Latest Post :
Home » , » മൂത്രാശയക്കല്ല്‌ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.

മൂത്രാശയക്കല്ല്‌ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.

{[['']]}
മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌.

വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌.


വൃക്കയുടെ ധര്‍മ്മം


വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ്‌ വൃക്കകള്‍ സ്‌ഥിതി ചെയ്യുന്നത്‌. രക്‌തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ്‌ ഇവയുടെ ധര്‍മ്മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്‌, ലവണങ്ങളുടെ അളവ്‌, ഹോര്‍മോണ്‍ ഉല്‌പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്‌. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത്‌ മൂത്രവാഹിനികളാണ്‌. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക്‌ കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ്‌ മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്‌.

കാത്സ്യം കല്ലുകള്‍


മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്‌. കാത്സ്യം ഫോസ്‌ഫേറ്റ്‌, കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുകളാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ശരീരത്ത്‌ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന്‌ കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സാധാരണയായി കാണപ്പെടുന്നത്‌. കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്‌. ഇങ്ങനെ വൃക്കയിലെത്തി അരിച്ചു മാറ്റുന്ന കാത്സ്യം കണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന്‌ വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന്‌ കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്‌ഫറസ്‌ കടന്നു പോകുക, പാരാതൈറോയിഡ്‌ ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

സ്‌ട്രുവൈറ്റ്‌ കല്ലുകള്‍


വൃക്കയില്‍നിന്ന്‌ വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക്‌ കാരണം മഗ്നീഷ്യം, അമോണിയ എന്നിവയാണ്‌. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ്‌ മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്‌. ഇവരില്‍ കല്ല്‌ നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

യൂറിക്‌ ആസിഡ്‌ കല്ലുകള്‍


മനുഷ്യശരീരത്തു കാണപ്പെടുന്ന കല്ലുകളില്‍ ആറ്‌ ശതമാനമാണ്‌് യൂറിക്‌ ആസിഡ്‌ കല്ലുകള്‍ക്കുള്ള സാധ്യത. രക്‌തത്തില്‍ അമിതമായി യൂറിക്‌ ആസിഡ്‌ ഉണ്ടാകുന്നതിന്റെ ഫലമായാണ്‌ ഇത്‌ ഉണ്ടാകുന്നത്‌. അനേകം കാരണങ്ങളാല്‍ യൂറിക്‌ ആസിഡ്‌ കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ്‌ ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്‌.

രക്‌തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക്‌ ആസിഡ്‌ വൃക്കകളില്‍വച്ച്‌ നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക്‌ ആസിഡ്‌ മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന്‌ വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച്‌ കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക്‌ ആസിഡ്‌ മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

സിസ്‌റ്റീന്‍ കല്ലുകള്‍


രണ്ട്‌ ശതമാനം സാധ്യത മാത്രമാണ്‌ സിസ്‌റ്റീന്‍ കല്ലുകള്‍ക്കുള്ളത്‌. നാഡികള്‍, പേശികള്‍ ഇവ നിര്‍മ്മിക്കാനുള്ള ഘടകങ്ങളിലൊന്നാണ്‌ സിസ്‌റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട്‌ സിസ്‌റ്റീന്‍ രക്‌തത്തില്‍ കലര്‍ന്ന്‌ വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച്‌ ഇത്‌ വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തുനിന്നു പുറത്തുപോകാതെ അവിടെ തങ്ങിനിന്ന്‌ കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക്‌ കാരണമാകാം.


കാരണങ്ങള്‍


ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ്‌ എന്നിവയൊക്കെ കല്ലുകള്‍ക്ക്‌ കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍ ഉണ്ടാകുന്ന മെറ്റബോളിക്‌ സ്‌റ്റോണ്‍ ഡിസീസ്‌ മൂലമാകാനാണ്‌ സാധ്യത.

പുരുഷന്മാരില്‍ കൂടുതല്‍


20 - 50 വയസിനിടയിലുള്ളവരെയാണ്‌ കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ചു കാണുന്നത്‌. സ്‌ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ല്‌ ഉണ്ടാകാറുണ്ട്‌. എന്നാല്‍ പുരുഷന്മാരില്‍ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്‌. ചില കല്ലുകള്‍ പാരമ്പര്യ സ്വഭാവമുള്ളവയാണ്‌.

കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക്‌ ആര്‍ക്കെങ്കിലും കല്ലുണ്ടെങ്കില്‍ അടുത്ത തലമുറയിലും അത്‌ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്‌. ചൂടു കൂടുതലുള്ളതും വരണ്ടതുമായ സ്‌ഥലങ്ങളില്‍ താമസിക്കുന്നവരില്‍ വൃക്കയിലെ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. പൊണ്ണത്തടിയും യൂറിക്‌ ആസിഡ്‌ കല്ലുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു.

ലക്ഷണം പലവിധം


കല്ലിന്റെ വലിപ്പം, സ്‌ഥാനം, അനക്കം എന്നിവയനുസരിച്ച്‌ ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ്‌ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.

ആദ്യ ലക്ഷണം വയറുവേദന


വയറുവേദനയാണ്‌ വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല്‌ വൃക്കയില്‍നിന്ന്‌ ഇറങ്ങി വരുമ്പോഴാണ്‌ വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്‌. തുടര്‍ന്ന്‌ അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട്‌ രോഗി പിടയാം. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനേക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമേ കല്ലുകള്‍ക്ക്‌ ഉള്ളൂവെങ്കില്‍ ഒഴുകി മൂത്ര സഞ്ചിയിലെത്തും. എന്നാല്‍ കല്ലിന്‌ വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ്‌ വേദനയുണ്ടാക്കാം. ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക്‌ തടസപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത്‌ വളരെ ഗുരുതരമായ അവസ്‌ഥയാണ്‌. അപൂര്‍വ്വമായി മാത്രമേ ഇത്‌ കണ്ടുവരുന്നുള്ളൂ.

വൃക്കയില്‍നിന്ന്‌ കല്ല്‌ മൂത്രസഞ്ചിയിലെത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്‌്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത്‌ പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത്‌ പുറത്തു പോകുന്നതാണ്‌. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്‌ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്‌.

മൂത്രത്തിന്റെ രക്‌തമയം


കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്‌തം മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്‌തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.


മൂത്രതടസം


രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത്‌ മൂത്രവാഹിനിയെ പൂര്‍ണമായും തടസപ്പെടുത്താം. ഇത്‌ മൂത്രതടസത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു.

വൃക്കപരാജയം


മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന്‌ കാരണമാകാം. 80- 85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്‌. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ്‌ പുറത്തു പോകുന്നത്‌. എന്നാല്‍ 20-25 ശതമാനം കല്ലുകള്‍ക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമായി വരുന്നു.

രോഗനിര്‍ണയം


കല്ലിന്റെ സ്‌ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നുവരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്‌തമായ വിവരം ലഭ്യമാകും.

എന്നാല്‍ ഈ പരിശോധനയ്‌ക്ക് ചെലവു കൂടുതലായതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ചെയ്യാറുള്ളൂ. എക്‌സ്റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സറേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന്‌ മനസിലാക്കാന്‍ കഴിയുന്നതാണ്‌. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.

ചികിത്സ


എല്ലാ കല്ലുകളും ശസ്‌ത്രക്രിയ ചെയ്‌തു നീക്കേണ്ട. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകുകയില്ല. അത്‌ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. കല്ല്‌ പൊടിച്ചു കളയാനുള്ള എക്‌ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട്‌ വേവ്‌ ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച്‌ കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു. ഏതുതരം മൂത്രക്കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്‌. ചിലത്‌ മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്‌്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ്‌ ഏറ്റവും പ്രധാനം.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---Suraj S Hari
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger