്പെടുന്നു.



സൂര്യാഘാത ലക്ഷണങ്ങള്‍

സൂര്യതാപമേറ്റവരുടെ തൊലിക്ക് ചുവപ്പു നിറവും അല്‍പ്പം വേദനയും അനുഭവപ്പെടുന്നു. രണ്ടു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും ഇത് കാണുക. ഇത് മൂര്‍ദ്ദന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലാണ്.സൂര്യതാപമേറ്റ് സാരമായ പരുക്കുകള്‍ ഉണ്ടാകുക അപൂര്‍വ്വമാണ്. തൊലി പൊല്ലുകയും അടര്‍ന്ന് പോകുകയും സാധാരണയാണ്. സൂര്യതാപമേറ്റ് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു. കടുത്ത സൂര്യാഘാതമേറ്റവര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

സാരമായേല്‍ക്കുന്ന സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്‍കാതിരുന്നാല്‍ രക്തചക്രംമണം ഇല്ലാതാകുകയും അവയവങ്ങള്‍ക്കോ, ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുണ്ട്.പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നു. സൂര്യാഘാതമേറ്റതിന് നാലു മുതല്‍ ഏഴു ദിവസത്തിനകം തൊലി പൊളിഞ്ഞുപോകുന്നു. സൂര്യതാപം ഏല്‍ക്കുന്നവര്‍ക്ക് തൊലി എരിച്ചില്‍, നീറ്റല്‍ തുടങ്ങിയവയും കണ്ടു വരുന്നുണ്ട്.
സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുകന്ന് തടിച്ചുകാണുന്നെങ്കില്‍ ഇത് ‘സണ്‍ബേണ്‍’ ആകാനാണ് സാധ്യത.



ചികിത്സയും മുന്‍കരുതലുകളും

സൂര്യാഘാതം ഗുരുതരമാണെന്ന് തോന്നുന്നപക്ഷം ചികിത്സ തേടേണ്ടതുണ്ട്. ചികിത്സകനോട് മറ്റെന്തെങ്കിലും രോഗമുണ്ടെങ്കിലും ഇതിനുള്ള ചികിത്സകള്‍ ഉണ്ടെങ്കിലും പറയേണ്ടതുണ്ട്. നിസ്സാരമാണ് ആഘാതമെങ്കില്‍ പ്രാഥമിക ചികിത്സകള്‍ തന്ന് ബാക്കി വീട്ടില്‍ നടത്താന്‍ ഉപദേശിക്കാറാണ് പതിവ്. എന്നാല്‍, ഗുരുതരാവസ്ഥയിലാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നു.

ഗുരുതരമായ മറ്റേതെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ സൂര്യാഘാത ചികിത്സക്ക് തിരഞ്ഞെടുക്കുന്ന മരുന്നുകളും മറ്റും ഉപദ്രവകാരികളാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.


സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുന്നതാണ്; അതും ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം. സൂര്യന്‍ കുത്തനെ ശരീരത്തില്‍ കിരണങ്ങള്‍ ചൊരിയുന്ന അവസ്ഥയുണ്ടാകരുത്. നട്ടുച്ച സമയത്തും മറ്റും വളരെ ശ്രദ്ധവേണം പുറത്തിറങ്ങുമ്പോള്‍. കുട ചൂടി പോകുന്നത് നന്ന്.വേനലില്‍ ധാരാളം ജലപാനം സൂര്യാഘാതത്തെ ഒരു പരിധിവരെ തടയാന്‍ സഹായിയ്ക്കുന്നു. സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും വെയിലിലേക്ക് പോകരുത്; ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ.

കറ്റാര്‍
വാഴയില്‍ നിന്നുള്ള ചില ലായിനികള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണ് - ഇതിന്റെ ഉപയോഗം സൂര്യതാപം തടയാനായി സഹായിക്കുന്നുണ്ട്. അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക കുളിക്കുമ്പോഴോ, കുളികഴിഞ്ഞീട്ടോ എണ്ണയോ, ഉപ്പ് ചേര്‍ന്ന ലായിനികളോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, പെര്‍ഫ്യൂമുകളോ, ഇതിനുവേണ്ടിയുള്ള സ്പ്രേകളോ ഉപയോഗിക്കുന്നത് അപകടകരമാണ്. കുളിയ്ക്കുമ്പോള്‍, പരുക്കനായ വസ്തുക്കളെകൊണ്ട് ശരീരം തേക്കരുത് .തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യതാപമേറ്റ തൊലി പരുക്കനായ തോര്‍ത്തുമുണ്ടിനോടൊപ്പം ഉരിഞ്ഞുചേരാനുള്ള സാധ്യതകളുണ്ട്. ആവുന്നതും വിവിധയിനം ലായിനികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഡോക്ടര്‍ തൊലിയില്‍ പുരട്ടാനായി ലേപനമോ, ഓയില്‍മെന്റോ തരുന്നു. ധാരാളം വെള്ളം കുടിയ്ക്കാനും നിര്‍ദ്ദേശിക്കും. ആസ്പിരിന്‍ അല്ലെങ്കില്‍ സ്റിറോയിഡ് ഇല്ലാത്ത തൊലിപൊള്ളല്‍ നിവാരണ മരുന്നുകളാണ് ഡോക്ടര്‍ തരുന്നത്.
കടുത്തവെയിലില്‍ സഞ്ചാരം ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെയെങ്കിലും.

തൊപ്പി ധരിക്കുക; വെയിലില്‍ ഇറങ്ങുമ്പോള്‍. അതുപോലെ തന്നെ നീണ്ടകൈയ്യുള്ള ഷര്‍ട്ടുകള്‍ വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളെ സൂര്യാഘാതത്തില്‍ നിന്നും മോചിപ്പിക്കുന്നു.
അള്‍ട്രാവയലറ്റ് രശ്മികള്‍ തടുക്കാന്‍ പര്യാപ്തമായ കണ്ണടകള്‍ ധരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടതു.


സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതകളൂള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ പ്രത്യേകിച്ച് മദ്യപിക്കാതിരിക്കുക. സൂര്യതാപമേറ്റവര്‍ മദ്യപിച്ചാല്‍ ചികിത്സകള്‍ സങ്കീര്‍ണ്ണമായി മാറുന്നു. നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് അത്യുഷ്ണകാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നത് അധികവും.


കാലാവസ്ഥ മാറ്റത്തിന്റെ പ്രതിഫലനമെന്നോണം കേരളത്തിലും സൂര്യഘാതങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട് - വേനല്‍ കാലമായാല്‍. കടുത്ത വെയിലില്‍ പ്രത്യേകിച്ച് ഉച്ച സമയത്തെ കാല്‍നടയാത്ര ഒഴിവാക്കുകയാണ് നല്ലത്; പ്രത്യേകിച്ച് സത്രീകള്‍. അഥവാ നിര്‍ബന്ധമാണ് കാല്‍നട യാത്രയെങ്കില്‍ ഒരു കുട ഉപയോഗിക്കാന്‍ മറക്കരുത്.

കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

FOOD SAFETY - മായം - സര്‍വ്വത്ര മായം

മായം - സര്‍വ്വത്ര മായം

“മലപ്പുറത്ത് ഭക്ഷ്യവിഷബാധമൂലം മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. പ്രാതലിന് കഴിച്ച ഓട്ടടയിലും ദോശയിലും പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. അരിപ്പൊടിയില്‍ ഉണ്ടാക്കിയ ഓട്ടട, ജാമും നെയ്യും ചേര്‍ത്താണ് കുട്ടികള്‍ കഴിച്ചത്”. മലപ്പുറത്തുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. ലാഭേച്ഛ കരുതി ഉപഭോഗവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന പ്രവണത ഒരു ശാപമായി തന്നെ ഇന്ന് നിലനില്‍ക്കുന്നു. ഭക്ഷ്യവിഷബാധയേറ്റുളള മരണങ്ങള്‍ ഇതിന്റെ പ്രകടമായ സൂചനയാണ്. ഏറെ പ്രചാരണം ഇതിനെതിരെ ഉണ്ടായിട്ടും മായം ചേര്‍ക്കല്‍ തടയാനുളള ശ്രമം എത്രമാത്രം വിജയിച്ചുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.


അമിതലാഭേച്ഛ മായംചേര്‍ക്കലിലുളള പ്രേരകഘടകം

ആരോഗ്യത്തിന് ഹാനികരമായ അന്യപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കലരുന്നത് പലവിധ അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനും തന്നെ കാരണമായിത്തീരാം. നാം ഉപയോഗിക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മിലേറെപ്പേര്‍ക്കും അറിയില്ല. മായം ചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ വിറ്റ് ലാഭമുണ്ടാക്കാനുളള പ്രവണത ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്നു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും, അമിതലാഭേച്ഛയുമാണ് മായം ചേര്‍ക്കലിനുളള പ്രേരക ഘടകം. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യവിപത്ത് അതീവ ഗുരുതരവും.



നിശ്ചിത ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരം
ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനുവേണ്ടി മായംചേര്‍ക്കല്‍ നിരോധനനിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒരന്യവസ്തു കലര്‍ത്തിയിട്ടില്ലെങ്കില്‍ കൂടി നിശ്ചിത ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളും മായം ചേര്‍ത്തവയായി പരിഗണിക്കപ്പെടും. വെളളം ചേര്‍ത്ത പാല്‍ വില്‍ക്കുന്നതുപോലെ ക്രീം ചേര്‍ക്കാത്ത ഐസ്ക്രീം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. പൂത്ത ധാന്യങ്ങളും, പുഴുകുത്തിയ പയറും കടലയും, രോഗം ബാധിച്ച മൃഗത്തിന്റെ പാലും, ചത്ത മൃഗത്തിന്റെ ഇറച്ചിയും വില്‍ക്കുന്നത് കുറ്റകരമാണ്. തെറ്റിദ്ധാരണാ ജനകങ്ങളായ പേരുകളോ, സൂചനകളോ ഉത്പന്നത്തിന്റെ ലേബലില്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ സ്ക്വാഷ് നിറച്ച കുപ്പിയുടെ ലേബലില്‍ ഓറഞ്ചിന്റെ പടം കൊടുത്താല്‍ അത് ഓറഞ്ച് ജ്യൂസാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.


ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് എടുത്തിരിക്കണം

നിത്യോപയോഗ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരവധി കണ്ണികളുളള ഒരു വലിയ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യയില്‍ മായംചേര്‍ക്കല്‍ നിരോധനനിയമങ്ങള്‍ നടപ്പിലുണ്ടായിരുന്നു. ഇപ്രകാരം നിലനിന്നിരുന്ന നിയമങ്ങള്‍ ക്രോഡീകരിച്ചുണ്ടാക്കിയ മായംചേര്‍ക്കല്‍ നിരോധന നിയമം 1955 ജൂണ്‍ മാസം 1-ാം തീയതി മുതലാണ് ഇന്ത്യയൊട്ടാകെ നിലവില്‍ വന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരെല്ലാം അതിനായി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. വിറ്റ സാധനങ്ങള്‍ ഗുണമേന്മയുളളതാണെങ്കില്‍ കൂടി ലൈസന്‍സ് ഇല്ല എന്ന കാരണത്താല്‍ കച്ചവടക്കാരന്റെ പേരില്‍ കേസെടുക്കാവുന്നതാണ്.


ഭക്ഷ്യ ഉത്പന്നങ്ങളില്‍ കലര്‍ത്തുന്ന വിവിധ മായങ്ങള്‍

വിവിധ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനുവേണ്ടി കച്ചവടക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അതീവ രസകരവും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു മാണ്. കാപ്പിപ്പൊടിയില്‍ ഗോതമ്പ് വറുത്തുപൊടിച്ച് 30% മുതല്‍ 40% വരെ ചേര്‍ത്ത് കച്ചവടക്കാര്‍ വില്പന നടത്തുന്നു. നാട്ടില്‍ സുലഭമായി കിട്ടുന്ന പുളിങ്കുരുവിന്റെ തോടുപൊട്ടിച്ച് തേയിലപ്പൊടിയില്‍ ചേര്‍ക്കുന്നു. ഗോതമ്പിന്റെ തവിട്, ഉമി, പാഴ് വസ്തുക്കള്‍ ഇവയൊക്കെയാണ് മല്ലിപ്പൊടിയില്‍ ചേര്‍ക്കുന്നത്. ഇഷ്ടികപ്പൊടി, ഓടുപൊടി, ചുവന്ന ചോളത്തിന്റെ തൊലി ഇവ മുളകുപൊടിയില്‍ കലര്‍ത്തുന്നു. വനസ്പതിയും, മൃഗക്കൊഴുപ്പുകളും ചേര്‍ത്ത നെയ്യും വിപണിയില്‍ എത്താറുണ്ട്. ആറ്റുമണലിന്റെ കൂടെ വരുന്ന കടലയുടെ ആകൃതിയും നിറവുമുളള ചരല്‍ ശേഖരിച്ചാണ് കടലയില്‍ ചേര്‍ക്കുന്നത്. കടലപ്പരിപ്പ്, വടപ്പരിപ്പ്, തുവരപ്പരിപ്പ് ഇവയ്ക്കൊപ്പം വിലകുറഞ്ഞ കേസരിപ്പരിപ്പ് ചേര്‍ത്ത് വില്പനക്കെത്തിക്കുന്നത് സാധാരണമാണ്. കോടാലിയുടെ ആകൃതിയിലുളള കേസരിപ്പരിപ്പ് ശരീരത്തിന് ദൂഷ്യമുളളതാണ്. കേസരിപ്പരിപ്പിലടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥം പെരുമുട്ടുവാതം എന്ന അസുഖത്തിന് കാരണമായിത്തീരുന്നു.


മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു.

മധുരപലഹാരങ്ങളായ കേക്ക്, ബിസ്കറ്റ് ഇവയില്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങളായ ‘സാക്കറിന്‍’, ‘ഡള്‍സിന്‍’, ‘സോഡിയം സൈക്ളോമേറ്റ്’ ഇവ ചേര്‍ക്കുന്നു. ഒരുദിവസം സാക്കറിന്‍ എന്ന മധുരപദാര്‍ത്ഥം 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഡള്‍സിന്‍ ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥമാണ്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് “ഡള്‍സിന്‍” കാരണമാകുന്നു. സോഡിയം സൈക്ളോമേറ്റ് എന്ന വിഷവസ്തു മനുഷ്യകോശങ്ങളിലെ ക്രോമസോമുകള്‍ക്കാണ് തകരാറുണ്ടാക്കുന്നത്. അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്നമായി ഇത് മാറിയേക്കാം.


അജിനോമോട്ടോയും, ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയും അപകടകാരികള്‍

ഫാസ്റ്ഫുഡ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്” അഥവാ “അജിനോമോട്ടോ” എന്ന രാസപദാര്‍ത്ഥം ഭക്ഷണവസ്തുക്കളില്‍ രുചിദായകവസ്തുവായി ചേര്‍ക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിരോധിച്ചിട്ടുളള ഒരു വസ്തുവാണ് “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്”. ഒരിക്കല്‍ പാചകം ചെയ്ത എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുമ്പോള്‍, ആദ്യഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കരിഞ്ഞ് കാര്‍ബണായിത്തീരുകയും അത് എണ്ണയുമായി ചേര്‍ന്ന് വിഷവസ്തുക്കളുണ്ടാവുകയും ചെയ്യുന്നു. അതുകൂടാതെ അമിതമായ ചൂടില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴും, തുടരെത്തുടരെ ചൂടാക്കുമ്പോഴും എണ്ണയില്‍ നിന്നുതന്നെ മാരകമായ വിഷവസ്തുക്കള്‍ ഉത്പാദിക്കപ്പെടുന്നു.


ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം

ഭക്ഷ്യപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന പൂപ്പല്‍, ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പൂപ്പലുകളില്‍ മാരകമായ “അഫ്ളാടോക്സിന്‍” എന്ന വിഷവസ്തു ഉണ്ടായിരിക്കും. ഇതു കരള്‍രോഗത്തിനും കാന്‍സറിനും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കള്‍ കലരുന്നതുമൂലം വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സംസ്കരിക്കാത്ത പാല്‍, മത്സ്യം, മാംസം എന്നീ ആഹാരപദാര്‍ത്ഥങ്ങളില്‍ ഇത്തരത്തിലുളള രോഗാണുക്കള്‍ ഉണ്ടാകുന്നതിനുളള സാധ്യതയേറെയാണ്. കുപ്പിയിലടച്ചുവരുന്ന മിനറല്‍ വാട്ടറില്‍ അപകടകരമായ രാസമാലിന്യങ്ങളും അണുജീവികളും ഉണ്ടാകാം. ഉപഭോക്താവിന്റെ വൃക്കകളെ തകരാറിലാക്കുകയോ, അര്‍ബുദരോഗത്തിന് ഇടവരുത്തുകയോ ചെയ്യാവുന്ന മാലിന്യങ്ങള്‍ വെളളത്തില്‍ നിന്നും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ കര്‍ശന ഗുണനിയന്ത്രണപരിപാടികള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ.

നിരോധിച്ച ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കരുത്

നിര്‍മ്മാതാവ്, ഉത്പന്നത്തിന്റെ സ്വഭാവത്തിനോ ഗുണത്തിനോ ഹാനികരമാകത്തക്കവിധം ഏതെങ്കിലും ഇതരഘടകങ്ങള്‍ ചേര്‍ക്കുവാന്‍ പാടുളളതല്ല. വസ്തുവിന്റെ ഗുണമോ, ശുദ്ധിയോ നിശ്ചിത നിലവാരത്തിന് താഴെയുളളതാവാന്‍ പാടില്ല. ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിശ്ചിത പരിധിക്കുളളില്‍ ഇല്ലാതെ വന്നാല്‍ കുറ്റകരമാണ്. നിര്‍ദ്ദേശിക്കപ്പെട്ട വര്‍ണ്ണവസ്തു അല്ലാതെ നിറം കൊടുക്കാനുളള മറ്റേതെങ്കിലും വസ്തുക്കള്‍ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനുവേണ്ടി ആരോഗ്യവകുപ്പധികൃതര്‍ നിശ്ചിത കാലത്തേക്ക് വിപണനം നിരോധിച്ചിട്ടുളള ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.

മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പ്രത്യേകവിഭാഗം

കേരളത്തില്‍ മായംചേര്‍ക്കല്‍നിരോധനനിയമം നടപ്പാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറും, ടെക്നിക്കല്‍ അസിസ്റന്റും ലീഗല്‍ അസിസ്റന്റും മറ്റ് ഓഫീസ് ജീവനക്കാരും ഉള്‍പ്പെട്ട ഒരു പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് അനലറ്റിക്കല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍മാരാണ് മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ഫുഡ് ഇന്‍സ്പെക്ടര്‍മാരും ഉദ്ദേശം ഇരുപത് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുകയോ, വില്‍പന നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുക, ഭക്ഷ്യലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, സാധനങ്ങള്‍ പരിശോധനയ്ക്കെടുത്ത് ലബോറട്ടറികളിലേക്ക് അയയ്ക്കുക, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുക, കോടതികളില്‍ കേസ് നടത്തുക തുടങ്ങിയവ ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകളാണ്. ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ത്തു എന്ന കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കച്ചവടക്കാരന്‍ “പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്” അഥവാ പി.എഫ്.എ. ആക്ട് അനുസരിച്ച് ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മിനറല്‍ വാട്ടര്‍ സാമ്പിളുകളില്‍ മാലിന്യങ്ങളുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വില കൊടുത്താണ് പരിശോധിക്കുന്നതിനുവേണ്ടി ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നത് പ്രവര്‍ത്തനത്തെ പലപ്പോഴും ബാധിക്കുന്നു കേരള സര്‍ക്കാരിന്റെ ഫുഡ്അഡ്മിനിസ്ട്രേഷന്‍ വിഭാഗം നിരന്തരം ഉന്നയിക്കുന്ന പരാതിയാണിത്.
മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പൊതുജനപങ്കാളിത്തം വേണം.
ആഹാരസാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പൊതുജനപങ്കാളിത്തം അനുപേക്ഷണീയമാണ്. ഉത്പന്നത്തിന്റെ പുറത്ത് രേഖപ്പെടുത്തിയതിലും അധികം വില നല്‍കാതിരിക്കുക, കബളിപ്പിക്കപ്പെടുന്നത് നിസാരമായ തുകയ്ക്കാണെങ്കില്‍ കൂടി പരാതി നല്‍കുക, അളവുതൂക്ക ഉപകരണങ്ങളില്‍ തൂക്കപരിശോധന നടത്തിയ മുദ്ര പതിപ്പിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്തൃതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമാണ്. ഐ.എസ്.ഐ., എഫ്.പി.ഒ., അഗ്മാര്‍ക്ക് എന്നീ മുദ്രകളുളള സാധനങ്ങള്‍ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടിയിട്ടുളള ഉത്പന്നങ്ങളാണ്. സാധനം വാങ്ങുമ്പോള്‍ ഗുണനിലവാരമുദ്രയുളളവ വാങ്ങുന്നതിന് ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന ഐ.എസ്.ഐ. മുദ്രയുളള സാധനങ്ങള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ധാന്യങ്ങള്‍, മസാലപ്പൊടികള്‍, തേന്‍, നെയ്യ്, ഭക്ഷ്യഎണ്ണകള്‍ തുടങ്ങി 143 കാര്‍ഷിക വിഭവങ്ങള്‍ക്ക് നല്‍കുന്ന ഗുണമേ•യുടെ അടയാളമാണ് ‘അഗ്മാര്‍ക്ക്’. കേരളത്തില്‍ അഗ്മാര്‍ക്കിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരും, കേരളസര്‍ക്കാരും സംയുക്തമായാണ് നടപ്പിലാക്കുന്നത്.


മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കുക

മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത് വളരെ കുറഞ്ഞുവരുന്നു എന്ന പരാതി ഇവിടെ നിലനില്‍ക്കുകയാണ്. നിരവധി വര്‍ഷങ്ങളായി പരിശോധന നടന്നിട്ടില്ലാത്ത ഹോട്ടലുകളും ബേക്കറികളും സോഡാഫാക്ടറികളും ഐസ്ക്രീം പാര്‍ലറുകളും കേരളത്തിലുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത് ശുചിത്വത്തിന്റെ അഭാവമാണ് വെളിവാക്കുന്നത്. സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കുന്നതിലും, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിലും ഉളള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. മായം ചേര്‍ക്കുന്നതായി കാണുന്ന ഭക്ഷണശാലകളും കച്ചവടസ്ഥാപനങ്ങളും ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. തുടര്‍ച്ചയായി മായം ചേര്‍ക്കുന്ന വ്യപാരികളെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം. പരിശോധനയ്ക്കാവശ്യമായ ഫണ്ടും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ലാഭേച്ഛ നിറഞ്ഞ വ്യാപാരികളുടെ മനുഷ്യത്വരഹിതമായ ചൂഷണത്തിന് വിധേയരാകുന്നവരെന്ന നിലയ്ക്ക് മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കാനുളള ബാധ്യത ഓരോ പൌരനുമുണ്ട്. ഉപഭോക്തൃസംഘടനകള്‍, മഹിളാസംഘടനകള്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് മായം ചേര്‍ക്കലിനെതിരെയുളള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ക്രിയാത്മക സഹകരണം നല്‍കുവാന്‍ കഴിയും. പൊതുജനാരോഗ്യപ്രവര്‍ത്തനരംഗത്ത് അടിയന്തരശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ രാജ്യത്ത്, മായം ചേര്‍ക്കല്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
{[['']]}

LEPROSY - കുഷ്ഠം.

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം. രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് "ഹാൻസന്റെ രോഗം" എന്ന പേരിലും ഇതറിയപ്പെടുന്നു.

രോഗലക്ഷണങ്ങൾ

മുഖ്യമായും ശ്വാസനാളത്തിന്റെ മേൽഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന തിണൽരോഗമായ (Granulomatous disease) കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചർമ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാൽ ഈ രോഗം ക്രമേണ വഷളായി, ചർമ്മത്തിനും, നാഡികൾക്കും, അവയവങ്ങൾക്കും, കണ്ണ് ഉൾപ്പെടെയുള്ള ഇന്ദ്രിയങ്ങൾക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങൾ ഈ രോഗത്തിന്റെ മാത്രം ഫലമായി അടർന്നു പോകാറില്ല; എന്നാൽ ദ്വിതീയമായ അണുബാധയിൽ അവയവങ്ങൾക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുർബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളിൽ അവയവങ്ങൾ ക്ഷയിക്കുകയോ, വികൃതമാവുകയോ, തരുണാസ്ഥി ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.

ചരിത്രം

മനുഷ്യരാശി നാലായിരം വർഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം.ഇന്ത്യയിലേയും, ചൈനയിലേയും, ഈജിപ്തിലേയും പുരാതനസംസ്കാരങ്ങൾക്ക് ഈ രോഗം പരിചിതമായിരുന്നു. അക്കാലങ്ങളിൽ കുഷ്ഠബാധയിൽ ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്ക് ആളുകൾക്ക് സ്ഥിരമായ അംഗഭംഗം വന്നിട്ടുണ്ടാകാമെന്ന് 1995-ൽ ലോകാരോഗ്യസംഘടന കണക്കാക്കി. കഴിഞ്ഞ 20 വർഷത്തിനിടെ ലോകമൊട്ടാകെ 15 ലക്ഷം മനുഷ്യർ ഈ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു. ചികിത്സക്കു സൗകര്യമുള്ള സാഹചര്യങ്ങളിൽ, രോഗികളെ നിർബ്ബന്ധപൂർവം ഒറ്റപ്പെടുത്തുകയോ മാറ്റി താമസിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെ പല നാടുകളിലും കുഷ്ഠരോഗികളുടെ കോളനികൾ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിൽ തന്നെ ആയിരത്തോളം കോളനികൾ ഉള്ളതായി പറയപ്പെടുന്നു. ചൈന, റൊമേനിയ, ഈജിപ്ത്, നേപ്പാൾ, സൊമാലിയ, ലൈബീരിയ, വിയറ്റ്നാം, ജപ്പാൻ എന്നിവിടങ്ങളിലും കുഷ്ഠരോഗി കോളനികളുണ്ട്. ഏറെ സാംക്രമികസ്വഭാവമുള്ള രോഗമായി കുഷ്ഠം ഒരു കാലത്തു കരുതപ്പെട്ടിരുന്നു. 1530-ൽ തിരിച്ചറിയപ്പെട്ട സിഫിലിസിന്റെ കാര്യത്തിലെന്ന പോലെ രസം(മെർക്കുറി) ഉപയോഗിച്ചായിരുന്നു ഇതിന്റെയും ചികിത്സ. ചിലപ്പോഴെങ്കിലും കുഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നത് സിഫിലിസ് ആയിരുന്നിരിക്കാനും സാദ്ധ്യതയുണ്ട്.

ചികിത്സ

കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പുരാതനമായ 'മാനക്കേട്'പല സമൂഹങ്ങളിലും ഇപ്പോഴും നിലനിൽക്കുകയും രോഗത്തെ സംബന്ധിച്ച തുറവി ഇല്ലാതാക്കി ചികിത്സക്കു സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. 1930-കളിൽ ഡാപ്സോണും അതിൽ നിന്നു രൂപപ്പെടുത്തുന്ന മറ്റു മരുന്നുകളും ലഭ്യമായതോടെ കുഷ്ഠത്തിന്റെ ചികിത്സ സാദ്ധ്യമായി. എന്നാൽ ഡാപ്സോണിനെ ചെറുത്തു നിൽക്കാൻ കഴിവുള്ള അണുജനുസ്സ് പിൽക്കാലത്ത് ഉത്ഭവിക്കുകയും ആ മരുന്നിന്റെ അമിതോപയോഗം മൂലം വ്യാപകമാവുകയും ചെയ്തു. 1980-കളിൽ "വിവിധൗഷധചികിത്സ" (Multi Drug Therapy - MDT) നിലവിൽ വന്നതോടെയാണ് ഈ രോഗത്തിന്റെ തിരിച്ചറിവും ചികിത്സയും കൂടുതൽ ഫലപ്രദമായത്.


 ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 
{[['']]}

SPITTING IN PUBLIC PLACE - മലയാളി എവിടെയും തുപ്പും ..!

തരം കിട്ടിയാല്‍ ആധുനിക മലയാളി എവിടെയും തുപ്പും ..!
റോഡിലും , റോഡരികിലും നല്ല ശുഷ്കാന്തിയോടെ
തുപ്പുന്നവര്‍ ധാരാളമായുള്ള നാടാണ് കേരളം..
ചുമ്മാ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ത്തന്നെ നാലഞ്ച് തുപ്പ്
തുപ്പിയില്ലെങ്കില്‍ മനസമാധാനമില്ലാത്തവരുമുണ്ട്.
സിഗരറ്റും ബീഡിയും വലിക്കുന്നവരാണെങ്കില്‍ തുപ്പലിന്റെ എണ്ണം കൂടും..
റോഡില്‍ തുപ്പിയതുകൊണ്ട് എന്താണ്? എന്താകാനാണ് ,
എന്നായിരിക്കും പലരും ചിന്തിക്കുക..!
തുപ്പുന്നവര്‍ക്ക് അത് വളരെ നിസ്സാരം ..
എങ്കിലും നഗ്നപാദരായി സഞ്ചരിക്കേണ്ടിവരുന്നവരില്‍ മുതിന്നവരും കുഞ്ഞുങ്ങളുമുണ്ടാകും..
പൊതുസ്ഥലങ്ങളില്‍ അന്യായമായി തുപ്പുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ
മറ്റുള്ളവര്‍ക്കും നിന്റെയൊക്കെ ‘മാറാരോഗം’ കൊടുക്കണോ?




ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ 

{[['']]}

SUN SALUTATION - സൂര്യനമസ്കാരം

സൂര്യനമസ്കാരം

എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം. സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.



തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.

രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.

12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.

സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.


ചെയ്യേണ്ട രീതി (12 ചുവടുകള്‍)


  1. നിരപ്പായ പ്രതലത്തില്‍ ഒരു കട്ടിത്തുണിവിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക.
  2. ശ്വാസം ഉള്ളീലേക്കെടുത്തുകൊണ്ട് കൈകള്‍ രണ്ടും തലയ്ക്കു മുകളിലേക്കുയര്‍ത്തിപ്പിടിക്കുക.
  3. ശ്വാസം വിട്ടുകൊണ്ട് താഴേക്കു കുനിഞ്ഞ് കൈപ്പത്തി രണ്ടും നിലത്തു പതിച്ചു വയ്ക്കുക.
  4. ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ പിന്നോട്ടു വലിക്കുക.
  5. ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പിന്നോട്ടു വലിക്കുക
  6. ശ്വാസമെടുത്തുകൊണ്ട് ശരീരം നീണ്ടു നിവര്‍ന്ന് നിലത്തമര്‍ത്തുക.മെല്ലെ ശ്വാസം വിടുക. 
  7. ശ്വാസം വലിച്ച് തലയും, അരയ്ക്കു മുകളിലുള്ള ശരീരഭാഗങ്ങളൂം ഉയര്‍ത്തുക.
  8. ശ്വാസം വിട്ടുകൊണ്ട് ശരീരം കൈപ്പത്തികളിലും കാല്‍ വിരലുകളിലും നില്‍ക്കുന്നരീതിയില്‍ (in "V" shape) നില്‍ക്കുക.
  9. ശ്വാസമെടുത്ത് കൊണ്ട് വലതുകാല്‍ മുന്നോട്ടെടുക്കുക.
  10. ശ്വാസം വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം എത്തിക്കുക.(ചുവട് 3 ലേക്കു വരിക)
  11. ശ്വാസമെടുത്ത് നടു നിവര്‍ത്തി കൈ മടക്കാതേ ഉയര്‍ത്തി തല്യ്ക്കു മുകളില്‍ പിടിക്കുക. (ചുവട് 2)
  12. കൈ മടക്കി നെഞ്ചിനു മുന്നില്‍ പിടിച്ച് നിവര്‍ന്നു നില്‍ക്കുക; ഒപ്പം ശ്വാസം മെല്ലെ വിടുക.





സൂര്യനമസ്കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികൾക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണത്തിനെതിരെ പ്രതിരോധം ലഭിക്കുന്നു



തുടർച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്ക്കാരത്തിലൂടെ സദ്ധ്യമാകും എന്ന് വിദഗ്ധ മതം.


കൂടുതൽ വിവരങ്ങൾക്ക്
 Jayesh G S






{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger