{[['
']]}
മലയാളികള്‍ എന്തുകൊണ്ടിങ്ങനെ രോഗികളാകുന്നു?
അമ്പതു കഴിഞ്ഞ 10 മലയാളികളെ പരിശോധിച്ചു നോക്കൂ! അവരില്‍ പകുതിയിലേറെ പേര്‍ക്കും കുടവയര്‍ കാണും, അഞ്ചുപേര്‍ക്കെങ്കിലും ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടായിരിക്കും. എന്തു കൊണ്ടാണ് ഇത്രയധികം മലയാളികള്‍ രോഗികളായിരിക്കുന്നത്? മലയാളിയുടെ ജീവിതചര്യ തന്നെയാണ് അവരുടെ ആരോഗ്യത്തെ വഷളാക്കുന്നത്.അമ്പതു കഴിഞ്ഞവരില്‍ മിക്കവരും ജീവിക്കുന്നത് മരുന്നിന്റെ പിന്‍ബലത്തിലാണ്. മരുന്നൊഴിവാക്കിയാല്‍ ഇവരില്‍ മിക്കവരും പിറ്റേന്നു തന്നെ കിടപ്പിലാകുമെന്ന കാര്യം തീര്‍ച്ചയാണ്. മരുന്നു കമ്പനികളെ ഇത്രയധികം ആശ്രയിക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ആരോഗ്യം നിലനിര്‍ത്തണമെന്ന് മിക്ക മലയാളികളും ആഗ്രഹിക്കാറുണ്ടെങ്കിലും അതിനു വേണ്ടി അല്‍പ്പം പോലും കഷ്ടപ്പെടാന്‍ തയ്യാറാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വ്യായാമം കൂടാതെ ആരോഗ്യം ലഭിക്കില്ലെന്ന കാര്യം അറിയാമെങ്കിലും സൂത്രത്തില്‍ അത് ലഭിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം.
അലസമായി ജോലി ചെയ്യാനും കൂടുതല്‍ സമയം വിശ്രമിക്കാനുമാണ് മലയാളിക്ക് പൊതുവെ താല്‍പര്യം. ഓഫീസ് ജോലിക്കാരാവട്ടെ ഒരു ദിവസം കൂടി എങ്ങനെ കൂടുതല്‍ അവധി സംഘടിപ്പിക്കാമെന്നചിന്തയിലാണ് രാവിലെ ഉണരുന്നതു തന്നെ. ജോലി ചെയ്യുന്നതിനിടയിലാവട്ടെ കൂടുതല്‍ സമയവും വാചകമടിക്കുന്നതിലും ചായ കുടിക്കുന്നതിലുമാണ് മിക്കവരും ആഹ്ലാദം കണ്ടെത്തുന്നത്. സത്യം പറഞ്ഞാല്‍ അലസമായ ജീവിതം തന്നെയാണ് മലയാളിയുടെ ആയുസ്സു കുറയ്ക്കുന്നത്.
ജോലിസ്ഥലത്തെ പാരയും കുടുംബ ജീവിതത്തിലെ സംഘര്‍ഷവും ശാരീരികാരോഗ്യത്തോടൊപ്പം മാനസ്സികാരോഗ്യത്തെയും വഷളാക്കുന്നു. ജീവിതത്തില്‍ ദിവസവും അല്‍പ്പസമയം നീക്കിവച്ചാല്‍ ആര്‍ക്കും ആരോഗ്യമുള്ള ജീവിതത്തിന് ഉടമയായിത്തീരാമെന്നതാണ് യാഥാര്‍ത്ഥ്യം. വ്യായാമവും ക്രമമായ ആഹാരരീതിയുമെല്ലാം ആരോഗ്യം സംരക്ഷിക്കുന്ന ഘടകങ്ങളാണ്.
ആരോഗ്യ സംരക്ഷണത്തിനുപകരിക്കുന്ന ചില വഴികളാണ് ഇവിടെ പ്രതിപാദിക്കുന്നത്:
നടത്തം: രാവിലെ എഴുന്നേറ്റാല്‍ ഉടനെ നടത്തത്തിന് കുറച്ചു സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ ഏതു പ്രായക്കാരെയും നടത്തം സഹായിക്കും. എത്ര വേഗത്തില്‍ നടക്കണമെന്നും എത്ര ദൂരം നടക്കണമെന്നുമുള്ള കാര്യം ഓരോരുത്തരും തങ്ങളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് നിശ്ചയിക്കണം. വൈകുന്നേരത്തെ നടത്തത്തേക്കാള്‍ പ്രഭാതത്തിലുള്ള നടത്തമാണ് ഫലപ്രദം.
യോഗ: മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് യോഗാപരിശീലനം. ഗുരുവില്‍ നിന്നു തന്നെ വേണം യോഗ അഭ്യസിക്കാന്‍. തെറ്റായ രീതിയില്‍ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ധാരാളം ശുദ്ധവായു ലഭിക്കുന്ന തുറസായ സ്ഥലമാണ് യോഗാപരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്.
അനേകം രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് യോഗ. പലരും യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യമ, നിയമ, ആസന, പ്രാണയാമ, ഭൃത്യാഹാര, ധ്യാന, സമാധി എന്നീ എട്ടു തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ ചെയ്യുത്. ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം മാനസിക സംഘര്‍ഷങ്ങളും യോഗ ഇല്ലായ്മ ചെയ്യുന്നു. പലതരം ആസന മുറകളിലൂടെ വിവിധ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും യോഗയ്ക്കു കഴിയും. കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും.
വ്യയാമം : പല തരത്തിലുള്ള വ്യയാമ മുറകളും ആരോഗ്യ സംരക്ഷണത്തിന് അനുയോജ്യമാണ്. ഇക്കാലത്ത് എവിടെയും ധാരാളം ഫിറ്റ്‌നസ് സെന്ററുകളുണ്ട്. ഇവിടെ വ്യയാമത്തിനുള്ള ധാരാളം ഉപകരണങ്ങളും ലഭ്യമാണ്. ഉപകരണങ്ങളില്ലാതെ തന്നെ വീട്ടില്‍ വച്ചു ചെയ്യാവുന്ന ധാരാളം വ്യയാമങ്ങളുണ്ട്. എന്നാല്‍ യാതൊരു പരിശീലനവുമില്ലാതെ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള വ്യായാമം ഉചിതമല്ല. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ വച്ച് ചെയ്യുന്നതില്‍ തെറ്റില്ല.
നല്ല മാനസികാരോഗ്യം ഉണ്ടായിരുന്നാല്‍ മാത്രമേ ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ കഴിയൂ. ഇപ്പോഴത്തെ കുടുംബാന്തരീക്ഷത്തില്‍ പലര്‍ക്കും അന്യോന്യം സംസാരിക്കാന്‍ പോലും സമയം കിട്ടുന്നില്ലെതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദുഃഖങ്ങള്‍ കേള്‍ക്കാനും അവരെ ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പരസ്പരം തയ്യാറാകണം. ശുദ്ധമായ മനസ്സും ശരീരവും കാത്തുസൂക്ഷിക്കാനായാല്‍ത്തന്നെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും.

ആരോഗ്യ വാർത്തകൾ
Post a Comment