Latest Post :
Home » , , » ഭക്ഷണം

ഭക്ഷണം

{[['']]}
• ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി അമ്മമാര്‍ ആരോഗ്യപ്രദമായ ആഹാരം തെരഞ്ഞെടുത്തു കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമീകൃതവും വിവിധതരം പച്ചക്കറികളും പഴങ്ങളും അടങ്ങിയതുമായ ആഹാരം ശീലമാക്കുന്നത് ഗര്‍ഭിണിക്കും കുഞ്ഞിനും വേണ്ട പോഷണം ഉറപ്പുവരുത്തുന്നു. ഗര്‍ഭിണികള്‍ ആഹാരം അഞ്ചു പ്രാവശ്യമായി കഴിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കുന്നതോടൊപ്പംതന്നെ വൈകുന്നേരവും മിഡ് മോണിങ്ങിലും പഴങ്ങള്‍, നട്സ്, സലാഡ്, പഴം, ജ്യൂസ്, ഫ്രൂട്ട് ജ്യൂസ്, ലസി പോലുള്ള എന്തെങ്കിലും ലഘുഭക്ഷണംകൂടി കഴിക്കുന്നത് ശീലമാക്കുന്നത് പോഷകങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കും.


ഗര്‍ഭിണികള്‍ക്കായി തെരഞ്ഞെടുക്കുന്ന ആഹാരത്തില്‍ വിറ്റാമിന്‍, മിനറല്‍സ്, പ്രോട്ടീന്‍, അന്നജം, നല്ല കൊഴുപ്പുകള്‍ എന്നിവയുടെ അളവ് സാധാരണ ആളുകളുടെ ഭക്ഷണത്തെ അപേക്ഷിച്ച് കൂടുതലാകണം. തവിടുനീക്കാത്ത അരി, ഗോതമ്പ്, റാഗി, ഓട്സ് എന്നിവ അന്നജം ധാരാളം അടങ്ങിയ ആഹാരപദാര്‍ഥങ്ങളാണ്. അന്നജത്തോടൊപ്പംതന്നെ നാരുകളും ഇവയില്‍ ധാരാളമുണ്ട്. നാരുകളുടെ സാന്നിധ്യം ഇവയിലുള്ള അന്നജം രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ പെട്ടെന്ന് വ്യതിയാനം വരുത്തുന്നതു തടയുന്നു. അതിനാല്‍ തവിടുനീക്കാത്ത ധാന്യങ്ങളും അവയുടെ ഉല്‍പ്പന്നങ്ങളും ഗര്‍ഭിണികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഗര്‍ഭിണികളില്‍ ദൈനംദിനം വളരെയധികം ശാരീരിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധാരാളം പുതിയ കോശങ്ങള്‍ രൂപപ്പെടുന്നു. കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും രൂപീകരണവും ശീഘ്രഗതിയില്‍ നടക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ മീന്‍, കോഴിഇറച്ചി, മാംസാഹാരം, പാലും പാലുല്‍പ്പന്നങ്ങളും, കടല, പരിപ്പ്, പയര്‍, നട്സ്, മുട്ട, കൂണ്‍, കടല്‍വിഭവങ്ങള്‍, സോയാബീന്‍ എന്നീ ആഹാരസാധനങ്ങള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എങ്കില്‍ മാത്രമേ അമ്മയുടെയും കുഞ്ഞിന്റെയും വിവിധ ശാരീരിക പ്രക്രിയകളും വളര്‍ച്ചയും ശരിയായ രീതിയില്‍ നടക്കുകയുള്ളു.

ഇലക്കറികള്‍, റാഗി, അവല്‍, പൊരി, കടല, വന്‍പയര്‍, മുതിര, ഗ്രീന്‍പീസ്, സോയാബീന്‍, ഉള്ളിത്തണ്ട്, പച്ചക്കായ, പാവയ്ക്ക, ബീന്‍സ്, കാഷ്യുനട്ട്, ബദാം, കപ്പലണ്ടി, നെല്ലിക്ക, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരയ്ക്ക, തണ്ണിമത്തന്‍, പാഷന്‍ഫ്രൂട്ട്, പൈനാപ്പിള്‍, ബീഫ്, ആട്ടിറച്ചി എന്നിവയിലെല്ലാം ഇരുമ്പുസത്ത് കൂടുതലായി അടങ്ങിയിരിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ ഇരുമ്പുസത്ത് കൂടുതലടങ്ങിയ ആഹാരം കഴിക്കണം. അതിനാല്‍ ഇരുമ്പുസത്ത് അടങ്ങിയ മൂന്നോ നാലോ ആഹാരസാധനങ്ങളെങ്കിലും പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍, പ്രത്യേകിച്ച് ഓറഞ്ച്, പേരയ്ക്ക, പപ്പായ എന്നിവയിലും, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, നാരങ്ങാവെള്ളം, സലാഡുകള്‍ എന്നിവയിലെല്ലാം വിറ്റാമിന്‍ സി ധാരാളമുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുന്നത് മറ്റ് ഭക്ഷ്യവസ്തുക്കളിലുള്ള ഇരുമ്പുസത്തിനെ ആഗിരണംചെയ്യാന്‍ സഹായിക്കും. ഗര്‍ഭിണികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പ്രധാന ജീവകമാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ ശരീരത്തിന്റെയും തലച്ചോറിന്റെയും ശരിയായ വളര്‍ച്ചയ്ക്കും രൂപീകരണത്തിനും അത്യാവശ്യമായ പോഷകമാണ്. ബീന്‍സ്, ഇലക്കറികള്‍, കോളിഫ്ളവര്‍, മുസംബി, കോഴിമുട്ട, തക്കാളി, കപ്പലണ്ടി, വഴുതനങ്ങ, കുക്കുമ്പര്‍, കോവയ്ക്ക, വെണ്ടയ്ക്ക, പച്ചക്കായ, പടവലങ്ങ, പുതിനയില, ചീര, ചേമ്പ്, കാരറ്റ്, ചേന, കാബേജ്, പരിപ്പ്, സോയാബീന്‍, കടല, ചെറുപയര്‍ ഇവയെല്ലാം ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളാണ്.

മലബന്ധം മിക്കവാറും എല്ലാ ഗര്‍ഭിണികളെയും അലട്ടുന്ന പ്രശ്നമാണ്. അതിനാല്‍ പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, നട്സ് ഉണങ്ങിയ പഴങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. ദിവസേന രണ്ടു ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, റാഗി, ചെറിയ മീനുകള്‍ എന്നീ ആഹാരസാധനങ്ങളും പതിവായി കഴിക്കുന്നത് കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും ശരിയായ രൂപീകരണത്തെ സഹായിക്കും. ഇളംവെയില്‍ ദിവസവും അഞ്ചു മിനിറ്റ് കൊള്ളുന്നത് ശരീരത്തില്‍ കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തും. അയഡിന്‍ അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡൈസ്ഡ് ഉപ്പ് എന്നിവയും ഗര്‍ഭിണികള്‍ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടിയുടെ ശരിയായ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

(ബുള്‍ബിന്‍ ജോസ്- കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ന്യൂട്രീഷ്യനിസ്റ്റാണ് ലേഖിക)
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger