Latest Post :
Home » , » BREAST CANCER MALAYALAM ARTICLE

BREAST CANCER MALAYALAM ARTICLE

{[['']]}
"സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക"

നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അടുത്തകാലത്തായി ഒരു പകര്‍ച്ചവ്യാധി പോലെ ഈ രോഗം പടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും ലക്ഷം സ്ത്രീകളില്‍ 90 പേര്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നതെങ്കിലും മുപ്പത് വയസ്സ് കഴിയുന്നതോടെ തന്നെ പലരെയും ഇപ്പോള്‍ ഈ അസുഖം പിടികൂടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തിന്റെ തോത് നമ്മുടെ നാട്ടിലും ഭീതിദമായി കൂടിവരികയാണ്.





സ്തനാര്‍ബുദം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മെയ്യനങ്ങാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടയാക്കുന്നു. ഇതായിരിക്കാം അടുത്ത കാലത്തായി സ്തനാര്‍ബുദം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കില്‍ മകള്‍ക്കും ചേച്ചിക്കുണ്ടെങ്കില്‍ അനിയത്തിക്കും തിരിച്ചും ഒക്കെ സ്തനാര്‍ബുദം പിടിപെടാറുണ്ട്.

ആരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തികച്ചും ലളിതമായ ചികിത്സകള്‍ കൊണ്ട് സ്തനാര്‍ബുദം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയും. സ്തനങ്ങളില്‍ ചെറിയ മുഴകളായാണ് അര്‍ബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളില്‍ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ഒരു സര്‍ജനെ കണ്ട് ചികിത്സ തേടണം. മുലക്കണ്ണില്‍ നിന്നുള്ള നീരൊലിപ്പും അപകടകാരിയാണ്.

മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്താനാവും. മുഴകളായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ അര്‍ബുദം തിരിച്ചറിയാനാവും എന്നതാണ് ഈ പരിശോധനയുടെ ഗുണം. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഈ പരിശോധന ചെയ്യുന്നത് നല്ലതാണ്.

സ്തനാര്‍ബുദത്തിന് ചികിത്സ തേടാന്‍ പല സ്ത്രീകളും മടിക്കുന്നതിനു പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യേണ്ടി വരില്ല. മുഴ മാത്രം എടുത്തു കളഞ്ഞാല്‍ മതിയാവും. തുടര്‍ന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളില്‍ അസുഖം വരാതിരിക്കാന്‍ ഏകദേശം നാലാഴ്ചയോളം റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. സ്തനം പൂര്‍ണമായും നീക്കംചെയ്യേണ്ടി വരില്ല എന്ന അറിവ് സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു മാറ്റാനും സഹായകമാവും.

വളരെ ചെറിയ മുഴയാണെങ്കില്‍ പോലും സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാറുണ്ട്. ഇത് രോഗം വഷളാവാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പലപ്പോഴും കീമോ തെറാപ്പി ചികിത്സ വേണ്ടി വരിക. കീമോ തെറാപ്പിയിലൂടെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാന്‍ കഴിയും.

രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ കീമോ തെറാപ്പിയും ലളിതമായ തോതില്‍ മതിയാവും. ചികിത്സയുടെ ചെലവും കുറയും. മാത്രമല്ല, തുടക്കത്തിലുള്ള സ്തനാര്‍ബുദത്തിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കീമോ തെറാപ്പി മതിയാവും. അതേസമയം അസുഖം കണ്ടുപിടിക്കാന്‍ താമസിച്ചാല്‍ വളരെ ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ കൂടിയതുമായ ചികിത്സ വേണ്ടിവരും.

ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. സ്തനാര്‍ബുദം എന്ന അസുഖത്തെ പേടിക്കുകയല്ല മറിച്ച് നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ കൊണ്ട് രോഗത്തെ പൂര്‍ണമായും കീഴടക്കാന്‍ കഴിയും.

യൗവനം കഴിയുന്നതോടെ സ്ത്രീകള്‍ സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. വസ്ത്രധാരണ സമയത്തും കുളിക്കുമ്പോഴുമൊക്കെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച് സ്തനങ്ങള്‍ പരിശോധിക്കുക. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം ചികിത്സ തേടുക.

ഒരു കാര്യം ഓര്‍മിക്കുക: രോഗികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്തനാര്‍ബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമായി മാറിക്കഴിഞ്ഞു. അതിനാല്‍ സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല.


ഈ പോസ്റ്റ്  ഷെയർ ചെയ്തത് 
ആരോഗ്യവാർത്തകൾ
 
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger